വിശുദ്ധ അൽഫോൻസ വാരാചരണത്തിന് വിപുലമായ പരിപാടികളോടെ സമാപനം
സഹന പുത്രി വിശുദ്ധ അൽഫോൻസാമ്മയുടെ തിരുനാളിനോടനുബന്ധിച്ച് കോടഞ്ചേരി സെൻറ് ജോസഫ്സ് ഹൈസ്കൂളിൽ ഒരാഴ്ചയായി നടന്നുവന്ന വിവിധ പരിപാടികളും മത്സരങ്ങളും സമാപിച്ചു. സ്കൂൾ മാനേജർ റവ. ഫാ. കുര്യാക്കോസ് ഐക്കൊളമ്പിൽ അധ്യക്ഷനായിരുന്ന ചടങ്ങിൽ അനൂപ് ജോസ് സ്വാഗതം ആശംസിച്ചു. അൽഫോൻസാമ്മയുടെ ജീവിത ദർശനങ്ങൾ പുതുതലമുറയിലേക്ക് പകരാൻ പ്രചോദനാത്മകമായ ക്ലാസ് എഫ്.സി. സി. സഭാംഗവും റിട്ടയേർഡ് ഹയർ സെക്കൻഡറി സ്കൂൾ അധ്യാപികയുമായ സിസ്റ്റർ ലിസ ജോസ് നയിച്ചു. ജീവിതത്തിൽ നേരിട്ട സഹനങ്ങളെ നിത്യ രക്ഷയ്ക്ക് യോഗ്യമാക്കി മാറ്റിയ അൽഫോൻസാമ്മ ഇന്നത്തെ തലമുറയ്ക്ക് വലിയൊരു വഴികാട്ടിയാണെന്ന് സിസ്റ്റർ ഓർമിപ്പിച്ചു.അൽഫോൻസാ ഗാനം, ചിത്രരചന, പ്രസംഗം, അൽഫോൻസാ സൂക്ത അവതരണം തുടങ്ങിയ മത്സരങ്ങൾ നടത്തപ്പെട്ടു. മത്സരങ്ങളിൽ വിജയിച്ച കുട്ടികൾക്ക് സമ്മാനം വിതരണം ചെയ്തു.
പ്രധാന അധ്യാപകൻ ബിനു ജോസ്, വിദ്യാർത്ഥി പ്രതിനിധി സോനാ തെരേസ സാജു എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. സിസ്റ്റർ സാലി പരിപാടിക്ക് നന്ദി അർപ്പിച്ചു. അധ്യാപകരായ സിസ്റ്റർ സ്മിത, സിസ്റ്റർ അമ്പിളി, അനില അഗസ്റ്റിൻ, ബർണാഡ് ജോസ് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.