ഓളപ്പരപ്പിൽ ഓളവുമായി കുഞ്ഞു റയാൻ
കോടഞ്ചേരി:ചാലിപ്പുഴയിലെ ഓളങ്ങളിൽ തുഴയെറിഞ്ഞ് വിസ്‌മയിപ്പിച്ച് ഒമ്പതുവയസ്സുകാരൻ. അഞ്ച് മീറ്റർ ഉയരമുള്ള റാമ്പിൽനിന്ന് കുത്തിയൊഴുകുന്ന ചാലിപ്പുഴയിലേക്ക് കയാക്കുമായി ഡൈവ് ചെയ്ത് തുഴയെറിഞ്ഞ എറണാകുളം സ്വദേശി റയാൻ ആണ് മലബാർ റിവർ ഫെസ്റ്റിവലിൽ താരമായത്. അന്താരാഷ്ട്ര കയാക്കിങ് ചാമ്പ്യൻഷിപ്പിൽ റിവർ ക്രോസ് അമച്വർ മത്സരത്തിലാണ് നാ ലാം ക്ലാസുകാരൻ ‘കുട്ടി കയാക്കർ മുതിർന്നവർക്കൊപ്പംഓളപ്പരപ്പിൽ കുതിച്ചത്. ആദ്യമായാണ് റയാൻ വൈറ്റ് വാട്ടർ കയാക്കിങ്ങിൽഒരുകൈ നോക്കുന്നത്. നേരത്തെ, ഫ്ലാറ്റ് വാട്ടർ കയാക്കിങ് നടത്തിയിട്ടുണ്ട്. മൂന്ന് മാസംമുമ്പ് മാത്രമാണ് വൈറ്റ് വാട്ടർ കയാക്കിങ്ങിൽ പരിശീലനം തുടങ്ങിയത്.
അറക്കപറമ്പിൽ ജോർജ് ഫിലിക്സ്- പ്രിയ ദമ്പതികളുടെ മകനായ റയാൻ എറണാകുളം കിഴക്കമ്പലം താമരച്ചാൽ സെൻ്റ് മേരീസ് പബ്ലിക് സ്കൂൾ നാലാം ക്ലാസ് വിദ്യാർഥിയാണ്. ഇനിയും വലിയ മത്സരങ്ങളിൽ പങ്കെടുക്കാനുള്ള ആവേശത്തിലാണ് റയാൻ. ഇന്ന് നടന്ന സമാപന സമ്മേളനത്തിൽ പട്ടികജാതി പട്ടികവർഗ്ഗ വകുപ്പ് മന്ത്രി ഒ ആർ കേളു റയാനെ ആദരിച്ചപ്പോൾ.