വയനാടിന് കരുതല്‍; ഉരുള്‍പൊട്ടല്‍ മേഖലയില്‍ പ്രത്യേക ശ്രദ്ധ നൽകി മൊബൈൽ കമ്പനികൾ

ചൂരല്‍മലയിലും മേപ്പാടിയിലും മണിക്കൂറുകള്‍ക്കകം 4ജി എത്തി; രക്ഷാപ്രവര്‍ത്തനത്തിന് വേഗം പകര്‍ന്ന് ബിഎസ്എന്‍എല്‍

ഉരുള്‍പൊട്ടലുണ്ടായ വിവരമറിഞ്ഞ ഉടനെ ഇടപെട്ട് മാതൃകാപരമായ നടപടികള്‍ പ്രദേശത്തെ മൊബൈല്‍ സേവനദാതാക്കളായ പൊതുമേഖല കമ്പനി ബിഎസ്എന്‍എല്‍ സ്വീകരിച്ചു. ചൂരല്‍മലയിലുള്ള ഏക മൊബൈല്‍ ടവറായ ബിഎസ്എന്‍എല്‍ രക്ഷാപ്രവര്‍ത്തനം ഊര്‍ജിതമാക്കാന്‍ മൊബൈല്‍ സിഗ്നല്‍, ഇന്‍റര്‍നെറ്റ്, ടോള്‍-ഫ്രീ സൗകര്യങ്ങള്‍ എന്നിവ യുദ്ധകാലാടിസ്ഥാനത്തില്‍ തയ്യാറാക്കുകയായിരുന്നു. ചൂരല്‍മലയിലെ ടവറിന് അടിയന്തരമായി ജനറേറ്റര്‍ വൈദ്യുതി സൗകര്യം ഒരുക്കിയതും മുടക്കം കൂടാതെ മൊബൈല്‍ സിഗ്നല്‍ ലഭ്യമാക്കിയതും യുദ്ധകാല അടിസ്ഥാനത്തില്‍ ചൂരല്‍മലയിലും മേപ്പാടിയിലും 4ജി സേവനം ലഭ്യമാക്കിയതും രക്ഷാപ്രവര്‍ത്തനം ഈര്‍ജിതമാക്കാന്‍ അതിവേഗ ഇന്‍റർനെറ്റും ടോള്‍-ഫ്രീ നമ്പറുകളും ഒരുക്കിയതും ഇതില്‍ ഉള്‍പ്പെടും. ഇതിന്‍റെ വിശദവിവരങ്ങള്‍ ബിഎസ്എന്‍എല്‍ കേരള സര്‍ക്കിള്‍ സാമൂഹ്യമാധ്യമങ്ങളില്‍ പങ്കുവെച്ചിട്ടുണ്ട്.

മൂന്ന് ദിവസത്തേക്ക് വയനാട്ടിൽ സൗജന്യ ഇന്റർനെറ്റ്, എസ്എംഎസ്, ടോക്ക് ടൈം പ്രഖ്യാപിച്ച് എയർടെൽ

ദുരന്തത്തിൽ ബാധിക്കപ്പെട്ടവർക്കായി കൈ കോർത്ത് എയർടെൽ. വയനാട്ടിൽ മൂന്ന് ദിവസത്തേക്ക് സൗജന്യ ഇന്റർനെറ്റ്, എസ്എംഎസ്, ടോക്ക് ടൈം എന്നിവയാണ് എയർടെൽ പ്രഖ്യാപിച്ചിരിക്കുന്നത്. ഏതെങ്കിലും പാക്കേജ് വാലിഡിറ്റി കഴിഞ്ഞവർക്ക് അടക്കം ഓഫർ ബാധകമാണ്. പ്രീപെയ്ഡ്, പോസ്റ്റ് പെയ്ഡ് കസ്റ്റമേഴ്സിനും ഇളവുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. പോസ്റ്റ് പെയ്ഡ് ബിൽ അടക്കാൻ വൈകുന്നവർക്കും ഇളവ് നൽകിയിട്ടുണ്ട്.ഇതിന് പുറമേ കേരളത്തിലെ 52 റീട്ടെയിൽ സ്റ്റോറുകളിൽ കളക്ഷൻ സെന്ററുകളും ആരംഭിച്ചിട്ടുണ്ട്. ഇവിടെ സഹായ സന്നദ്ധരായവർക്ക് ദുരിതബാധിതർക്ക് ആവശ്യമായ വസ്തുക്കൾ എത്തിക്കാൻ സാധിക്കും

നെറ്റ്‌വര്‍ക്ക് കപ്പാസിറ്റി വര്‍ധിപ്പിച്ച് സ്വകാര്യ ടെലികോം കമ്പനിയായ റിലയന്‍സ് ജിയോ

ദാരുണമായ ഉരുള്‍പൊട്ടല്‍ ദുരന്തമുണ്ടായ വയനാട്ടിലെ മുണ്ടക്കൈ, ചൂരല്‍മല മേഖലയില്‍ നെറ്റ്‌വര്‍ക്ക് കപ്പാസിറ്റി വര്‍ധിപ്പിച്ച് സ്വകാര്യ ടെലികോം കമ്പനിയായ റിലയന്‍സ് ജിയോ. രക്ഷാപ്രവര്‍ത്തനം തുടരുന്ന മുണ്ടക്കൈയിലെ വര്‍ധിച്ച ആവശ്യം പരിഗണിച്ച് പുതിയ ടവര്‍ സ്ഥാപിച്ചാണ് ജിയോ സഹായം ലഭ്യമാക്കിയിരിക്കുന്നത്. ഉരുള്‍പൊട്ടലിന് ശേഷമുള്ള വ്യാപക തിരച്ചിലിനായി സൈനികരും സംസ്ഥാനത്തെ വിവിധ സുരക്ഷാ ഏജന്‍സികളിലെ ഉദ്യോഗസ്ഥരും സന്നദ്ധപ്രവര്‍ത്തകരുമടക്കം നൂറുകണക്കിനാളുകളാണ് മുണ്ടക്കൈ, ചൂരല്‍മല പ്രദേശത്തുള്ളത്. രക്ഷാപ്രവര്‍ത്തനത്തിനായി അനവധി പേരെത്തിയതോടെ പ്രദേശത്ത് കൂടുതല്‍ നെറ്റ്‌വര്‍ക്ക് സൗകര്യങ്ങള്‍ അനിവാര്യമായി വന്നു. രക്ഷാപ്രവര്‍ത്തനം ഏകോപിപ്പിക്കാനും ഇത് അനിവാര്യമായിരുന്നു. ഇതനുസരിച്ച് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി മുന്നോട്ടുവെച്ച ആവശ്യം പരിഗണിച്ചാണ് നെറ്റ്‌വര്‍ക്ക് കപ്പാസിറ്റി റിലയന്‍സ് ജിയോ വര്‍ധിപ്പിച്ചത് എന്ന് വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ റിപ്പര്‍ട്ട് ചെയ്തു. ദുരന്ത പ്രദേശത്തിന് അടുത്തായി പ്രത്യേക ടവറും ജിയോ സ്ഥാപിച്ചിട്ടുണ്ട്. ഈ പ്രദേശത്ത് ജിയോയുടെ രണ്ടാമത്തെ ടവറാണിത്.

7 ദിവസത്തേക്ക് സൗജന്യ ഡാറ്റ വാഗ്ദാനം ചെയ്ത് Vi

പ്രീപെയ്ഡ് ഉപഭോക്താക്കൾക്ക്, തങ്ങളുടെ പ്രിയപ്പെട്ടവരുമായി ബന്ധം നിലനിർത്താനും വിവരങ്ങൾ എളുപ്പത്തിൽ കൈമാറാനും ചെയ്യാനും ആളുകളെ സഹായിക്കുന്നതിന് Vi 7 ദിവസത്തേക്ക് പ്രതിദിനം 1GB മൊബൈൽ ഡാറ്റ സൗജന്യമായി വാഗ്ദാനം ചെയ്യുന്നു. അധിക ഡാറ്റ സ്വയമേവ ക്രെഡിറ്റ് ചെയ്യപ്പെടും. പോസ്റ്റ്‌പെയ്ഡ് ഉപഭോക്താക്കൾക്കായി, വിഐ ബിൽ പേയ്‌മെൻ്റുകളുടെ അവസാന തീയതികൾ 10 ദിവസത്തേക്ക് നീട്ടിയതായി പ്രഖ്യാപിച്ചു.

Sorry!! It's our own content. Kodancherry News©