വയനാട് ദുരന്ത അതിജീവനം: മാനസികാരോഗ്യം ഉറപ്പിക്കാന്‍ 121 അംഗ ടീം, ക്യാമ്പുകളിലും വീടുകളിലും സേവനങ്ങള്‍
വയനാട്ടില്‍ ഉണ്ടായ ഉരുള്‍പൊട്ടലിന്റെ പശ്ചാത്തലത്തില്‍ മാനസികാഘാതം ലഘൂകരിക്കുന്നതിന് സംസ്ഥാന ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ ഊര്‍ജിത പ്രവര്‍ത്തനങ്ങള്‍ നടന്നു വരുന്നതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ജൂലൈ 30ന് തന്നെ ആരോഗ്യ വകുപ്പ് ജില്ലയില്‍ മാനസികാരോഗ്യ ദുരന്ത നിവാരണ ടീം രൂപീകരിക്കുകയുണ്ടായി. മാനസികാരോഗ്യ പരിപാടിയുടെ കീഴില്‍ ജില്ലയില്‍ ദുരന്തവുമായി ബന്ധപ്പെട്ട മുഴുവന്‍ മാനസികാരോഗ്യ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുകയും ചെയ്തു. ആരോഗ്യ വകുപ്പ് പ്രത്യേകമായി നല്കുന്ന ഐഡി കാര്‍ഡുള്ളവര്‍ക്ക് മാത്രമേ ക്യാമ്പുകളിലും വീടുകളിലും മാനസികാരോഗ്യ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ അനുവാദമുള്ളൂവെന്നും മന്ത്രി വ്യക്തമാക്കി.
ഉരുള്‍പൊട്ടലുമായി ബന്ധപ്പെട്ട എല്ലാ ആശുപത്രികളിലും ദുരിതാശ്വാസ ക്യാമ്പുകളിലും, മാനസികാരോഗ്യ ഹെല്‍പ്പ് ഡെസ്കുകള്‍ സ്ഥാപിച്ച് മാനസികാരോഗ്യ സേവനങ്ങള്‍ ഈ ടീം ഉറപ്പാക്കുന്നു. ഇതില്‍ സൈക്ക്യാട്രിസ്റ്റിന്റെ നേതൃത്വത്തില്‍ ക്ലിനിക്കല്‍ സൈക്കോളജിസ്റ്റുകള്‍, സൈക്ക്യാട്രിക്ക് സോഷ്യല്‍ വര്‍ക്കര്‍മാര്‍, കൗണ്‍സിലര്‍മാര്‍ എന്നിവരടങ്ങുന്ന 121 അംഗീകൃത മാനസികാരോഗ്യ പ്രവര്‍ത്തകരേയാണ് ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. ദുരന്തബാധിതരെ കേള്‍ക്കുവാനും അവര്‍ക്ക് ആശ്വാസം പകരുവാനുമാണ് ഇപ്പോള്‍ പ്രവര്‍ത്തകര്‍ പ്രധാനമായും ശ്രദ്ധിക്കുന്നത്. ഇതില്‍തന്നെ കുട്ടികളുടെയും പ്രായമായവരുടെയും, ഗര്‍ഭിണികളുടെയും പ്രശ്നങ്ങള്‍ക്ക് പ്രത്യേക പരിഗണന നല്കി വരുന്നുണ്ട്.
ദുരന്തം കാരണമുണ്ടായ മാനസികാഘാതത്തിന്റെ ലക്ഷണങ്ങള്‍ ആഴ്ചകള്‍ കഴിഞ്ഞും പ്രത്യക്ഷപെടാം എന്നുള്ളതുകൊണ്ടും, ഉല്‍കണ്ഠ, വിഷാദം തുടങ്ങിയ പ്രശ്നങ്ങള്‍ ദീര്‍ഘകാലം നീണ്ടു നില്ക്കാം എന്നുള്ളതുകൊണ്ടും മാനസിക സാമൂഹിക ഇടപെടലുകള്‍ ഊര്‍ജിതമായി നിലനിര്‍ത്തുവാന്‍ സമഗ്രമായ മാനസികാരോഗ്യ പദ്ധതിയാണ് വയനാട്ടില്‍ ദുരന്ത ബാധിത മേഖലയില്‍ ആരോഗ്യ വകുപ്പ് നടപ്പിലാക്കുന്നത്.ഇതിനോടൊപ്പം മാനസിക അസ്വാസ്ഥ്യം ഉള്ളവരെയും, മാനസിക രോഗങ്ങള്‍ക്ക് ചികിത്സയെടുക്കുന്നവരെയും കണ്ടെത്തി ചികിത്സ മുടങ്ങാതെ നല്കുവാനും ടീമുകള്‍ പ്രത്യേകം ശ്രദ്ധിക്കുന്നു. മദ്യം/ലഹരി ഉപയോഗത്തിന്റെ ‘വിത്ത്ഡ്രോവല്‍’ ലക്ഷണങ്ങള്‍ പ്രകടിപ്പിക്കുന്നവരെ കണ്ടെത്തി പ്രത്യേകം ചികിത്സയും നല്കി വരുന്നു. ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്ന ആരോഗ്യ പ്രവര്‍ത്തകര്‍, റവന്യൂ ഉദ്യോഗസ്ഥര്‍, പോലീസ് ഉദ്യോഗസ്ഥര്‍, തദ്ദേശ സ്വയംഭരണ വകുപ്പ് ജീവനക്കാര്‍, മറ്റ് റെസ്ക്യൂ മിഷന് പ്രവര്‍ത്തകര്‍ എന്നിവര്‍ക്കുള്ള മാനസിക സമ്മര്‍ദ നിവാരണ ഇടപെടലുകളും ഈ ടീം നല്‍കുന്നതാണ്. ഇതുകൂടാതെ ‘ടെലി മനസ്സ്’ 14416 എന്ന ടോള്‍ ഫ്രീ നമ്പരിലൂടെ 24 മണിക്കൂറും മാനസിക പ്രശ്നങ്ങള്‍ക്കും, വിഷമങ്ങള്‍ക്കും സംശയ നിവാരണങ്ങള്‍ക്കും സേവനം ലഭ്യമാണ്.
വയനാട് ദുരിതബാധിതർക്ക് 4 കോടി രൂപയുടെ സഹായം പ്രഖ്യാപിച്ച് ആസ്റ്റർ ഡി.എം ഹെൽത്ത്കെയർ
ഉരുൾപ്പൊട്ടൽ ദുരന്തത്തിൽ വിറങ്ങലിച്ചുനിൽക്കുന്ന വയനാട്ടിലെ ജനങ്ങൾക്ക് സഹായഹസ്തവുമായി ആസ്റ്റർ ഡി.എം ഹെൽത്ത്കെയർ. ദുരന്തമുഖത്ത് പരിക്കേറ്റവർക്ക് അടിയന്തരചികിത്സ നൽകുന്നതിന് പുറമെ, 4 കോടി രൂപയുടെ സഹായധനവും പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിൽ ഒന്നരക്കോടി രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നേരിട്ട് നൽകും. കൂടാതെ, വീടുകൾ നഷ്ടമായി ക്യാംപുകളിൽ കഴിയുന്നവരുടെ പുനരധിവാസത്തിന് രണ്ടരക്കോടി രൂപയും ചെലവഴിക്കും. വയനാട്ടിലെ ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജിൽ (പഴയ ഡിഎം വയനാട് ഇൻസ്റ്റിട്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ്) ദുരന്തത്തിലകപ്പെട്ട നിരവധിയാളുകൾ ചികിത്സയിലുണ്ട്. ഇവർക്കെല്ലാം ചികിത്സയും മറ്റ് വൈദ്യസഹായങ്ങളും സൗജന്യമായിരിക്കുമെന്ന് ആശുപത്രിയുടെ ചെയർമാനും ആസ്റ്റർ ഡി.എം ഹെൽത്ത്കെയർ മാനേജിങ് ഡയറക്ടറുമായ ഡോ. ആസാദ് മൂപ്പൻ പറഞ്ഞു.
ഇതുവരെ 173 പേരെയാണ് അഡ്മിറ്റ് ചെയ്തത്. ഇതിൽ 62 പേർ ഇപ്പോഴും ചികിത്സയിലുണ്ട്. 7 പേർ തീവ്ര പരിചരണ വിഭാഗത്തിലാണ്. 20 പേർക്ക് അടിയന്തര ശസ്ത്രക്രിയയും നടത്തി. സർക്കാർ സംവിധാനങ്ങളുമായി പൂർണമായി സഹകരിച്ചാണ് മൂപ്പൻസ് മെഡിക്കൽ കോളേജിന്റെ പ്രവർത്തനങ്ങളും ഏകോപിപ്പിക്കുന്നത്. വാർഡുകളിൽ കിടക്കകളുടെ എണ്ണം കൂട്ടുകയും അധികനേഴ്സുമാരെ ഏർപ്പാടാക്കുകയും ചെയ്തിട്ടുണ്ട്. മരിച്ചവരുടെ പോസ്റ്റുമോർട്ടം വേഗത്തിലാക്കുന്നതിനായി ജില്ലാഭരണകൂടത്തിന്റെ ആവശ്യപ്രകാരം മൂന്ന് ഫോറൻസിക് സർജന്മാരെയും ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജിൽ നിന്നും ചുമതലപ്പെടുത്തിയിട്ടുണ്ട്.