വയനാട് ദുരന്തം: പുഴയിൽ ഊർജിത തിരച്ചിൽ നടത്തി
കോടഞ്ചേരി : ഇരുവഞ്ഞിപ്പുഴ, ചാലിയാർപുഴ എന്നിവിടങ്ങളിൽ വയനാട് ദുരന്തത്തിൽപ്പെട്ടവരുടെ മൃതദേഹങ്ങൾ അവശേഷിക്കുന്നുണ്ടോയെന്ന് കണ്ടെത്താൻ കോടഞ്ചേരി,മുക്കം, തിരുവമ്പാടി പോലീസ് സ്റ്റേഷൻ പരിധിയിൽ പുഴയിൽ ഊർജ്ജിതമായി ഇന്ന് തിരച്ചിൽ നടത്തി.
ഇതിന്റെ ഭാഗമായി കോടഞ്ചേരി പോലീസ് സ്റ്റേഷൻ പരിധിയിൽ വരുന്ന കണ്ടപ്പൻചാൽ, പതങ്കയം ഭാഗങ്ങളിൽ ഡ്രോൺ ഉൾപ്പെടെയുള്ള സംവിധാനങ്ങൾ ഉപയോഗിച്ച് തിരച്ചിൽ നടത്തി. തിരച്ചിലിന് കോടഞ്ചേരി പോലീസ് ഇൻസ്പെക്ടർ പ്രവീൺ കുമാർ.കെ .പി, എസ് ഐ മാരായ അബ്ദു, പത്മനാഭൻ എന്നിവർ നേതൃത്വം നൽകി. കോടഞ്ചേരി പോലീസ് സ്റ്റേഷനിലെ പോലീസുദ്യോഗസ്ഥർക്കൊപ്പം കോഴിക്കോട് ഹെൽത്ത് കെയർ ഫൗണ്ടേഷൻ അംഗങ്ങൾ, തൃശൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന വേൾഡ് മലയാളി ഡൈവേഴ്സ് അസോസ്സിയേഷനിലെ മുങ്ങൽ വിദഗ്ദർ, കോടഞ്ചേരി ടാസ്ക് ഫോഴ്സ്, സിവിൽ ഡിഫൻസ് , എൻ്റെ മുക്കം സന്നദ്ധ സേന എന്നിവയിലെ അംഗങ്ങളും തിരച്ചിലിൽ പങ്കെടുത്തു.