വയനാട് മുണ്ടക്കൈ ദുരന്തത്തിൽ മാതാപിതാക്കളെ നഷ്ടപ്പെട്ട കുഞ്ഞുങ്ങളെ ദത്തെടുക്കാൻ കഴിയുമോ?

ഉരുള്‍പൊട്ടല്‍ ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ അനാഥരാക്കപ്പെട്ട കുട്ടികളെ ഏറ്റെടുക്കാൻ സന്നദ്ധരായി നിരവധി പേർ. സംസ്ഥാന സർക്കാരിന് ഇത് സംബന്ധിച്ച് നിരവധി അപേക്ഷകളാണ് ലഭിച്ചത്. എന്നാൽ മുണ്ടക്കൈ -ചൂരല്‍മല ഉരുള്‍ പൊട്ടല്‍ ദുരന്തത്തില്‍ തീര്‍ത്തും അനാഥമായ കുട്ടികളെ കണ്ടെത്തിയിട്ടില്ലെന്ന് സംസ്ഥാന സർക്കാർ വ്യക്തമാക്കുന്നു. എങ്കിലും ദത്തെടുക്കൽ സംബന്ധിച്ച് മാര്‍ഗനിര്‍ദേശങ്ങള്‍ നിലവിലുണ്ട്. ഇതിന് വിധേയമായി മാത്രമേ കുട്ടികളെ ദത്തെടുക്കാനാവൂ എന്നും സർക്കാർ വ്യക്തമാക്കി.

മാതാപിതാക്കൾ നഷ്‌ടപ്പെട്ട, ശ്രദ്ധയും സംരക്ഷണവും ആവശ്യമായ കുഞ്ഞുങ്ങളെ 2015- ലെ കേന്ദ്ര ബാലനീതി നിയമപ്രകാരമാണ് ചൈൽഡ് വെൽഫെയർ കമ്മിറ്റി മുഖാന്തിരം സർക്കാർ സംരക്ഷിക്കുന്നത്.

ബാലനീതി നിയമം-2015, അഡോപ്ഷൻ റെഗുലേഷൻ-2022 എന്നീ നിയമങ്ങളുടെ നിയമപരമായ നടപടികളിലൂടെയാണ് ദത്തെടുക്കലും (Adoption) പോറ്റിവളർത്തലും (Foster Care) നടക്കുന്നത്.

CARA (Central Adoption Resource Authority) യുടെ വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്ത് നിർദ്ദിഷ്ട മാനദണ്ഡങ്ങൾക്കനുസരിച്ച് യോഗ്യരായവർക്കാണ് കുഞ്ഞുങ്ങളെ ദത്തെടുക്കാൻ സാധിക്കുന്നത്.ശ്രദ്ധയും സംരക്ഷണവും ആവശ്യമുള്ള കുട്ടികളായി ചൈൽഡ് വെൽഫെയർ കമ്മിറ്റി കണ്ടെത്തിയിട്ടുള്ളതും ശിശുസംരക്ഷണ സ്ഥാപനങ്ങളിൽ സംരക്ഷിച്ച് വരുന്നതുമായ 6 മുതൽ 18 വയസ് വരെയുള്ള കുഞ്ഞുങ്ങൾക്ക് കുടുംബാന്തരീക്ഷമൊരുക്കുന്നതിന് താൽക്കാലികമായി ഒരു കാലയളവിലേക്ക് കുട്ടികളെ പോറ്റിവളർത്താനും (Foster Care) താത്പര്യമുള്ളവർക്ക് സാധിക്കും.

ദത്തെടുക്കലും ഫോസ്റ്റർ കെയറുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾക്ക് താത്പര്യമുള്ളവർ അതാത് ജില്ലകളിലെ ചൈൽഡ് വെൽഫെയർ കമ്മിറ്റികളുമായോ ജില്ലാ ശിശുസംരക്ഷണ യൂണിറ്റുമായോ ബന്ധപ്പെടേണ്ടതാണ്.

04936 285050 – ചൈൽഡ് വെൽഫെയർ കമ്മിറ്റി (CWC) വയനാട്. 04936 246098 – ജില്ലാ ശിശുസംരക്ഷണ യൂണിറ്റ് വയനാട്.

9446930777, 9496343949 രജിസ്ട്രേഷൻ വെബ്സൈറ്റ് : https://cara.wcd.gov.in


കോടഞ്ചേരിയിലെ വാർത്തകളും വിവരങ്ങളും ഏറ്റവും ആദ്യം നിങ്ങളിലേക്ക് എത്തുവാൻ കോടഞ്ചേരി ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ അംഗമാവൂ.: https://chat.whatsapp.com/LqiYwC4YhDeAY8nGSIou6X

Sorry!! It's our own content. Kodancherry News©