താത്കാലിക പുനരധിവാസം ഓഗസ്റ്റിൽ പൂർത്തിയാക്കും; എവിടേക്കെങ്കിലും പറഞ്ഞയക്കില്ല- മന്ത്രി

കൽപറ്റ: വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിൽപ്പെട്ടവരുടെ താത്കാലിക പുനരധിവാസത്തിനായി കൃത്യമായ പദ്ധതി തയ്യാറാക്കിയതായി റവന്യൂമന്ത്രി കെ.രാജൻ. ദുരന്തത്തിൽപ്പെട്ടവരെ എവിടേക്കെങ്കിലും പറഞ്ഞയക്കുക എന്ന തരത്തിലല്ല പുനരധിവാസം നടത്തുന്നതെന്നും ശാസ്ത്രീയപരിശോധന ഇതിന് വേണമെന്നും അദ്ദേഹം വാർത്താ സമ്മേളത്തിൽ പറഞ്ഞു.’താത്ക്കാലിക പുനരധിവാസത്തിനുള്ള പദ്ധതി വളരെ വേഗത്തിൽ ആരംഭിച്ചു. ഓഗസ്റ്റ് മാസത്തിൽതന്നെ താത്കാലിക പുനരധിവാസം പൂർത്തിയാക്കണമെന്നാണ് കരുതുന്നത്. അഞ്ച് പുരുഷൻമാർ, 10 സ്ത്രീകൾ, 18 വയസ്സിന് താഴെയുള്ള ആറ് കുട്ടികൾ എന്നിങ്ങനെ 21 പേരാണ് എല്ലാവരും നഷ്ട്‌ടപ്പെട്ട് ആരോരും ഇല്ലാതെ ക്യാമ്പിൽ കഴിയുന്നത്. ഇവരെ ഓരോരുത്തരേയും ഒരു കുടുംബമായി കണ്ട് വാടകവീടുകളിലേക്ക് മാറ്റാൻ കഴിയില്ലാ എന്നതാണ് പ്രശ്‌നം. അതിനാൽ പുനരധിവാസത്തിന് ഒരു പ്രോട്ടോക്കോൾ തീരുമാനിക്കേണ്ടിവരും. ഇക്കാര്യങ്ങളിൽ കൃത്യമായ ഒരു പദ്ധതി തയ്യാറാക്കിയിട്ടുണ്ട്. മുഖ്യമന്ത്രി ഔദ്യോഗികമായി ഇത് പ്രഖ്യാപിക്കും. എന്നാൽ താൽകാലിക പുനരധിവാസത്തെ കുറിച്ച് ശരിയല്ലാത്തതും സംശയം ഉണ്ടാക്കുന്നതുമായ പല വാർത്തകളും പ്രചരിപ്പിക്കപ്പെടുന്നുണ്ട്. ഇത് വളരെ പ്രയാസകരമായ കാര്യമാണ്’, മന്ത്രി കൂട്ടിച്ചേർത്തു.

ദുരന്തത്തിൽപ്പെട്ടവരുടെ ബന്ധുക്കളുടെ ഡി.എൻ.എ പരിശോധന ഉൾപ്പെടെ അതിവേഗത്തിൽ നടന്നുവരികയാണെന്നും രണ്ടുദിവസത്തിനുള്ളൽ ഇക്കാര്യത്തിൽ പൊതുവായ ഒരു തീരുമാനം ഉണ്ടാകുമെന്നാണ് കരുതുന്നതെന്നും അദ്ദേഹം പറഞ്ഞു. ശരീരഭാഗങ്ങളുടെ ഡി.എൻ.എ ഫലം വന്നുകൊണ്ടിരിക്കുന്നുണ്ട്. 178 മൃതശരീരങ്ങൾ തിരിച്ചറിഞ്ഞിട്ടുണ്ട്. 53 മൃതശരീരങ്ങൾ തിരിച്ചറിഞ്ഞിട്ടില്ല. ആകെ കണ്ടെത്തിയ 205 ശരീരഭാഗങ്ങളിൽ രണ്ടെണ്ണം നേരത്തേ തിരിച്ചറിഞ്ഞതാണ്. 203 ശരീരഭാഗങ്ങൾ തിരിച്ചറിഞ്ഞിട്ടില്ല.

Sorry!! It's our own content. Kodancherry News©