ഗൃഹപ്രവേശനം കഴിഞ്ഞ് 15-ാം നാൾ ഉരുൾപൊട്ടൽ; ചാക്കോ കടക്കെണിയിൽ
വിലങ്ങാട്: മഞ്ഞക്കുന്നിലെകൂലിപ്പറമ്പിൽ ചാക്കോയും കുടുംബവും പുതിയ വീടു പണിത് താമസം തുടങ്ങിയതിന്റെ പതിനഞ്ചാം ദിവസമാണ് ഉരുൾപൊട്ടലുണ്ടായത്. സമീപത്തെ വീടുകളും കടകളുമെല്ലാം ഒലിച്ചുപോവുകയോ മണ്ണിനടിയിൽ പെടുകയോ ചെയ്തെങ്കിലും ചാക്കോയുടെ വീടിനു കാര്യമായൊന്നും സംഭവിച്ചില്ല. എന്നാൽ, ഉരുൾ പൊട്ടിയതോടെ വാസയോഗ്യമല്ലാത്ത വീടുകളുടെ പട്ടികയിൽ ചാക്കോയുടെ വീടും ഉൾപ്പെട്ടു. ഇനി ഇവിടെ താമസിക്കാൻ കഴിയില്ല. ചാക്കോയും ഭാര്യ അന്നക്കുട്ടിയും അടക്കം ക്യാംപിലേക്കു മാറി. 20 ലക്ഷം രൂപ ചെലവഴിച്ചാണ് വീടു പണിതത്.
“മക്കളൊക്കെ വലുതായി . അവർക്കൊരു വിവാഹ അന്വേഷണമൊക്കെ വരണമെങ്കിൽ കയറിക്കിടക്കാൻ സൗകര്യമുള്ളൊരു വീടു വേണ്ടേ.? എനിക്ക് 57 വയസ്സായി. ഉള്ള ചില്ലറ സമ്പാദ്യമൊക്കെ കൊണ്ടാണു പണി തുടങ്ങിയത്’ ചാക്കോ പറയുന്നു. 10 ലക്ഷത്തിൽ അധികം കടമുണ്ട്. അടിച്ചിപ്പാറ മലയിൽ 2 ഏക്കർ കൃഷിയിടമാണുണ്ടായിരുന്നത്. ഇവിടെ കഠിനാധ്വാനം ചെയ്താണ് കുടുംബം പോറ്റിയിരുന്നത്. ഈ കൃഷിയിടം മുഴുവൻ ഒലിച്ചുപോയി. വെള്ളിയോട് ഹയർ സെക്കൻഡറി സ്‌കൂളിലെ ക്യാംപിലാണ് ചാക്കോയും കുടുംബവും ഇപ്പോൾ.