ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്നും നാളെയും അവധി (14.09.2023 &15.09.2023)

നിപ്പ വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ ജാഗ്രതാ മുൻകരുതലുകളുടെ ഭാഗമായി കോഴിക്കോട് ജില്ലയിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും (അങ്കണവാടി,മദ്രസകൾ ഉൾപ്പെടെ) ഇന്നും,നാളെയും (14.09.2023 &15.09.2023 തീയ്യതികളിൽ) അവധിയായിരിക്കും.

വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഓൺലൈൻ ക്ലാസുകൾ ഒരുക്കാം. യൂണിവേഴ്സിറ്റി പരീക്ഷകളിൽ മാറ്റമില്ല.

***************************

നിപ്പ വൈറസ് ബാധ;ജില്ലയിൽ നിയന്ത്രണങ്ങൾ നിലവിൽ വന്നു

കോഴിക്കോട് ജില്ലയിൽ മരുതോങ്കര ഗ്രാമ പഞ്ചായത്തിലും, ആയഞ്ചേരി ഗ്രാമ പഞ്ചായത്തിലും നിപ്പ വൈസ് രോഗം ബാധിച്ച് രണ്ട് പേർ മരണപ്പെട്ടതായി സ്ഥരീകരിച്ചിട്ടുണ്ട്. നിപ്പ വൈറസ് ബാധക്കെതിരായ മുൻകരുതലുകളെ കുറിച്ചും, അസുഖവ്യാപനം തടയുന്നതിനുള്ള പ്രതിരോധ നടപടികളെക്കുറിച്ചും സംസ്ഥാന ആരോഗ്യ കുടുംബക്ഷേമ വകുപ്പിന്റെ നിപ്പാ മാനേജെന്റ് പ്ലാൻ പ്രകാരം മാർഗ്ഗ നിർദ്ദേശങ്ങൾ നൽകിയിട്ടുണ്ട്. അതിന്റെ അടിസ്ഥാനത്തിൽ കോഴിക്കോട് ജില്ലയിലെ വടകര താലൂക്കിലെ 3 പഞ്ചായത്തുകളിലെ വിവിധ വാർഡുകൾ കൺമെന്റ് സോണുകളായി പ്രഖ്യാപിച്ചിട്ടുള്ളതാണ്. രോഗ വ്യാപനം തടയുന്നതിനായി കോഴിക്കോട് ജില്ലയിൽ നടത്താൻ നിശ്ചയിച്ചിരിക്കുന്ന എല്ലാ പൊതു പരിപാടികളും, അടുത്ത പത്ത് ദിവസത്തേക്ക് താല്ക്കാലികമായി നിർത്തിക്കുവാൻ ഈ വിഷയവുമായി ബന്ധപ്പെട്ട് ചുവടെ ചേർക്കുന്ന നിർദ്ദേശങ്ങൾ പാലിക്കേണ്ടതാണെന്ന് ജില്ലാ കലക്ടറുടെ ഉത്തരവിൽ പറയുന്നു.

> ജില്ലയിൽ ഉത്സവങ്ങൾ, പള്ളിപെരുന്നാളുകൾ അതുപോലുള്ള മറ്റ് പരിപാടികൾ എന്നിവയിൽ ജനങ്ങൾ കൂട്ടത്തോടെപങ്കെടുക്കുന്നത് ഒഴിവാക്കി ചടങ്ങുകൾ മാത്രമായി നടപ്പിലാക്കേണ്ടതാണ്.

> വിവാഹം, റിസപ്ഷൻ തുടങ്ങിയ മുൻകൂട്ടി നിശ്ചയിച്ച പരിപാടികളിൽ പൊതുജന പങ്കാളിത്തം പരമാവധി കുറച്ച് പ്രോട്ടോകോൾ അനുസരിച്ച് മാത്രം ചുരുങ്ങിയ ആളുകളെ ഉൾപ്പെടുത്തി

നടത്തേണ്ടതും, ഇത് സംബന്ധിച്ച് ബന്ധപ്പെട്ട പോലീസ് സ്റ്റേഷനിൽ അറിയിച്ച് മുൻകൂർ അനുമതി വാങ്ങേണ്ടതുമാണ്.

> പൊതുജനങ്ങൾ ഒത്ത് ചേരുന്ന നാടകം പോലുള്ള കലാ- സാംസ്കാരിക പരിപാടികൾ, കായിക മത്സരങ്ങൾ എന്നിവ മാറ്റി വെക്കേണ്ടതാണ്.

> നിപ്പ് രോഗബാധയുമായി ബന്ധപ്പെട്ട് വ്യാജ വാർത്തകൾ പ്രചരിപ്പിക്കുന്നവർക്കെതിരെ പോലീസ് വകുപ്പ് നടപടി സ്വീകരിക്കും.

> പൊതുയോഗങ്ങൾ, പൊതുജന പങ്കാളിത്തം ഉണ്ടാകുന്ന പൊതു പരിപാടികൾ എന്നിവമാറ്റി വെക്കേണ്ടതാണ്.

*******************************

കോഴിക്കോട് ഒരാള്‍ക്ക് കൂടി നിപ; സ്ഥിരീകരിച്ച് ആരോഗ്യവകുപ്പ്

കോഴിക്കോട് ജില്ലയില്‍ ഒരാള്‍ക്ക് കൂടി നിപ വൈറസ് ബാധ. 24കാരനായ ആരോഗ്യപ്രവര്‍ത്തകനാണ് രോഗം സ്ഥിരീകരിച്ചത്. ആദ്യം നിപ സ്ഥിരീകരിച്ച് മരണപ്പെട്ടയാളുടെ സമ്പര്‍ക്ക പട്ടികയില്‍ ഉള്‍പ്പെട്ടയാളാണ് ആരോഗ്യപ്രവര്‍ത്തകന്‍. മരിച്ച വ്യക്തി ചികിത്സയിലുണ്ടായിരുന്ന സ്വകാര്യ ആശുപത്രിയിലാണ് യുവാവ് ജോലി ചെയ്യുന്നത്.

മൂന്ന് പേര്‍ക്കാണ് ഇതുവരെ നിപ സ്ഥിരീകരിച്ചത്. ഇതിനുപിന്നാലെ അഞ്ച് സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചു ഇതിലൊരു സാമ്പിള്‍ ഫലമാണ് പോസിറ്റീവായത്.

കോഴിക്കോട് പൊതുപരിപാടികള്‍ക്ക് നിയന്ത്രണം; പുതിയ ചികിത്സാ മാര്‍ഗരേഖ പുറത്തിറക്കി ആരോഗ്യവകുപ്പ്

നിപ സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ കോഴിക്കോട് ജില്ലയില്‍ പത്ത് ദിവസത്തേക്ക് പൊതുപരിപാടികള്‍ നിരോധിച്ചു. വെള്ളിയാഴ്ച കോഴിക്കോട് പ്രാദേശിക അവലോകന യോഗം ചേരും. മന്ത്രിമാരായ വീണാ ജോര്‍ജും പി എ മുഹമ്മദ് റിയാസും യോഗത്തില്‍ പങ്കെടുക്കും. മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. ഇന്ന് നടത്താനിരുന്ന മന്ത്രിസഭാ യോഗം നാളത്തേക്ക് മാറ്റിവച്ചു.

നിപയുടെ പശ്ചാത്തലത്തില്‍ ആരോഗ്യവകുപ്പ് പുതിയ ചികിത്സാ മാര്‍ഗരേഖ പുറത്തിറക്കി. രോഗികളുമായി നേരിട്ട് സമ്പര്‍ക്കമുള്ളവര്‍ക്ക് ക്വാറന്റീന്‍ നിര്‍ബന്ധമാണ്. പനിയുള്ളവര്‍ ആശുപത്രികളില്‍ ചികിത്സ തേടണം. ആശുപത്രികളില്‍ അണുബാധ നിയന്ത്രണ സംവിധാനം ഏര്‍പ്പെടുത്തണമെന്നും മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നു.

നിപ മരണത്തില്‍ ആകെ 789 പേരാണ് സമ്പര്‍ക്കപ്പട്ടികയിലുള്ളതെന്ന് കോഴിക്കോട് ജില്ലാ കളക്ടര്‍ അറിയിച്ചു. പതിനൊന്ന് സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. മരുതോങ്കരയില്‍ വീട്ടില്‍ ഐസൊലേഷനില്‍ തുടരുന്ന മൂന്ന് പേര്‍ക്ക് പനിയുണ്ട്. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ 13 പേരും മിംസില്‍ 7 പേരുമാണ് ചികിത്സയിലുള്ളതെന്നും കളക്ടര്‍ എ ഗീത അറിയിച്ചു.

അതേസമയം നിപ വൈറസ് സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ കോഴിക്കോട് ജില്ലയിലെ കണ്ടെയിന്‍മെന്റ് സോണിലെ കോളജ് വിദ്യാര്‍ത്ഥികളുടെ പരീക്ഷകള്‍ മാറ്റി. കാലിക്കറ്റ് സര്‍വകലാശാലയ്ക്ക് കീഴിലുള്ള കോളജുകളിലെ പരീക്ഷകളാണ് മാറ്റിയത്. കണ്ടെയിന്‍മെന്റ് സോണിലെ താമസക്കാരായ വിദ്യാര്‍ത്ഥികള്‍ ആരോഗ്യവകുപ്പ് നല്‍കുന്ന രേഖകള്‍ ഹാജരാക്കുന്ന പക്ഷം പ്രത്യേക പരീക്ഷ നടത്തുമെന്ന് പരീക്ഷാ കണ്‍ട്രോളര്‍ അറിയിച്ചിട്ടുണ്ട്.

നിപ്പ വൈറസ് ബാധ റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ താഴെപ്പറയുന്ന ഗ്രാമപഞ്ചായത്തുകളിൽ ഉൾപ്പെട്ട വാർഡുകൾ കണ്ടയിൻമെന്റ് സോണായി പ്രഖ്യാപിച്ചു .

നിയന്ത്രണങ്ങളിൽ ഏറ്റവും പ്രധാനം കണ്ടെയിൻമെന്റ് സോണായ മേൽ പ്രദേശങ്ങളിൽനിന്ന് അകത്തേക്കോ പുറത്തേക്കോ യാത്ര ചെയ്യാൻ അനുവദിക്കുകയില്ല (Strict Perimeter Control)

പ്രസ്തുതവാർഡുകളിൽ കർശനമായ ബാരികേഡിംഗ് നടത്തേണ്ടതാണ് . ഇക്കാര്യം പോലിസും ബന്ധപ്പെട്ട തദ്ദേശസ്വയംഭരണവകുപ്പ് സെക്രട്ടറിമാരും ഉറപ്പ് വരുത്തേണ്ടതാണ്

ഭക്ഷ്യവസ്തുക്കളും മരുന്നുകളും ഉൾപ്പെടെയുള്ള അവശ്യ സാധനങ്ങളുടെ വിൽപ്പന കേന്ദ്രങ്ങൾ മാത്രമെ അനുവദനീയമായിട്ടുള്ളു. പ്രവർത്തന സമയം രാവിലെ 07 മണി മുതൽ വൈകുന്നേരം 05 മണി വരെ മാത്രം. മരുന്ന് ഷോപ്പുകൾക്കും മറ്റു ആരോഗ്യ കേന്ദ്രങ്ങൾക്കും സമയപരിധിയില്ല.

തദ്ദേശസ്വയംഭരണ സ്ഥാപനവും/ വില്ലേജ് ഓഫീസുകളും മിനിമം ജീവനക്കാരെ ഉപയോഗിച്ച് പ്രവർത്തിപ്പിക്കേണ്ടതും എന്നാൽ സർക്കാർ -അർദ്ധസർക്കാർ-പൊതുമേഖല- ബാങ്കുകൾ,സ്കൂളുകൾ,അങ്കണവാടികൾ എന്നിവ ഉൾപ്പെടെ മറ്റൊരു സ്ഥാപനവും ഇനിയെരുത്തരവുണ്ടാവുന്നത് വരെ തുറന്ന് പ്രവർത്തിക്കാൻ പാടുള്ളതല്ല

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലും വില്ലേജുകളിലും പൊതുജനങ്ങൾ എത്തുന്നത് തടയേണ്ടതും പരമാവധി ഓൺലൈൻ സേവനങ്ങൾ പ്രോത്സാഹിപ്പിക്കേണ്ടതുമാണ്.

മേൽപറഞ്ഞിരിക്കുന്ന വാർഡുകളിലെ പൊതുപ്രവേശന റോഡുകളിലൂടെയുള്ള വാഹനഗതാഗതം നിരോധിക്കേണ്ടതാണ്. നാഷണൽ ഹൈവേ സ്റ്റേറ്റ് ഹൈവേ വഴി യാത്രചെയ്യുന്നവരും ഈ വഴിയുള്ള ബസുകളും മേൽ പറഞ്ഞിരിക്കുന്ന വാർഡുകളിൽ ഒരിടത്തും വാഹനം നിർത്താൻ പാടുള്ളതല്ല. ഇതുസംബന്ധിച്ച നിർദ്ദേശങ്ങൾ റീജിണൽ ട്രാൻസ്പോർട്ട് ഓഫീസറും, ജില്ലാ ട്രാൻസ്പോർട്ട് ഓഫീസറും നൽകേണ്ടതാണ് .

കണ്ടെൻമെന്റ് സോൺ ആയി പ്രഖ്യാപിക്കപ്പെട്ട മേൽ പ്രദേശങ്ങളിൽ സാമൂഹിക അകലം പാലിക്കേണ്ടതും മാസ്ക് ,സാനിറ്റൈസർ എന്നിവ നിർബന്ധമായും ഉപയോഗിക്കേണ്ടതുമാണ്.

കണ്ടയ്ൻമെൻ്റ് സോണിൽ ഉൾപ്പെട്ട വിദ്യാലയങ്ങൾക്ക് ഓൺലൈൻ ക്ലാസ് ഒരുക്കുവാൻ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയരക്ടർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.

*** ***** *** ***** *** 

കോടഞ്ചേരിയിലെ യഥാർത്ഥ വാർത്തകളും വിവരങ്ങളും ഏറ്റവും ആദ്യം നിങ്ങളിലേക്ക് എത്തുവാൻ കോടഞ്ചേരി ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാവൂ.:

https://chat.whatsapp.com/BtbYJeJrp3dJEOV4S59ndM

ഫേസ്‌ബുക് പേജ് :

https://www.facebook.com/KodancherryNews/

വെബ് സൈറ്റ്:

www.kodancherry.com

യൂട്യൂബ് ചാനൽ :

https://youtube.com/channel/UCzkGD95hHb9NwsnmwtFPgMwQ

 

 

Sorry!! It's our own content. Kodancherry News©