ജിയുപിസ്കൂൾ ചെമ്പുകടവിൽ പഠനോത്സവം നടത്തി
കോടഞ്ചേരി:ജി .യു.പി. എസ് ചെമ്പുകടവിൽ ഒന്നു മുതൽ ഏഴ് വരെയുള്ള ക്ലാസുകളിലെ കുട്ടികളുടെ പഠനോത്സവം നടത്തി.ഓരോ അധ്യയന വർഷത്തിലും അതാത് ക്ലാസുകളിൽ നിന്ന് കുട്ടി നേടിയിട്ടുള്ള അറിവുകളുടേയും കഴിവുകളുടെയും പ്രദർശനം കൂടിയാണ് ഓരോ പഠനോത്സവ വേദികളും. പ്രധാന അധ്യാപകൻ ശ്രീ സുരേഷ് തോമസിന്റെ അധ്യക്ഷതയിൽ നടന്ന പരിപാടി ശ്രീ മുഹമ്മദ് റാഫി (ബി ആർ സി ട്രെയിനർ )ഉദ്ഘാടനം ചെയ്തു .പഠനോത്സവത്തിൽ പങ്കെടുക്കാൻ എത്തിയ കുട്ടികൾക്കും,രക്ഷിതാക്കൾക്കും,പഠനോത്സവം നടത്തേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും അതിൻറെ പ്രാധാന്യത്തെ കുറിച്ചും അദ്ദേഹം സംസാരിച്ചു . ഒന്നാം ക്ലാസിലെ കൊച്ചു മിടുക്കരുടെ എഴുത്തിലും വായനയിലും ഉള്ള മികവുകൾ കണ്ട തൃപ്തിയോടെയാണ് അദ്ദേഹം എല്ലാ കുട്ടികൾക്കും ആശംസകൾ നേർന്നത്.
ശേഷം എൽ.പി . യു.പി വിഭാഗത്തിൽ സംസ്കൃതം സ്കോളർഷിപ്പ് നേടിയ കുട്ടികൾക്ക് സർട്ടിഫിക്കറ്റ് വിതരണം ചെയ്തു. തുടർന്ന് വിവിധ വിഷയങ്ങളിലുള്ള അവരുടെ ആഭിരുചി തെളിയിക്കുന്ന ഒട്ടനവധി പരിപാടികൾ നടന്നു.കുട്ടികളുടെ പഠന മികവുകൾ കാണാൻ രക്ഷിതാക്കളും എത്തിയിരുന്നു.ചടങ്ങിൽ ശ്രീമതി ആൻ ട്രീസ ജോസ് സ്വാഗതം ആശംസിച്ചു.സീനിയർ അസിസ്റ്റൻറ് ശ്രീ അനീഷ് കെ എബ്രഹാം,ശ്രീമതി മിനി എന്നിവർ കുട്ടികൾക്ക് ആശംസകൾ അറിയിച്ചു. ശ്രീ ഡെന്നി പോൾ എല്ലാവർക്കും നന്ദി പറഞ്ഞു. സഹ അധ്യാപകരായ കവിത എൻ കെ ,ഫസ്ന എ.പി,ഹാദിയ എ കെ ,അമൃത ബി,ഡിലൻ ജോസഫ് ,സിന്ധു. ടി ,അനുശ്രീ .എൻ. ടി സേതുലക്ഷ്മി .എസ് ,സ്വപ്ന .എൽ .ജോസഫ് ,റഹീന ടി. പി ഷീജ, ബ്രുതിമോൾ എന്നിവർ പങ്കെടുത്തു.