മലബാർ റിവർ ഫെസ്റ്റിവൽ: വോളണ്ടിയർ ടീം രൂപീകരിച്ചു

കോടഞ്ചേരി: മലബാർ റിവർ ഫെസ്റ്റിവലിന്റെ സമാപന ദിനത്തിലെ സുരക്ഷാ മേൽനോട്ടങ്ങൾക്കും ഗതാഗത, ജനക്കൂട്ട നിയന്ത്രണങ്ങൾക്കുമായി തിരുവമ്പാടി പോലീസിന്റെയും ഫയർഫോഴ്സിന്റെയും നേതൃത്വത്തിൽ പുല്ലൂരാംപാറ, മഞ്ഞുവയൽ, നെല്ലിപ്പൊയിൽ പ്രദേശങ്ങളിൽ നിന്നുള്ള സന്നദ്ധ സേവകരുടെ സംഘം രൂപീകരിച്ചു.

തിരുവമ്പാടി പഞ്ചായത്ത് പ്രസിഡണ്ട് ബിന്ദു ജോൺസന്റെ അദ്ധ്യക്ഷതയിൽ പുല്ലൂരാംപാറ നെഹ്റു ലൈബ്രറി ഹാളിൽ ചേര്‍ന്ന ടീം രൂപീകരണ യോഗത്തിൽ പഞ്ചായത്ത് മെമ്പർമാരായ മേഴ്സി പുളിക്കാട്ട്, കെ.ഡി. ആന്റണി, കെ.എം ബേബി, പോലീസിലെയും ഫയർഫോഴ്സിലെയും ആരോഗ്യ വകുപ്പിലെയും ടൂറിസം വകുപ്പിലെയും ഉദ്യോഗസ്ഥർ, മലബാർ റിവർ ഫെസ്റ്റിവൽ ഭാരവാഹികളായ പോൾസൻ അറക്കൽ, ഷെല്ലി കുന്നേൽ, അജു എമ്മാനുവൽ തുടങ്ങിയവർ സംസാരിച്ചു.

വിവിധ രാഷ്ട്രീയ പാർട്ടികളുടെ പ്രതിനിധികൾ, നെഹ്റു മെമ്മോറിയൽ ലൈബ്രറി ഭാരവാഹികൾ, വ്യാപാരി വ്യവസായി ഏകോപന സമിതി പ്രതിനിധികൾ തുടങ്ങിയവർ യോഗത്തിന്റെ ഭാഗമായി.ഓയിസ്ക നെല്ലിപ്പൊയിൽ, മഞ്ഞുവയൽ ആർട്സ് സ്പോർട്സ് ആന്റ് അഗ്രികൾച്ചർ ക്ലബ്ബ്, ഡിവൈഎഫ്ഐ , യൂത്ത് കോൺഗ്രസ്, മലബാർ സ്പോർട്സ് അക്കാദമി, പുല്ലൂരാംപാറ പള്ളിപ്പടി ഗ്രൂപ്പ് എന്നീ സംഘടനകളിൽ നിന്നുള്ള അംഗങ്ങളാണ് സന്നദ്ധ സേവകരുടെ സംഘത്തിലുണ്ടാവുക. കൂടാതെ ഫയർഫോഴ്സിനോട് സഹകരിച്ചു പ്രവർത്തിക്കുന്ന സിവിൽ ഡിഫൻസ് ടീം അംഗങ്ങളുടെ സേവനവും ലഭ്യമാക്കാൻ യോഗം തീരുമാനമെടുത്തു.

Sorry!! It's our own content. Kodancherry News©