മലബാര്‍ റിവര്‍ ഫെസ്റ്റിവല്‍; കോടഞ്ചേരിയിൽ വിളംബര റാലി
കോടഞ്ചേരി: ജൂലൈ 25 മുതല്‍ 28 വരെ കോടഞ്ചേരിയിലെ ചാലിപ്പുഴയിലും ഇരുവഞ്ഞിപ്പുഴയിലും ചക്കിട്ടപ്പാറയിലെ മീന്‍തുള്ളിപ്പാറയിലുമായി സംഘടിപ്പിക്കുന്ന ഏഷ്യയിലെ ഏറ്റവും വലിയ വൈറ്റ് വാട്ടര്‍ കയാക്കിംഗ് മത്സരമായ മലബാര്‍ റിവര്‍ ഫെസ്റ്റിവലിന്റെ പ്രചരണാര്‍ത്ഥം കോടഞ്ചേരിയിൽ വിളംബര റാലി സംഘടിപ്പിച്ചു.
കോടഞ്ചേരി ബസ്റ്റാൻഡ് പരിസരത്തുനിന്ന് വാദ്യമേളങ്ങളുടെ അകമ്പടിയോടെ ആരംഭിച്ച റാലി കോടഞ്ചേരി ടൗണില്‍ സമാപിച്ചു. മുക്കം ഡോൺ ബോസ്കോ കോളേജിൽ നിന്നുള്ള എൻഎസ്എസ് വിദ്യാർത്ഥികളും ഇതിൽ പങ്കെടുത്തു.
കനത്ത മഴയിലും റാലിയിൽ വിദേശികളും സ്വദേശികളുമായ കയാക്കന്മാർ,കോടഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് അലക്സ് തോമസ്,തിരുവമ്പാടി പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു ജോണ്‍സണ്‍,ജില്ല പഞ്ചായത്തംഗം ബോസ് ജേക്കബ്,കേരള അഡ്വഞ്ചര്‍ ടൂറിസം പ്രൊമോഷന്‍ സൊസൈറ്റി സി.ഇ.ഒ ബിനു കുര്യാക്കോസ് ത്രിതല പഞ്ചായത്ത് അംഗങ്ങള്‍, സബ് കമ്മിറ്റി മെമ്പർമാർ,വിവിധ സ്കൂളുകളിൽ നിന്നുള്ള എൻ.സി.സി സ്കൗട്ട്,എൻഎസ്എസ് വിദ്യാർഥികൾ, ടൂറിസം ക്ലബ് അംഗങ്ങൾ എന്നിവർ പങ്കെടുത്തു.