മലബാർ റിവർ ഫെസ്റ്റിവൽ അന്താരാഷ്ട്ര വൈറ്റ് വാട്ടർ കയാക്കിംഗ് ചാമ്പ്യൻഷിപ്പിന്റെ ഉദ്ഘാടനം നാളെ
കോടഞ്ചേരി:പതഞ്ഞൊഴുകുന്ന തൂവെള്ളത്തിൽ ആഞ്ഞെറിയുന്ന തുഴ ഏറ്റുവാങ്ങാൻ ചാലിപുഴയും ഇരുവഞ്ഞിപ്പുഴയും ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ വൈറ്റ് വാട്ടര്‍ കയാക്കിംഗ് മത്സരമായ മലബാര്‍ റിവര്‍ ഫെസ്റ്റിവലിന്റെ പത്താമത് എഡിഷന്റെ ഉദ്ഘാടനം നാളെ.
നാല് നാൾ നീളുന്ന ജലപരപ്പിലെ ആവേശ പോരാട്ടം കോടഞ്ചേരിയിലെ ചാലിപ്പുഴയിലും ഇരുവഞ്ഞിയിലും സംസ്ഥാന വിനോദസഞ്ചാര വകുപ്പിന്റെ ആഭിമുഖ്യത്തിൽ കേരള അഡ്വഞ്ചർ ടൂറിസം പ്രൊമോഷൻ സൊസൈറ്റി, ഡിടിപിസി, കോഴിക്കോട് ജില്ലാ പഞ്ചായത്ത് എന്നിവയുടെ സഹകരണത്തോടെ, ഇന്ത്യൻ കയാക്കിങ് & കനോയിങ് അസോസിയേഷന്റെ സാങ്കേതിക സഹായത്തോടെ നടക്കുന്ന ഫെസ്റ്റിവലിന്റെ ഔപചാരിക ഉദ്ഘാടനം നാളെ രാവിലെ 11.30 ന് പുലിക്കയത്ത് വിനോദസഞ്ചാര വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് നിർവഹിക്കും. ലിന്റോ ജോസഫ് എംഎൽഎ അധ്യക്ഷത വഹിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉൾപ്പെടെയുള്ള ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ എന്നിവർ സംബന്ധിക്കും.
ചക്കിട്ടപ്പാറയിലെ ഫ്രീസ്റ്റൈൽ മത്സരങ്ങൾ ഇന്ന് നടത്തി.
എട്ട് രാജ്യങ്ങളിൽ നിന്നുള്ള 13 അന്താരാഷ്ട്ര കയാക്കർമാരാണ് മലബാർ റിവർ ഫെസ്റ്റിൽ തുഴയെറിയുന്നത്. ഫ്രാൻസ്, ന്യൂസിലന്റ്, നോർവേ, ഇറ്റലി, റഷ്യ, സ്പെയിൻ എന്നീ രാജ്യങ്ങളിൽ നിന്നുള്ള കയാക്കർമാർ ഇതിലുൾപ്പെടും. ഇവരെല്ലാവരും കോടഞ്ചേരിയിൽ എത്തിക്കഴിഞ്ഞു.
ഒരു മാസക്കാലം ഒൻപത് തദ്ദേശസ്വയഭരണ സ്ഥാപനങ്ങളിലായി നടന്ന, ജനങ്ങൾ ഏറ്റെടുത്ത പ്രീ-ഇവന്റുകൾക്ക് ഒടുവിലാണ് വൈറ്റ് വാട്ടർ കയാക്കിങ് മത്സരം എത്തുന്നത്. കോടഞ്ചേരി, തിരുവമ്പാടി, ഓമശ്ശേരി, കൂടരഞ്ഞി, കൊടിയത്തൂർ, പുതുപ്പാടി, കാരശ്ശേരി, ചക്കിട്ടപ്പാറ ഗ്രാമപഞ്ചായത്തുകളിലും മുക്കം മുനിസിപ്പാലിറ്റിയിലുമാണ് പ്രീ-ഇവന്റുകൾ നടന്നത്.
ചൂണ്ടയിടല്‍ മത്സരം, മഴ നടത്തം, ഓഫ് റോഡ് നാഷണല്‍ ചാംപ്യന്‍ഷിപ്പ്,
മഡ് ഫുട്ബോള്‍, സംസ്ഥാന കബഡി, നീന്തല്‍ മത്സരം, സൈക്കിള്‍ റാലി, വണ്ടിപ്പൂട്ട് തുടങ്ങിയവ റിവര്‍ ഫെസ്റ്റിന്റെ ഭാഗമായി അരങ്ങേറി.
ഫെസ്റ്റിന്റെ ഭാഗമായി പുലിക്കയത്ത് കലാപരിപാടികളും ഒരുക്കിയിട്ടുണ്ട്.
ജൂലൈ 26ന് നാളെ വൈകീട്ട് ആറ് മണിക്ക് കേരള ഫോക് ലോർ അക്കാദമി അവതരിപ്പിക്കുന്ന കലാസന്ധ്യയും സമാപന ദിവസമായ 28 ന് രാത്രി ഏഴിന് അതുൽ നറുകരയുടെ മ്യൂസിക് ബാൻഡും വേദിയിൽ എത്തും.
ജൂലൈ 28 ന് വൈകുന്നേരം അഞ്ചു മണിക്ക് ഇലന്ത്കടവിൽ നടക്കുന്ന സമാപനം പട്ടികജാതി-പട്ടികവർഗ ക്ഷേമവകുപ്പ് മന്ത്രി ഒ ആർ കേളു ഉദ്ഘാടനം ചെയ്യും.
പത്തുവർഷം മുൻപ് കയാക്കിംഗ് ആരംഭിച്ചപ്പോൾ ഉള്ള ഫോട്ടോ തകർന്നുപോയ പുലിക്കയം പഴയപാലവും ചിത്രത്തിൽ കാണാം