ഓണം വിപണിയില്‍ പരിശോധന; 40ലേറെ നിയമലംഘനങ്ങള്‍ കണ്ടെത്തി, 33,000 രൂപ പിഴയിട്ടു

കോഴിക്കോട് ജില്ലാ കലക്ടറുടെ ഉത്തരവ് പ്രകാരം ഓണക്കാലത്ത് ഉണ്ടാകാനിടയുള്ള ഭക്ഷ്യധാന്യങ്ങളുടെ പൂഴ്ത്തിവെപ്പ്, വിലക്കയറ്റം, കരിഞ്ചന്ത എന്നിവ തടയുന്നതിന്റെ ഭാഗമായി താമരശ്ശേരി താലൂക്ക് സപ്ലൈ ഓഫീസറൂടെ നേതൃത്വത്തില്‍ ഓണം സ്പെഷ്യല്‍ സ്‌ക്വാഡിന്റെ പരിശോധന. പഴം, പച്ചക്കറി, പലചരക്ക് കടകള്‍, ബേക്കറികള്‍, ടീസ്റ്റാളുകള്‍, ഹോട്ടലുകള്‍, ചിക്കന്‍, ബീഫ് സ്റ്റാളുകള്‍ മുതലായ കച്ചവട സ്ഥാപനങ്ങളിലാണ് പരിശോധനകള്‍ നടത്തിയത്.

ക്രമക്കേടുകള്‍ കണ്ടെത്തിയ സ്ഥാപനങ്ങളില്‍ നിന്നും 33,000 രൂപ പിഴ ഈടാക്കുകയും ഭക്ഷ്യ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാത്ത മൂന്ന് സ്ഥാപനങ്ങള്‍ക്കും മറ്റു ക്രമക്കേടുകള്‍ കണ്ടെത്തിയ 38 സ്ഥാപനങ്ങള്‍ക്കും നോട്ടീസ് നല്‍കി. പൂനൂര്‍, താമരശ്ശേരി, ഓമശ്ശേരി ഭാഗങ്ങളിലായി പൊതുവിപണികളില്‍ നടത്തിയ സംയുക്ത റെയ്ഡില്‍ പോലീസ്, റവന്യൂ, ലീഗല്‍ മെട്രോളജി, ഭക്ഷ്യസുരക്ഷാ വകുപ്പ്, സിവില്‍ സപ്ലൈസ് എന്നീ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ പങ്കെടുത്തു.

ഗ്രാമ പഞ്ചായത്ത് ലൈസന്‍സ്, ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ ലൈസന്‍സ് എന്നിവ പരിശോധനാ സമയത്ത് ഹാജരാക്കാത്തവര്‍ക്കും സ്ഥാപനങ്ങളില്‍ വിലവിവര പട്ടിക പ്രദര്‍ശിപ്പിക്കാത്തവര്‍ക്കുമാണ് ജില്ലാ കളക്ടറുടെ ഉത്തരവ് പ്രകാരം നോട്ടീസുകള്‍ നല്‍കിയത്. പൊതുവിപണിയിലെ എല്ലാ കച്ചവട സ്ഥാപനങ്ങളിലും ബന്ധപ്പെട്ട ലൈസന്‍സുകള്‍ സൂക്ഷിക്കണമെന്നും വിലവിവരപ്പട്ടിക പൊതുജനങ്ങള്‍ കാണത്തക്ക രീതിയില്‍ പ്രദര്‍ശിപ്പിക്കണമെന്നും നിര്‍ദ്ദേശം നല്‍കി.നിത്യോപയോഗ സാധനങ്ങളുടെയും ഭക്ഷ്യവസ്തുക്കളുടെയും വിലക്കയറ്റം, പൂഴ്ത്തിവെപ്പ്, കരിഞ്ചന്ത, മറിച്ചു വില്പന, ഭക്ഷ്യ വസ്തുക്കളിലെ മായം, ഗ്യാസ് സിലിണ്ടറുകളുടെ ദുരുപയോഗം എന്നിവ തടയുന്നതിനായി വരും ദിവസങ്ങളിലും താലൂക്കിന്റെ വിവിധ സ്ഥലങ്ങളില്‍ കര്‍ശന പരിശോധനകള്‍ തുടരുമെന്ന് താലുക്ക് സപ്ലൈ ഓഫീസര്‍ അറിയിച്ചു.

പരിശോധനയില്‍ താലൂക്ക് സപ്ലൈ ഓഫീസര്‍ സന്തോഷ് ചോലയില്‍, റേഷനിംഗ് ഇന്‍സ്പെക്ടര്‍ നൗഫല്‍.കെ, ലീഗല്‍ മെട്രോളജി ഇന്‍സ്പെക്ടര്‍ ജംഷീദ്.കെ.പി, അസിസ്റ്റന്റ് മനോജ്. പി.കെ, കൊടുവള്ളി സര്‍ക്കിള്‍ ഭക്ഷ്യസുരക്ഷാ വകുപ്പ് ഓഫീസര്‍ കെ.ടി അനീസ് റഹ്മാന്‍, ഡ്രൈവര്‍ ആസിഫലി എന്നവര്‍ പങ്കെടുത്തു.

Sorry!! It's our own content. Kodancherry News©