subHistory-1

സാമൂഹ്യ വികസന ചരിത്രം:

വളക്കൂറുള്ള കന്നിമണ്ണ് തേടിയെത്തിയ അധ്വാനശീലരായ കര്‍ഷകരുടെ ത്യാഗത്തിന്റെയും ചെറുത്തുനില്‍പ്പിന്റെയും പോരാട്ടത്തിന്റെയും വിജയഗാഥയാണ് കോടഞ്ചേരിഗ്രാമപഞ്ചായത്തിന്റെ ചരിത്രം. സാമൂതിരി രാജാക്കന്മാരുടെ സാമന്തന്മാരായിരുന്ന മണ്ണിലെടുത്ത് കുടുംബങ്ങള്‍ക്ക് അവകാശമായി ലഭിച്ച പശ്ചിമഘട്ടമലനിരകളോട് ചേര്‍ന്നുകിടക്കുന്ന ഈ ഭൂപ്രദേശത്തു നിന്നും ഓട, മുള, മരം എന്നിവ മുറിച്ചു മാറ്റുന്നതിനുള്ള അവകാശത്തിനായി ജന്മിമാരില്‍ നിന്നും ഓടച്ചാര്‍ത്ത് അവകാശം ഫറോക്ക് സ്വദേശി ഉണ്ണിച്ചാമി എന്ന കുട്ടായിയും കൊയപ്പത്തൊടി അഹമ്മദ് കുട്ടി ഹാജിയും ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യനാളില്‍ത്തന്നെ എഴുതി വാങ്ങുകയും വിലപിടിപ്പുള്ള മരങ്ങളും മുളയും ഇവിടുത്തെ വേനല്‍ക്കാലത്തും സുലഭമായി ജലം നിറഞ്ഞൊഴുകിയിരുന്ന ചാലിപ്പുഴ വഴിയും ഇരുവഞ്ഞിപ്പുഴ വഴിയും മര വ്യവസായ കേന്ദ്രമായ കല്ലായിയില്‍ എത്തിച്ച് വില്‍പ്പന നടത്തിയിരുന്നു.

ഈ മലയോര മേഖലയിലെ വിലമതിക്കാനാകാത്ത വനസമ്പത്താണ് കല്ലായിയെ ലോക പ്രശ്സത മരവ്യവസായ കേന്ദ്രമാക്കിയത്.മരവും മുളയും മുറിച്ചു നീക്കുന്നതിനും അവ വലിച്ച് പുഴകളില്‍ എത്തിക്കുന്നതിനുമായി 100-150 ആനകളും അതിലധികം പോത്തുകളും നിരവധി തൊഴിലാളികളും വനാന്തരങ്ങളില്‍ പണിയെടുത്തിരുന്നു. ഇവര്‍ക്കാവശ്യമായ ഭക്ഷണം തയ്യാറാക്കുന്നതിനും താമസത്തിനുമായി നിരവധി ഊട്ടുപുരകളും ഉണ്ടായിരുന്നു.ഈ ഊട്ടുപുരകളോടനുബന്ധിച്ച് പല സ്ഥലനാലങ്ങളും രൂപപ്പെട്ടിട്ടുണ്ട്. ഉദാഹരണത്തിന് ചോറുവെക്കുന്ന ചെമ്പ് കഴുകി വ്യത്തിയാക്കുന്ന സമയത്ത് ഒഴുകിപ്പോയതിനുശേഷം കണ്ടുകിട്ടിയ സ്ഥലത്തെ ചെമ്പുകടവ് എന്ന് നാമകരണം ചെയ്തു. ഓടച്ചാര്‍ത്ത് എഴുതി വാങ്ങിയ ഉണിച്ചാമന്‍ കൂട്ടായിയില്‍ നിന്നും 1942-ല്‍ മരം വെട്ടി ഒഴിവാക്കിയ 5000 ഏക്കര്‍ സ്ഥലം ചെമ്പകത്തുങ്കല്‍ മത്തായി എന്നയാള്‍ ഏക്കര്‍ക്ക് 3.50 രൂപ പ്രകാരം വിലക്കെടുക്കുകയും അതില്‍ 2500 ഏക്കര്‍ സി.ഡി. മത്തായി ആന്റ് കമ്പനി എന്ന പേരില്‍ ഒരു എസ്റ്റേറ്റ് രജിസ്റ്റര്‍ ചെയ്യുകയും എസ്റ്റേറ്റിനെ പൂളവള്ളി എസ്റ്റേറ്റ് എന്നും നാമകരണം ചെയ്യുകയും ചെയ്തു. പിന്നീട് കോഴിക്കോട് രൂപത വിലക്കെടുത്ത 2500 ഏക്കര്‍ സ്ഥലം അമലാപുരി കോളനി എന്ന് നാമകരണം ചെയ്യുകയും ആയത് വില്‍ക്കുന്ന സംബന്ധിച്ച പരസ്യവും ദീപിക ദിനപത്രത്തില്‍ പ്രസിദ്ധീകരിക്കുകയും ചെയ്തു. 1942 കാലത്ത് ആരംഭിച്ച 2-ാം ലോക മഹായുദ്ധത്തിന്റെ കെടുതികള്‍മൂലം ദാരിദ്യ്രവും സാമ്പത്തികഞെരുക്കവും അനുഭവിച്ചിരുന്ന മധ്യതിരുവിതാംകൂറിലെ ഗ്രാമപ്രദേശങ്ങളില്‍ ദീപികയിലെ പരസ്യം ചര്‍ച്ച ചെയ്യപ്പെടുകയും സാഹസികരായ മൂന്നിലവുകാരായ 9 കുടുംബങ്ങള്‍ അതിവിദൂരമായ മലബാറിലെ കോടഞ്ചേരിയില്‍ 1944-ല്‍ (1113 മകരം 13 -ന്) കുടിയേറിപ്പാര്‍ക്കുകയും ചെയ്തു. കുടിയേറ്റജനത പുതുമണ്ണില്‍ കൃഷിയിറക്കുന്നതിനുള്ള പണികള്‍ ആരംഭിച്ചു. പെട്ടെന്ന് ആദായം ലഭിക്കുന്ന വിളകളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയും കപ്പ, തെരുവപ്പുല്ല്, നെല്ല് എന്നിവ വ്യാപകമായി കൃഷി ചെയ്തു തുടങ്ങുകയും ചെയ്തു. പുതിയ കുടിയേറ്റ ജനതയുടെ ക്ഷേമസൌകര്യങ്ങള്‍ അന്വേഷിക്കുന്നതിനും അവരുടെ മതപരമായ അനുഷ്ഠാനങ്ങള്‍ നിര്‍വ്വഹിക്കുന്നതിനുമായി കോഴിക്കോട് രൂപതയില്‍ നിന്നും നിയോഗിച്ച് മൊന്തനാരിയച്ചന്‍ എന്ന മിഷനറിയാണ് കുടിയേറ്റക്കാര്‍ക്ക് താങ്ങും തണലുമായി നിന്നത്. രണ്ടാഴ്ചയിലൊരിക്കല്‍ താമരശ്ശേരിയില്‍ നിന്നും കാല്‍നടയായി ഇവിടെ വന്ന് വിവിധ കുടിയേറ്റ മേഖലകള്‍ സന്ദര്‍ശിക്കുകയും രോഗികളായവര്‍ക്ക് മരുന്നും സ്വാന്തനവാക്കുകളും നല്‍കി ആശ്വസിപ്പിക്കുകയും ചെയ്തിരുന്നു. കോടഞ്ചേരിയില്‍ ആദ്യമായി പള്ളി ആരംഭിച്ചത് കണ്ണോത്തിനടുത്ത് അമ്പലകുന്ന് എന്ന സ്ഥലത്തായിരുന്നു. ജനങ്ങള്‍ വര്‍ദ്ധിക്കുന്നതിനനുസരിച്ച് സൌകര്യത്തിനായി അത് അമ്പാട്ടുപടി എന്ന സ്ഥലത്തേക്കും പിന്നീട് ഇപ്പോള്‍ കോടഞ്ചേരിഎല്‍.പി സ്കൂള്‍ ഇരിക്കുന്ന ടൌണിനടുത്ത സ്ഥലത്തേക്കും മാറ്റി.

Sorry!! It's our own content. Kodancherry News©