നാത്‍സികൾ വധിച്ച പോളിഷ് കുടുംബം ഇനി വാഴ്ത്തപ്പെട്ടവർ:
പോളണ്ടിൽ രണ്ടാം ലോകയുദ്ധകാലത്ത് ജൂതർക്ക് അഭയം നൽകിയതിന് നാത്‍സി പട്ടാളം വധിച്ച ഒൻപതംഗ കുടുംബത്തെ കത്തോലിക്കാ സഭ വാഴ്ത്തപ്പെട്ടവരായി പ്രഖ്യാപിച്ചു. തെക്കുകിഴക്കൻ പോളണ്ടിലെ മർക്കോവ ഗ്രാമത്തിലെ പള്ളിയിൽ നടന്ന പ്രത്യേക ചടങ്ങിൽ മാർപാപ്പയുടെ പ്രതിനിധി കർദിനാൾ മാഴ്സലോ സെമറാരോ സെമറാരോ ഇതുസംബന്ധിച്ച മാർപാപ്പയുടെ കൽപന വായിച്ചു. ഇതാദ്യമായാണു നവജാതശിശു ഉൾപ്പെടെ ഒരു കുടുംബത്തെ മുഴുവൻ കത്തോലിക്കാ സഭ വാഴ്ത്തപ്പെട്ടവരാക്കുന്നത്. പോളണ്ട് പ്രസിഡന്റ് ആന്ദ്രെ ഡൂഡ ഉൾപ്പെടെ ആയിരക്കണക്കിനു വിശ്വാസികൾ ചടങ്ങിൽ പങ്കെടുത്തു.
1944 മാർച്ച് 24ന് രാത്രിയാണ് ജോസഫ് ഉൽമയും കുടുംബവും അവർ അഭയം നൽകിയ 8 ജൂതരും നാത്‍സി പട്ടാളത്തിന്റെ ക്രൂരതയ്ക്കിരയായത്. കർഷകനും ഫ്രീലാൻസ് ഫൊട്ടോഗ്രഫറുമായ ജോസഫ് ഉൽമ (44), ഭാര്യ വിക്ടോറിയ (31), പുത്രിമാരായ സ്റ്റനിസ്ലാവ (7), ബാർബറ (6), മരിയ (18 മാസം), പുത്രന്മാരായ വ്ലഡിസ്ലാവ് (5), ഫ്രാൻസിസ്ക് (3), അന്റോണി (2) എന്നിവരെയും 8 ജൂതരെയും നാത്‍സികൾ വീട്ടിനുള്ളിൽ കൊലപ്പെടുത്തി. ഗർഭിണിയായിരുന്ന വിക്ടോറിയ വെടിയേറ്റു വീണപ്പോൾ പ്രസവിച്ച ശിശുവിനെയും വാഴ്ത്തപ്പെട്ടതായി പ്രഖ്യാപിച്ചിട്ടുണ്ട്. ജൂതർക്ക് അഭയം നൽകിയതിന് ജീവൻ വെടിഞ്ഞ ഇവരെ ഇസ്രയേലിലെ യാദ് വാഷേം ഇൻസ്റ്റിറ്റ്യൂട്ട് 1995ൽ പ്രത്യേക ബഹുമതി നൽകി ആദരിച്ചിരുന്നു.
ഉൽമ കുടുംബത്തിന്റെ ചിത്രം അൾത്താരയിൽ വണക്കത്തിനായി കർദിനാൾ സെമറാരോ അനാവരണം ചെയ്തു.
വാഴ്ത്തപ്പെട്ടവരായി പ്രഖ്യാപിക്കപ്പെട്ട ഉൽമ കുടുംബത്തിന്റെ മാധ്യസ്ഥതയിൽ ഒരു അദ്ഭുതം തെളിയിക്കപ്പെട്ടാൽ ഇവരെ വിശുദ്ധരായി പ്രഖ്യാപിക്കും.
*** ***** *** ***** ***
കോടഞ്ചേരിയിലെ യഥാർത്ഥ വാർത്തകളും വിവരങ്ങളും ഏറ്റവും ആദ്യം നിങ്ങളിലേക്ക് എത്തുവാൻ കോടഞ്ചേരി ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാവൂ.:
https://chat.whatsapp.com/BdxVCKJ8FrgDq60YkId3J2
ഫേസ്‌ബുക് പേജ് :
https://www.facebook.com/KodancherryNews/
യൂട്യൂബ് ചാനൽ :
https://youtube.com/channel/UCzkGD95hHb9NwsnmwtFPgMwQ