നന്നാക്കാൻ വന്ന വാഹനത്തെ വരെ വെറുതെ വിടാതെ ഒരു റോഡ്…., ഉദ്ഘാടനം കഴിഞ്ഞ് ഒരു മാസത്തിനുള്ളിൽ തകർന്ന കുപ്പായക്കോട് റോഡിൽ രണ്ടാമതും പോക്ലൈൻ താഴ്ന്നു.
കോടഞ്ചേരി: ജൂലൈ 10ന് ഉദ്ഘാടനം ചെയ്തതിന് ശേഷം സെപ്റ്റംബർ 11 ന് തകർന്ന കുപ്പായക്കോട് പാലത്തിന്റെ സമീപമുള്ള ഭാഗത്ത് മൂന്നു മാസത്തിന് ശേഷം നവംബർ 21ന് പണി ആരംഭിച്ച അന്ന് തന്നെ മണ്ണുമാറ്റാൻ ഇറങ്ങിയ പോക്ലൈൻ രണ്ട് മീറ്ററോളം ചെളിയിൽ താഴുകയും തുടർന്ന് പണികൾ താൽക്കാലികമായി നിർത്തി വെക്കുകയും ചെയ്തിരുന്നു.

വാഹനഗതാഗതം പൂർണമായി അടയുന്ന സാഹചര്യം ഉണ്ടായപ്പോൾ ഡിസംബർ 13ന് കോൺഗ്രസിന്റെ നേതൃത്വത്തിൽ പിഡബ്ല്യുഡി ഓഫീസിലേക്ക് മാർച്ച് നടത്തുകയും തുടർന്ന് ഇന്നലെ പണികൾ ആരംഭിക്കുകയും ചെയ്തു. ഇന്ന് വീണ്ടും പോക്ലൈൻ ഉപയോഗിച്ച് പണി തുടങ്ങിയെങ്കിലും കഴിഞ്ഞമാസം താഴ്ന്ന അതേ സ്ഥലത്ത് തന്നെ വീണ്ടും പോക്ലൈൻ താഴുകയായിരുന്നു. റോഡിന്റെ ഇടിയാതിരുന്ന ബാക്കി ഭാഗത്ത് നിന്നും മണ്ണിടിഞ്ഞ് പോക്ലൈന്റെ മുകളിലേക്ക് വീഴുകയും ചെയ്തു. ബാക്കിയുള്ള ഭാഗം മുഴുവൻ ഇടിയാൻ പാകത്തിനായി നിൽക്കുകയാണ്. അതിനാൽ കാൽനട പോലും യോഗ്യമല്ലാത്ത രീതിയിൽ ആണ് നിലവിൽ റോഡ് ഉള്ളത്.

ചെളിനിറഞ്ഞ റോഡിന്റെ സൈഡ് കെട്ടുമ്പോൾ വേണ്ടത്ര രീതിയിലുള്ള പൈലിങ് ചെയ്യാതെ, അശാസ്ത്രീയമായി നിർമ്മിച്ചതിനാൽ ആയിരിക്കാം മുൻപ് കെട്ടിയ സംരക്ഷണഭിത്തി ഒരു മാസത്തിന് ഉള്ളിൽ തന്നെ തകർന്നത്. ഉദ്യോഗസ്ഥരുടെ നിരുത്തരവാദിത്വവും, കരാർ കമ്പനിയുടെ അലംഭാവവും, നിർമ്മാണത്തിലെ അശാസ്ത്രീയതയും മൂലമാണ് റോഡ് ഈ രീതിയിൽ ആയത് എന്ന് നാട്ടുകാർ മുൻപും ആരോപിച്ചിരുന്നു. മൂന്നുവർഷത്തോളമായി ഉപയോഗശൂന്യമായി കിടന്ന ഈ റോഡ് നാട്ടുകാർ നിരവധി പ്രക്ഷോഭങ്ങൾ നടത്തിയതിനുശേഷമാണ് ഗതാഗത യോഗ്യമാക്കി തുറന്നു കിട്ടിയത്.

ചെളിയിൽ താഴ്ന്നുവെന്ന കാരണത്താൽ റോഡ് പണി നിർത്തിവെക്കാൻ ഇനിയും അനുവദിക്കുകയില്ലെന്നും വേറെ പോക്ളൈൻ കൊണ്ടുവന്ന് പണികൾ നാളെ തന്നെ തുടർന്നില്ലെങ്കിൽ ചെളിയിൽ താഴ്ന്ന പോക്ളൈൻ കയറ്റാൻ അനുവദിക്കുകയില്ല എന്നും, ഏതുനിമിഷവും ഇടിയാവുന്ന ബാക്കി ഭാഗം നിലനിൽക്കുമ്പോൾ അടിയന്തരമായി പണികൾ പൂർത്തിയാക്കണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു .
കോടഞ്ചേരിയിലെ വാർത്തകളും വിവരങ്ങളും ഏറ്റവും ആദ്യം നിങ്ങളിലേക്ക് എത്തുവാൻ കോടഞ്ചേരി ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാവൂ.: https://chat.whatsapp.com/D9psbaB4vbsIee9h6WvuEN