വീണ്ടും ഇടിഞ്ഞു: കുപ്പായക്കോട് ഈങ്ങാപ്പുഴ റോഡ് പൂർണമായും അടച്ചു
കോടഞ്ചേരി: 2023 ജൂലൈ 10ന് ഉദ്ഘാടനം ചെയ്തതിന് ശേഷം സെപ്റ്റംബർ 11 ന് തകർന്ന കുപ്പായക്കോട് പാലത്തിന്റെ സമീപമുള്ള ഭാഗം നിർമിക്കാതെ,ബാക്കി ഭാഗം കൂടി ഇടിഞ്ഞ് റോഡ് പൂർണമായും തകർന്നു. കാൽനട പോലും ദുഷ്കരമായ അവസ്ഥയിലാണ്, അപകടങ്ങൾ ഉണ്ടാവാതിരിക്കാൻ റോഡ് പൂർണമായും അടച്ചുവെന്ന് വാർഡ് മെമ്പർ ഷിൻജോ തൈക്കൻ അറിയിച്ചു.
ഉദ്ഘാടനത്തിന് ശേഷം തകർന്ന ഭാഗത്ത് മൂന്നു മാസത്തിന് ശേഷം നവംബർ 21ന് പണി ആരംഭിച്ച അന്ന് തന്നെ മണ്ണുമാറ്റാൻ ഇറങ്ങിയ പോക്ലൈൻ രണ്ട് മീറ്ററോളം ചെളിയിൽ താഴുകയും തുടർന്ന് പണികൾ താൽക്കാലികമായി നിർത്തി വെക്കുകയും ചെയ്തിരുന്നു.
ഡിസംബർ 20ന് വീണ്ടും പോക്ലൈൻ ഉപയോഗിച്ച് പണി തുടങ്ങിയെങ്കിലും നവംബറിൽ താഴ്ന്ന അതേ സ്ഥലത്ത് തന്നെ വീണ്ടും പോക്ലൈൻ താഴുകയായിരുന്നു. റോഡിന്റെ ഇടിയാതിരുന്ന ബാക്കി ഭാഗത്ത് നിന്നും മണ്ണിടിഞ്ഞ് പോക്ലൈന്റെ മുകളിലേക്ക് വീഴുകയും ചെയ്തു. അന്ന് നിർത്തിവച്ച റോഡിന്റെ പണികൾ ഇതുവരെയും പുനരാരംഭിച്ചിരുന്നില്ല. കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത മഴയിൽ മണ്ണ് മാന്തിയ ഭാഗത്ത് വെള്ളം കെട്ടി നിൽക്കുകയും ഇന്ന് റോഡിന്റെ കുറെ ഭാഗം ഇടിയുകയും ബാക്കിയുള്ള ഭാഗത്ത് വിള്ളൽ രൂപപെടുകയും ചെയ്ത സാഹചര്യത്തിൽ റോഡ് പൂർണമായും അടച്ചു. കാൽനട യാത്ര പോലും റോഡിൽ കൂടി സാധ്യമല്ല.
കോടഞ്ചേരിയിലെ വാർത്തകളും വിവരങ്ങളും ഏറ്റവും ആദ്യം നിങ്ങളിലേക്ക് എത്തുവാൻ കോടഞ്ചേരി ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാവൂ.: https://chat.whatsapp.com/FOZWMk3VRfXDrODLoC0OiN