തിരിച്ചടിച്ച് ഇന്ത്യ; പാകിസ്ഥാനിലെ ഭീകര കേന്ദ്രങ്ങൾ ആക്രമിച്ചു, 9 പാക് ഭീകര കേന്ദ്രങ്ങൾ തകർത്തെന്ന് കരസേന

ദില്ലി: പാകിസ്ഥാനിലും പാക് അധിനിവേശ കശ്മീരിലുമായി ഒമ്പതിടങ്ങളിൽ ഇന്ത്യയുടെ സർജിക്കൽ സ്ട്രൈക്ക്. ഭീകര കേന്ദ്രങ്ങൾ ഇന്ത്യ ആക്രമിച്ചു. 9 പാക് ഭീകര കേന്ദ്രങ്ങൾ ആക്രമിച്ചു തകർത്തതായി കരസേന അറിയിച്ചു. നീതി നടപ്പാക്കിയെന്ന് സമൂഹമാധ്യമങ്ങളിലൂടെ സേന അറിയിച്ചു. കൂടുതൽ വിവരങ്ങൾ ഉടൻ വെളിപ്പെടുത്തുമെന്ന് പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി. ആക്രമണം ഭീകര കേന്ദ്രങ്ങൾക്ക് നേരെ മാത്രമെന്ന് സേന വ്യക്തമാക്കിയിട്ടുണ്ട്. പാക് സൈനിക കേന്ദ്രങ്ങൾക്കു നേരെ ആക്രമണം നടത്തിയിട്ടില്ല. ബഹാവൽപൂരിലും മുസാഫറബാദിലും കോട്ലിയിലും മുറിഡ്കെയിലും ആക്രമണം നടന്നു. മിസൈൽ ആക്രമണമാണ് നടന്നതെന്ന് പാക് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

പഹൽഗാം ഭീകരാക്രമണത്തിന് മറുപടിയായി ഇന്ത്യൻ സൈന്യം നടത്തിയ ഓപ്പറേഷൻ സിന്ദൂര്‍ സര്‍ജിക്കൽ സ്ട്രൈക്കിന് പിന്നാലെ നിയന്ത്രണ രേഖയില്‍ കനത്ത ഏറ്റുമുട്ടൽ തുടരുന്നതിനിടെ പാക് ഷെല്ലിങിൽ മൂന്നു പേര്‍ കൊല്ലപ്പെട്ടു. പാക് ഷെല്ലിങിനിടെ മൂന്നു പ്രദേശവാസികള്‍ കൊല്ലപ്പെട്ടതായി ഇന്ത്യൻ സൈന്യം സ്ഥിരീകരിച്ചു.നിയന്ത്രണ രേഖയിലെ പോസ്റ്റുകള്‍ക്കുനേരെയും പാകിസ്ഥാൻ സൈന്യം ഷെല്ലാക്രമണം നടത്തി. പാക് പ്രകോപനത്തിന് മറുപടിയായി ഇന്ത്യ കനത്ത മറുപടി നൽകിയതായും സൈന്യം അറിയിച്ചു. അതിര്‍ത്തിയിൽ കനത്ത ഏറ്റുമുട്ടൽ തുടരുകയാണ്. കൊല്ലപ്പെട്ടവരുടെ വിശദാംശങ്ങള്‍ ലഭ്യമായിട്ടില്ല. നിയന്ത്രണ രേഖക്ക് സമീപമുള്ള പ്രദേശങ്ങളിലെ ആളുകള്‍ ബങ്കറുകളിലേക്ക് അടക്കം മാറിയിട്ടുണ്ട്. അതിര്‍ത്തി പ്രദേശങ്ങളിൽ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.

നിയന്ത്രണ രേഖയിൽ കനത്ത ഏറ്റുമുട്ടൽ തുടരുകയാണ്. നിയന്ത്രണ രേഖയിൽ പലയിടങ്ങളിലായാണ് പാക് പ്രകോപനം. പാമ്പോര്‍, അക്നൂര്‍, റമ്പാൻ, പൂഞ്ച് തുടങ്ങിയിടങ്ങളിലാണ് ഏറ്റുമുട്ടൽ നടക്കുന്നത്. ശക്തമായി തിരിച്ചടിക്കുന്നുവെന്ന് സൈന്യം വ്യക്തമാക്കി.പാകിസ്ഥാന്‍റെ ഷെല്ലിങിനിടെ അതിര്‍ത്തിയിലെ മൂന്നു വീടുകള്‍ക്കും തീപിടിച്ചു. പൂഞ്ച്, രജൗരി, കുപ്‍വാര മേഖലകളിലെ ഏഴിടങ്ങളിലാണ് കനത്ത ഏറ്റുമുട്ടൽ തുടരുന്നത്. പാക് ഷെല്ലിങിൽ ഉറി സലാമാബാദിലെ വീടുകള്‍ക്കാണ് തീപിടിച്ചത്. ഇതിനിടെ, ഓപ്പറേഷൻ സിന്ദൂര്‍ വിജയകരമെന്ന് പ്രധാനമന്ത്രിയെ സൈന്യം ധരിപ്പിച്ചു.പാകിസ്ഥാനിലെ ഭീകരരുടെ കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ടുള്ള ഇന്ത്യയുടെ സര്‍ജിക്കൽ സ്ട്രൈക്കിനായി ഉപയോഗിച്ചത് സ്കാൽപ് മിസൈലുകള്‍. ഒമ്പതിടങ്ങളിൽ നടത്തിയ ആക്രമണത്തിനായി സ്കാൽപ് മിസൈലുകളും ഹാമര്‍ ബോംബുകളുമാണ് ഇന്ത്യൻ സൈന്യം ഉപയോഗിച്ചത്. കരസേനക്കും വ്യോമസേനക്കുമൊപ്പം നാവിക സേനയും ഓപ്പറേഷന്‍റെ ഭാഗമായെന്നും സൂചനയുണ്ട്.

റഫാൽ യുദ്ധ വിമാനങ്ങളിൽ നിന്നാണ് ഇന്ത്യൻ സൈന്യം സ്കാൽപ് മിസൈലുകളും ഹാമര്‍ ബോംബുകളും പാകിസ്ഥാന്‍റെ ഭീകരരുടെ താവളങ്ങള്‍ ലക്ഷ്യമാക്കി തൊടുത്തുവിട്ടതെന്നാണ് വിവരം. റഫാൽ യുദ്ധ വിമാനങ്ങളിൽ നിന്ന് തൊടുത്ത ക്രൂയ്സ് മിസൈലുകള്‍ ലക്ഷ്യംതെറ്റാതെ പാകിസ്ഥാനിലെ ഭീകരരുടെ കേന്ദ്രങ്ങളിൽ പതിച്ചുവെന്നാണ് സൈന്യം അറിയിക്കുന്നത്. ഓപ്പറേഷൻ സിന്ദൂരിലെ ആദ്യഘട്ടമാണിതെന്നാണ് സേനാ വൃത്തങ്ങള്‍ അറിയിക്കുന്നത്. ഇന്ത്യയുടെ സര്‍ജിക്കൽ സ്ട്രൈക്കിൽ ഞെട്ടിയിരിക്കുകയാണ് പാകിസ്ഥാൻ.

Sorry!! It's our own content. Kodancherry News©