പതങ്കയത്ത് ഇതുവരെ മരിച്ചത് 28 യുവാക്കൾ മരിച്ചവരിൽ ഏറെയും വിദ്യാർത്ഥികൾ 

കോടഞ്ചേരി: നാരങ്ങാത്തോട് പതങ്കയത്ത് ഞായറാഴ്ച  ഉച്ചയോടെ കാണാതായ മഞ്ചേരി കച്ചേരിപ്പടി സ്വദേശി  അലൻ അഷ്റഫിന് (16) വേണ്ടിയുള്ള  നാലാം ദിവസം നടത്തിയ തിരച്ചിലിന്   ഇന്ന് ഫലം കണ്ടിരുന്നു.  പതംങ്കയത്തിന് താഴെ 500 മീറ്റർ മാറി സിയാൽ  ചെറുകിട ജലവൈദ്യുതി പദ്ധതിയുടെ ഡാമിൽ നിന്നാണ് അലന്റെ മൃതദേഹം ലഭിച്ചത്. കോടഞ്ചേരി പോലീസിന്റെ നേതൃത്വത്തിൽ ഇൻക്വസ്റ്റ് നടത്തി  മെഡിക്കൽ കോളേജിലേക്ക് മാറ്റി. പോസ്റ്റുമാർട്ട ത്തിനുശേഷം വെള്ളുവങ്ങാട് പഴയ ജുമാഅത്ത് പള്ളിയിൽ കബറടക്കം നടത്തും.

 മാതാവ്: നസ്റീന, സഹോദരൻ അമൽ അഷ്റഫ്.

ഓരോ അപകടങ്ങളും  മുന്നറിയിപ്പുകൾ ആകുമ്പോൾ അധികൃതരുടെ കർശന നിയന്ത്രണങ്ങളും പ്രദേശവാസികളുടെ വാക്കുകളെയും മറികടന്നാണ്  പല യുവാക്കളും അപകടത്തിൽപ്പെടുന്നത്. 15 നും 30 നും ഇടയിലുള്ള യുവാക്കളാണ് ഇതുവരെ അപകടത്തിൽപ്പെട്ടത്. വീട്ടുകാർ പോലും അറിയാതെയാണ് പല യുവാക്കളും ഇവിടെ എത്തുന്നത്.അപകടം നടന്നതിനുശേഷം ആയിരിക്കും വീട്ടുകാർ  അറിയുന്നതുപോലും. കൂടുതലും അയൽ ജില്ലകളിൽ നിന്നുള്ള വിദ്യാർത്ഥികളാണ് ഇവിടെ എത്താറ്. ഇൻസ്റ്റഗ്രാം സ്റ്റോറി, റിയൽസ്  എന്നിവ കണ്ടുള്ള അറിവ് വെച്ചാണ് ഭൂരിഭാഗം വിദ്യാർഥികളും ഇവിടെ എത്തിച്ചേരുന്നത്.

 മലയാളം, ഹിന്ദി, ഇംഗ്ലീഷ് എന്നീ മൂന്ന് ഭാഷകളിൽ പുഴയിൽ ഇറങ്ങരുത് എന്നുള്ള അറിയിപ്പുകൾ നാരങ്ങാത്തോട് അങ്ങാടി മുതൽ പതങ്കയം വരെ വിവിധ സ്ഥലങ്ങളിൽ പഞ്ചായത്തും, നാട്ടുകാരും വച്ചിട്ടുണ്ട്. പുഴയുടെ മനോഹാരിതയിൽ പലരും ഇതൊന്നും വകവെക്കാതെ പുഴയിൽ ഇറങ്ങിയാണ് കൂടുതലും അപകടങ്ങൾ സംഭവിച്ചിട്ടുള്ളത്. വൻപാറക്കൂട്ടങ്ങളും, കയങ്ങളും, വഴുക്കലും അപകടത്തിന്റെ തീവ്രത വർദ്ധിപ്പിക്കുന്നു. വേനൽക്കാലത്ത് പോലും ഇവിടെ അപകടം മരണങ്ങൾ നടന്നിട്ടുണ്ട്.

 ഇനിയെങ്കിലും അപകടം നിറഞ്ഞ  ഇരുവഞ്ഞിപ്പുഴയുടെ  സൗന്ദര്യം ആസ്വദിക്കുവാൻ എത്താതിരിക്കുക. 

Sorry!! It's our own content. Kodancherry News©