ആവേശോജ്വലമായി പതിനേഴാമത് കോടഞ്ചേരി സംഗമം യു കെ യിൽ നടന്നു:

കുടിയേറ്റ ജനതയുടെ സാംസ്‌കാരിക തലസ്ഥാനമായ കോടഞ്ചേരിയിൽ നിന്നും യു കെ യിലേക്ക് കുടിയേറിയവരുടെ പതിനേഴാമത് വാർഷിക സംഗമം വിൽഷയറിലെ ബ്രേസൈഡ് സെൻറ്ററിൽ വച്ച് ജൂലൈ 5,6,7 തീയതികളിൽ നടത്തപ്പെട്ടു.

2008 ൽ ആരംഭിച്ച കോടഞ്ചേരി സംഗമം യു കെ യിലുള്ള കോടഞ്ചേരിക്കാരുടെ വർഷം തോറുമുള്ള സംഗമ വേദിയാണ്, പ്രായഭേദമെന്ന്യേ കോടഞ്ചേരിക്കാർ ഒത്തുകൂടുകയും തങ്ങളുടെ ഗൃഹാതുര ഓർമ്മകൾ പങ്കുവയ്ക്കുകയും പുതു തലമുറക്ക് വ്യത്യസ്ത അനുഭവങ്ങൾ പകർന്നുകൊടുക്കുകയും ചെയ്യുന്ന ഈ കൂട്ടായ്മ എല്ലാ വർഷവും നാട്ടിൽ ചാരിറ്റി പ്രവർത്തനങ്ങളിൽ ഏർപ്പെടുകയും ചെയ്യുന്നു.

പതിവു പോലെ മൂന്നു ദിവസം നീണ്ടു നിന്ന കലാ , സാംസ്ക്കാരിക , കായിക പരിപാടികൾ വെള്ളിയാഴ്ച വൈകുന്നേരം കോടഞ്ചേരി സ്വദേശിയായ ഫാദര്‍ ലൂക്ക് മരപ്പിള്ളി നേതൃത്വം നൽകിയ പ്രാർത്ഥനയോടെ ആരംഭിച്ചു.

യുകെയുടെ വിദൂര ദേശങ്ങളിൽ നിന്നും എത്തിച്ചേർന്ന കുടുംബങ്ങൾ യാത്രാക്ഷീണം വകവെക്കാതെ കപ്പബിരിയാണി രുചിച്ചും, പാട്ടുകൾ പാടിയും രാവേറെ വൈകും വരെ വിവിധ കലാപരിപാടികളിൽ മുഴുകി സമയം ചെലവഴിച്ചു .

ശനിയാഴ്ച ഉച്ച വരെ പ്രായഭേദമന്യേ എല്ലാവരും വിവിധയിനം ഗ്രൂപ്പ് മത്സരങ്ങളിൽ പങ്കെടുത്തു. വ്യത്യസ്തതയും, പുതുമയും നിറഞ്ഞ മത്സരങ്ങൾ എല്ലായ്‌പ്പോഴും പൊട്ടിച്ചിരിയിൽ ആണ് അവസാനിച്ചത് .

ഉച്ച ഭക്ഷണത്തിന് ശേഷം കുട്ടികളുടേയും മുതിർന്നവരുടേയും കലാവാസനകൾ പുറഞ്ഞെടുത്ത വൈവിധ്യമാർന്ന പരിപാടികൾ, നൃത്ത വിസ്മയങ്ങൾ കൊണ്ടും, ഏകാംഗ അഭിനയങ്ങൾ കൊണ്ടും വേറിട്ട് നിന്നു.

കോടഞ്ചേരിക്കാരുടെ ഒത്തൊരുമ വിളിച്ചോതുന്നതായിരുന്നു ശനിയാഴ്ച വൈകുന്നേരത്തെ ബാർബിക്യു അത്താഴവും, ക്യാമ്പ് ഫയറും, നേരം വെളുക്കുവോളം നീണ്ടു നിന്ന നൃത്തച്ചുവടുകളും.

മലയാളം കുർബാനയോടെ ആരംഭിച്ച ഞാഴറാഴ്‌ച ദിവസം, എല്ലാവരും ചേർന്ന് നിന്ന് ഗ്രൂപ്പ് ഫോട്ടോ എടുക്കാനുള്ള ഒരു വേദിയായി മാറി. എല്ലാ വർഷവും നാട്ടിൽ നടത്തിവരുന്ന ചാരിറ്റി പ്രവർത്തനങ്ങൾ അടുത്ത വർഷവും ഊർജസ്വലമായി തുടരാൻ ജനറൽ ബോഡി യോഗത്തിൽ തീരുമാനമെടുത്തു.

വരുന്ന വർഷത്തെ സംഗമത്തിനുള്ള ഭാരവാഹികളെ തിരഞ്ഞെടുത്തതിന് ശേഷം, ഉച്ചഭക്ഷണം. അടുത്ത വർഷം വീണ്ടും കാണുമെന്ന ഉറപ്പോടെ എല്ലാവരും മനസ്സില്ലാമനസ്സോടെ അവരവരുടെ ദേശങ്ങളിലേക്ക് മടങ്ങി.

ഈ വർഷത്തെ പരിപാടികൾക്ക് ബേബി അബ്രഹാം ഞള്ളിമാക്കൽ (പ്രസിഡന്റ്), സന്തോഷ് ജോൺ വട്ടപ്പാറ (സിക്രട്ടറി), ലാൽസൺ (ട്രഷറർ), സ്മിത ബിജു (വൈസ് പ്രസിഡന്റ), ഷാന്റി ബാബു (ജോയിന്റ് സെക്രട്ടറി) എന്നിവർ നേതൃത്വംനൽകി.

2024-25 വർഷത്തെ ഭാരവാഹികളായി തങ്കച്ചൻ ജോസഫ് കാഞ്ഞിരത്തിങ്കൽ (പ്രസിഡൻറ്), ജോജി തോമസ് പുത്തൻപുരയിൽ(സിക്രട്ടറി), രാജീവ് തോമസ് അറമത്ത് (ട്രഷറർ), ജ്യോതി ജയ്സൺ(വൈസ് പ്രസിഡൻറ്), ബീന ജോൺസൺ(ജോയൻറ് സിക്രട്ടറി) എന്നിവരെ തിരഞ്ഞെടുത്തു.

യൂ കെ യിലെ കോടഞ്ചേരിക്കാർക്ക് അടുത്ത വർഷം വിപുലവും വൈവിധ്യമുള്ളതുമായ പരിപാടികൾ സമ്മാനിക്കാൻ തങ്ങൾ പ്രതിജ്ഞാബദ്ധരാണെന്നു പുതിയ ഭാരവാഹികൾ അറിയിച്ചു. യൂ കെ യിലെ പരിപാടികൾക്കൊപ്പം നാട്ടിലെ ചാരിറ്റി പ്രവർത്തനങ്ങളും പൂർവാധികം ആവേശത്തോടെ മുമ്പോട്ട് കൊണ്ടുപോകേണ്ടതിന്റെ ആവശ്യകത ഊന്നി പറഞ്ഞുകൊണ്ടാണ് ഭാരവാഹികൾ ചുമതല ഏറ്റെടുത്തത്.


കോടഞ്ചേരിയിലെ വാർത്തകളും വിവരങ്ങളും ഏറ്റവും ആദ്യം നിങ്ങളിലേക്ക് എത്തുവാൻ കോടഞ്ചേരി ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ അംഗമാവൂ.: https://chat.whatsapp.com/HuBxdYfQOCyEgSavsmcKiD

Sorry!! It's our own content. Kodancherry News©