ഉരുൾപൊട്ടലുണ്ടായി 10 നാൾ; പുറംലോകവുമായി ബന്ധപ്പെടാനാവാതെ വിലങ്ങാട്ടുകാര്‍
ഉരുള്‍പൊട്ടൽ നാശം വിതച്ച് പത്ത് ദിവസമാകുമ്പോഴും പുറം ലോകവുമായി ബന്ധപ്പെടാനാവാതെ വിലങ്ങാട്ടുകാര്‍. വിലങ്ങനാടിനെ പുറം ലോകവുമായി ബ്വധിപ്പിച്ചിരുന്ന നാല് പാലങ്ങളും പ്രധാന റോഡുകളും തകര്‍ന്നതോടെ ഇവരുടെ ജീവിതം ദുസഹമായിരിക്കുകയാണ്. പാലൂര്‍ റോഡിലെ മുച്ചങ്കയം പാലം, മലയങ്ങാട് പാലം, വയനാട് പാലം, വാളൂക്ക് ഇന്ദിര നഗര്‍ പാലം എല്ലാം ഉരുളിൽ ഒലിച്ചു പോയി.
പുറം ലോകവുമായി ബന്ധപ്പെടാനുള്ള ഏക മാര്‍ഗമായിരുന്ന ഉരുട്ടി പാലത്തിന്‍റെ ഒരുഭാഗവും അപ്രോച്ച് റോഡും തകര്‍ന്നു. വിലങ്ങാട് ടൗണിൽ നിന്ന് വാളൂക്കിലേക്കുള്ള ടൗണ്‍പാലവും മലവെള്ളപ്പാച്ചിലെടുത്തു. കുറ്റല്ലൂര്‍, പന്നിയേരി പ്രദേശത്തെ ബന്ധിപ്പിക്കുന്ന മുച്ചങ്കയം പാലം ഉപയോഗിക്കാൻ പറ്റാതായി. മഞ്ഞക്കുന്നിലെ റോഡ് പൂര്‍ണമായും ഇല്ലാതായി. ഇനി എങ്ങനെ എല്ലാം തിരിച്ച് പിടിക്കുമെന്ന് പ്രദേശവാസികൾ ചോദിക്കുന്നു. ഉരുൾപൊട്ടലിൽ തകർന്നും മണ്ണും പാറയും നിറഞ്ഞും 56 വീടുകള്‍ വാസയോഗ്യമല്ലന്നാണ് കണ്ടെത്തൽ. പാനോം, മഞ്ഞച്ചീളി, അടിച്ചിപ്പാറ, മലയങ്ങാട്, ആനക്കുഴി എന്നിവിടങ്ങളിലെ വീടുകള്‍ക്കാണ് നഷ്ടം. ഒന്‍പത് വ്യാപാരികള്‍ക്ക് കടകള്‍ നഷ്ടപ്പെട്ടു.
19 പേര്‍ക്ക് ഭാഗികമായും നാശനഷ്ടമുണ്ടായി.ഗതാഗതം പൂര്‍ണമായും പുനഃസ്ഥാപിക്കാത്തത് വ്യാപാര മേഖലയിലും കടുത്ത പ്രതിസന്ധി ഉണ്ടാക്കിയിരിക്കുകയാണ്. ഉരുള്‍പൊട്ടൽ തകര്‍ത്ത വിലങ്ങാടിൻറെ വീണ്ടെടുപ്പ് ഉടൻ ആരംഭിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.