എഴുപത്തഞ്ചിൻ്റെ നിറവിൽ കണ്ണോത്ത് സെൻ്റ് ആൻ്റണീസ് യു.പി സ്കൂൾ
കണ്ണോത്ത് : തിരുവതാംകൂറിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്നും കണ്ണോത്തെത്തിയ അധ്വാനശീലരും സാഹസികരുമായ കർഷകർ തങ്ങളുടെ ഭാവി തലമുറക്ക് അക്ഷര വിദ്യ ഊട്ടിയുറപ്പിക്കാൻ സ്ഥാപിച്ചതാണ് കണ്ണോത്ത് സെൻ്റ് ആൻ്റണീസ് യു.പി സ്കൂൾ. 1950 ൽ പ്രവർത്തനം ആരംഭിച്ച് ഏഴരപതിറ്റാണ്ട് പിന്നിടുമ്പോൾ കണ്ണോത്തിൻ്റെ വൈജ്ഞാനിക, സാംസ്ക്കാരിക മണ്ഡലങ്ങളിൽ പ്രശോഭിച്ച് നിൽക്കുന്ന വിദ്യാഭ്യാസ സ്ഥാപനമാണ് സെൻ്റ് ആൻ്റണീസ് യു.പി സ്കൂൾ.
ഏറ്റവുമടുത്ത വിദ്യാലയത്തിൽ (താമരശ്ശേരിയിൽ) പോകുന്നതിന് 15 കിലോമീറ്ററിലധികം ദൂരം ഘോരവനത്തിലൂടെ മലകൾ താണ്ടേണ്ടിയിരുന്നു. എട്ടും പൊട്ടും തിരിയാത്ത കുഞ്ഞുങ്ങളെ എങ്ങനെ ഇത്ര ദൂരത്തിലയക്കും ? ജനങ്ങളുടെ സങ്കടത്തിന് പരിഹാരമുണ്ടാക്കാൻ അന്നത്തെ കണ്ണോത്ത് പള്ളി വികാരിയായിരുന്ന ഫാ. സെക്യൂര തയ്യാറായി. ഇപ്പോൾ പള്ളിയിരിക്കുന്ന സ്ഥലത്ത് 1949 ൽ ഒരു താൽക്കാലിക ഷെഡ് കെട്ടി കളരി ആരംഭിച്ചു.
എന്നാൽ ഇന്ന് വിദ്യാഭ്യാസ മേഖലയിലും ഭൗതിക മേഖലയിലും മികച്ച മുന്നേറ്റം നടത്തി ഏവരുടെയും പ്രശംസ നേടി സ്കൂൾ ഈ പ്രദേശത്തിൻ്റെ അഭിമാനസ്തംഭമായി തലയുയർത്തി നിൽക്കുന്നു. 1967 മുതൽ തലശ്ശേരി രൂപത കോർപ്പറേറ്റ് മാനേജ്മെന്റിന്റെ ഭാഗമായിരുന്ന ഈ വിദ്യാലയം രൂപത വിഭജനത്തെ തുടർന്ന് 1987 മുതൽ താമരശ്ശേരി രൂപത കോർപ്പറേറ്റ് മാനേജ്മെന്റിന്റെ കീഴിലാണ് പ്രവർത്തിക്കുന്നത്.
ഈ സ്കൂളിന് മികച്ച കെട്ടിടങ്ങൾ, വിസ്തൃതമായ കളിസ്ഥലം, ചിൽഡ്രൻസ് പാർക്ക്, വാഹന സൗകര്യം, സ്കൗട്ട് ആൻഡ് ഗൈഡ്സ്, ജെ. ആർ.സി, ഉറുദു, അറബി, സംസ്കൃതം ഉൾപ്പെടെ വിവിധ ഭാഷാ പഠന സൗകര്യം, ഗൃഹാന്തരീക്ഷത്തിൽ പ്രവർത്തിക്കുന്ന എൽ.കെ.ജി, യു.കെ.ജി ക്ലാസുകൾ കൂടാതെ കലാകായിക പരിശീലനം, എൽ.എസ്.എസ്.യു എസ് എസ് പരിശീലനം സന്മാർഗ ക്ലാസുകൾ പ്രത്യേക കൗൺസിലിംഗ് എന്നിവ നടത്തിവരുന്നു.
പ്ലാറ്റിനം ജൂബിലിയോട് അനുബന്ധിച്ച് വിവിധ കമ്മിറ്റികളും സബ്കമ്മിറ്റികളും രൂപികരിച്ച് വിവിധങ്ങളായ പരിപാടികൾ, വിദ്യാലയ നവീകരണ പ്രവർത്തനങ്ങൾ, അധ്യാപക വിദ്യാർത്ഥി സംഗമങ്ങൾ, വിളംബര ജാഥ, കലാകായിക മത്സരങ്ങൾ, രചന മത്സരങ്ങൾ, ശലഭോത്സവം തുടങ്ങിയ വ്യത്യസ്തങ്ങളായ പരിപാടികൾ നടപ്പിലാക്കാൻ തീരുമാനിച്ചു. പ്ലാറ്റിനം ജൂബിലിയുടെ സമാപനത്തോടനുബന്ധിച്ച് 2025 ഫെബ്രുവരി 14-ാം തീയ്യതി സ്കൂൾ കുട്ടികളുടെ വിവിധ കലാപരിപാടികളും 15-ാം തീയ്യതി ജനപ്രതിനിധികളും, കലാകാരൻമാരും പങ്കെടുക്കുന്ന വിപുലമായ സാംസ്കാരിക സമ്മേളനവും ജൂബിലി സമാപന പ്രഖ്യാപനവും നടത്തുമെന്ന് സ്കൂൾ മാനേജർ ഫാ. അഗസ്റ്റിൻ ആലുങ്കൽ, ഹെഡ്മാസ്റ്റർ ജോസ് പി എ എന്നിവർ അറിയിച്ചു.