പാലത്തിന്റെ അപ്രോച്ച് റോഡിൽ മണ്ണിട്ടപ്പോൾ കോൺക്രീറ്റ് ഭിത്തി തെന്നിമാറി
കോടഞ്ചേരി: കോടഞ്ചേരി പഞ്ചായത്തിലെ 15-ാം വാർഡിൽ പൂക്കോട്ടിപ്പടി- പനച്ചിക്കൽതാഴെ റോഡിൽ പുതിയ പാലം പണിതിട്ട് രണ്ടര വർഷം കഴിഞ്ഞിട്ടും അപ്രോച്ച് റോഡ് നിർമിക്കാത്ത അവസ്ഥയിലായിരുന്നു. കഴിഞ്ഞദിവസം അപ്രോച്ച് റോഡിൽ മണ്ണിട്ടപ്പോൾ പാലത്തോട് ചേർന്ന് മറുകരയിൽ ഇരുഭാഗത്ത് നിർമ്മിച്ച കോൺക്രീറ്റ് ഭിത്തി ഏകദേശം നാല് ഇഞ്ചോളം തെന്നി മാറി .2019-20 സാമ്പത്തിക വർഷം എം.എൽ.എ ഫണ്ടിൽ നിന്നും 30 ലക്ഷം രൂപ അനുവദിച്ചത് പാലവും അനുബന്ധ റോഡും പണിയുന്നതിനാണ്. അനുവദിച്ച തുക കൊണ്ട് പാലം പണി പൂർത്തിയായില്ല. വീണ്ടും 30 ലക്ഷം കൂടി അനുവദിച്ചു. പിന്നീട് ജില്ല പഞ്ചായത്ത് 15 ലക്ഷം രൂപ അനുവദിച്ച് അപ്രോച്ച് റോഡ് പണിയുന്നതിന് ടെൻഡർ ചെയ്തെങ്കിലും തുടർ നടപടി ഉണ്ടായില്ല.

60 ലക്ഷം രൂപ മുടക്കി നിർമ്മിച്ച ഈ പാലം അഞ്ചു മീറ്റർ വീതിയുള്ള തോട്ടിലാണ് ഉണ്ടാക്കിയിരിക്കുന്നത്. 5 മീറ്റർ വീതിയുള്ള തോട്ടിൽ നിർമ്മിച്ച ഈ പാലത്തിന്റെ നിർമ്മാണത്തിൽ ഇതുവരെയും അപ്രോച്ച് റോഡിന്റെ നിർമാണം കരാറുകാരൻ പൂർത്തിയാക്കിയിരുന്നില്ല. അച്ഛൻ കടവ് ഭാഗത്തുനിന്ന് വേളങ്കോട് ഭാഗത്തേക്ക് എളുപ്പം എത്തിച്ചേരാനുള്ള ഒരു പാതയായിരുന്നു ഇത്. ഇത്രയും തുക ചെലവഴിച്ച് നിർമ്മിച്ച പാലത്തിന്റെ അപ്രോച്ച് റോഡിന്റെ കോൺക്രീറ്റ് ഭിത്തി തള്ളി പോയതിനാൽ ഉടൻ ഇതിന് പരിഹാരം കാണണം എന്നാണ് പ്രദേശവാസികളുടെ ആവശ്യം.

ഇതിന്റെ സമീപത്തു കൂടി ഒഴുകുന്ന ചാലിപ്പുഴയിൽ കനത്ത മഴപെയ്താൽ ഈ തോട്ടിലേക്ക് വെള്ളം തിരിച്ചു കയറുന്നതാണ്. ഇപ്പോൾ നിലവിൽ അപ്രോച്ച് റോഡിൽ നിരത്തിയ മണ്ണ് ജെസിബി ഉപയോഗിച്ച് തള്ളിയ കോൺക്രീറ്റ് ഭിത്തിയുടെ ഇരു വശങ്ങളിലും ഇട്ടിരിക്കുകയാണ്. ഈ മണ്ണ് കനത്ത മഴ പെയ്താൽ ഒലിച്ച് ചാലിപ്പുഴയിൽ എത്തിച്ചേരും. ഇതിന് ശാശ്വത പരിഹാരം എങ്ങനെ ഉണ്ടാകും എന്നാണ് പ്രദേശവാസികൾ ചോദിക്കുന്നത്.
