പെയിൻ & പാലിയേറ്റീവ് ഹോം കെയർ – ഫിസിയോ തെറാപ്പി സർവ്വീസ് നടത്തി സ്കൗട്ട്സ് & ഗൈഡ്സ് വിദ്യാർത്ഥികൾ
കോടഞ്ചേരി സെൻ്റ് ജോസഫ്സ് ഹയർ സെക്കണ്ടറി സ്കൂളിലെ സ്കൗട്ട്സ് & ഗൈഡ്സ് വിദ്യാർത്ഥികൾ പെയിൻ & പാലിയേറ്റീവ് കെയർ സൊസൈറ്റിയുമായി സഹകരിച്ച് ഹോം കെയർ – ഫിസിയോ തെറാപ്പി സർവ്വീസ് നടത്തി.
പാലിയേറ്റീവ് പ്രവർത്തകരോടൊപ്പം പങ്കാളികളായ വിദ്യാർത്ഥികൾക്ക് രോഗീപരിചരണമൊരു നവ്യാനുഭവമായി മാറി. സ്കൗട്ട്സ് & ഗൈഡ്സിൻ്റെ നേതൃത്വത്തിൽ കോടഞ്ചേരി പെയിൻ & പാലിയേറ്റീവ് കെയർ സൊസൈറ്റി പഞ്ചായത്തിൽ നടത്തിവരുന്ന സാന്ത്വന പരിചരണ പ്രവർത്തനങ്ങൾക്കായി നവംബർ മാസത്തെ ഫണ്ട് സമാഹരിച്ച് നൽകി. കോടഞ്ചേരി പഞ്ചായത്തിൽ വിവിധ രോഗങ്ങളാൽ അവശതയനുഭവിക്കുന്ന പ്രിയപ്പെട്ടവരുടെ വീടുകളിലെത്തി ഡോക്ടർ,നഴ്സ്,സുമനസ്സുകളായ പാലിയേറ്റീവ് പ്രവർത്തകർ എന്നിവരടങ്ങിയ സംഘം രോഗികളുടെ വീടുകളിൽ നേരിട്ടെത്തി സാന്ത്വന പരിചരണം നടത്തി വരുന്നു. പുതുതായി ആരംഭിച്ച ഫിസിയോതെറാപ്പി,കമ്യൂണിറ്റി സൈക്യാട്രിക് ചികിത്സകളിലൂടെ ശാരീരികമായും,മാനസ്സികമായും ശാരീരികക്ഷമത വീണ്ടെടുക്കുന്നതിനും അതു വഴി ആബാലവൃദ്ധം ‘ജനങ്ങൾക്ക് ആരോഗ്യം നിലനിർത്താനും,വേദന നിയന്ത്രിക്കാനും,അതിലൂടെ രോഗങ്ങൾ തടയാനും സഹായിക്കുന്നു.പെയിൻ & പാലിയേറ്റീവ് പ്രവർത്തനങ്ങൾ നമ്മുടെ നാടിൻ്റെ ആവശ്യമായി മാറിയിരിക്കുകയാണ്.
രോഗത്തെ അതിജീവിച്ച ശേഷം രോഗിയും കുടുംബവും നേരിടുന്ന ശാരീരികവും സാമൂഹികവും മാനസികവും സാമ്പത്തികവുമായ വെല്ലുവിളികൾക്ക് പരിഹാരം ഇനിയും ഏറെ അകലെയായിരിക്കെ അവർക്ക് ആശ്വാസമേകി കോടഞ്ചേരി പാലിയേറ്റീവ് കെയർ സൊസൈറ്റി പ്രവർത്തിക്കുന്നത്.
സ്കൗട്ട്മാസ്റ്റർ ഷീൻ.പി.ജേക്കബ് സ്വാഗതം ചെയ്ത പരിപാടിയിൽ,ഹയർ സെക്കണ്ടറി സ്കൂൾ പ്രിൻസിപ്പൽ വിൽസൺ ജോർജ്,കോടഞ്ചേരി പെയിൻ & പാലിയേറ്റീവ് കെയർ സൊസൈറ്റി പ്രസിഡൻ്റ് ജോസഫ് പാലയ്ക്കൽ,ട്രഷറർ ജോസ് മണ്ണകത്ത് എന്നിവർക്ക് ഫണ്ട് കൈമാറി.ഗൈഡ് ക്യാപ്റ്റൻ ലീന സക്കറിയാസ് നന്ദിയർപ്പിച്ചു. സ്കൗട്ട് & ഗൈഡ് വിദ്യാർത്ഥികളായ അഖിൽ ജോണി,എമിൽ വി റോയ്,ജ്യോതി കൃഷ്ണ,അലൻ ജോർജ് ലിൻസ്,ലിയ മരിയ ബിജു,അൻഫി ജോസഫ്,നീനു മരിയ തോമസ്,തെരേസ സുനിൽ ദേവ് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.
പെയിൻ & പാലിയേറ്റീവ് കെയർ സൊസൈറ്റി പ്രവർത്തകർ,കഴിഞ്ഞ 20 വർഷത്തോളമായി, കോടഞ്ചേരി പഞ്ചായത്തിൽ വിവിധ രോഗങ്ങളാൽ യാതനയനുഭവിക്കുന്നവരുടെ വീടുകളിലെത്തിച്ചേർന്ന് സാന്ത്വന പരിചരണം നടത്തി ആശ്വാസം പകരുകയാണ്. രണ്ടു വർഷത്തോളമായി ഹയർ സെക്കണ്ടറി സ്കൂളിൽ,എല്ലാ മാസവും പെയിൻ & പാലിയേറ്റീവ് പ്രവർത്തന ഫണ്ട് സ്വരൂപിക്കുന്നതിനായി സ്കൗട്ട്സ് & ഗൈഡ്സ് വിഭാഗം നേതൃത്വം നൽകി വരികയാണ്. സഹജീവികളുടെ വേദന തിരിച്ചറിഞ്ഞ് അവർക്ക് ആശ്വാസവും,സാന്ത്വനവും നൽകുമ്പോഴാണ് മനുഷ്യർ സാമൂഹ്യ ജീവികളായി മാറുന്നത്.
സ്നേഹവും,നന്മയും വറ്റിപ്പോകാത്ത ഒരു പറ്റം നല്ല മനുഷ്യർ ഇന്നും നമുക്കൊപ്പം തന്നെയുണ്ട് എന്നതിന് തെളിവാണ് ഈ പ്രവർത്തനങ്ങൾ.
കോടഞ്ചേരിയിലെ വാർത്തകളും വിവരങ്ങളും ഏറ്റവും ആദ്യം നിങ്ങളിലേക്ക് എത്തുവാൻ കോടഞ്ചേരി ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാവൂ.:
https://chat.whatsapp.com/LKJLxc9MVfo093SH7zkzMY