പുതുവർഷത്തിൽ സന്തോഷ വാർത്ത, രാജ്യത്ത് പെട്രോൾ, ഡീസൽ വില കുത്തനെ കുറയാൻ സാധ്യത
പുതുവർഷത്തിൽ രാജ്യത്ത് പെട്രോൾ, ഡീസൽ വിലകളിൽ ഉടൻ വലിയ ഇടിവ് ഉണ്ടായേക്കുമെന്ന് റിപ്പോര്‍ട്ട്. ഈ വർഷം ഏപ്രിൽ, മെയ് മാസങ്ങളിൽ രാജ്യത്തുടനീളം നടക്കാനിരിക്കുന്ന 2024 ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി പെട്രോളിന്റെയും ഡീസലിന്റെയും വില കുറയ്ക്കാൻ കേന്ദ്ര ധനമന്ത്രാലയം നീക്കം നടത്തുകയാണെന്ന് എച്ച്ടി ഓട്ടോ റിപ്പോര്‍ട്ട് ചെയ്യുന്നു.
പെട്രോൾ ഡീസലിൽ വിലയിൽ ഏകദേശം 10 രൂപയോളം കുറയ്ക്കുന്നതിനുള്ള അന്തിമ തീരുമാനം കേന്ദ്ര ധനമന്ത്രാലയത്തിൽ നിന്ന് ഉടൻ വരുമെന്നാണ് റിപ്പോര്‍ട്ടുകൾ. കഴിഞ്ഞ കുറേ വർഷങ്ങളായി രാജ്യത്ത് പെട്രോൾ, ഡീസൽ വില മാറ്റമില്ലാതെ തുടരുകയാണ്. ഓരോ സംസ്ഥാന സർക്കാരും വ്യത്യസ്തമായ നികുതികളും സെസും ചുമത്തുന്നതിനാൽ വാഹന ഇന്ധനത്തിന്റെ വിലകൾ ഓരോ സംസ്ഥാനത്തിനും വ്യത്യാസപ്പെടും. ഉദാഹരണത്തിന് ഡൽഹിയിൽ ഒരു ലിറ്റർ പെട്രോളിന് 96.71 രൂപയും ഡീസലിന് 89.62 രൂപയുമാണ് . എന്നാൽ മുംബൈയിൽ പെട്രോളിന്റെയും ഡീസലിന്റെയും വില യഥാക്രമം 106.31 രൂപയും 92.78 രൂപയുമാണ് . ഏകദേശം രണ്ട് വർഷം മുമ്പ് സെൻട്രൽ എക്സൈസ് പോളിസിയിൽ യഥാക്രമം എട്ട് രൂപയും ആറ് രൂപയും കുറച്ചപ്പോഴാണ് പെട്രോളിനും ഡീസലിനും ഇതിന് മുമ്പ് വില കുത്തനെ കുറഞ്ഞത് .
രാജ്യത്തെ പല സംസ്ഥാനങ്ങളിലും പെട്രോൾ വില മൂന്ന് അക്കത്തിലാണ്. കോവിഡ് മഹാമാരിയും റഷ്യ-ഉക്രെയ്ൻ യുദ്ധവും മൂലമുണ്ടായ വിപണിയിലെ ഏറ്റക്കുറച്ചിലുകൾ ക്രൂഡ് ഓയിൽ വില ഉയരുന്നതിലേക്ക് നയിച്ച ഒരു ഘട്ടത്തിൽ വില ലിറ്ററിന് 110 രൂപ വരെ എത്തിയിരുന്നു. എന്നിരുന്നാലും, നിലവിൽ, ആഗോള ക്രൂഡ് വില കുത്തനെ ഇടിയുകയാണ്. ഇതും ആഭ്യന്തര ഇന്ത്യൻ വിപണിയിൽ വില കുറയ്ക്കാൻ സർക്കാരിനെ അനുവദിക്കും.
കോടഞ്ചേരിയിലെ വാർത്തകളും വിവരങ്ങളും ഏറ്റവും ആദ്യം നിങ്ങളിലേക്ക് എത്തുവാൻ കോടഞ്ചേരി ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാവൂ.: https://chat.whatsapp.com/K6PdMsWMHNQ31WTQe0DRVc