മണ്ണിൽ പൊന്നുവിളയിച്ച് ബിജു; സമ്മിശ്ര കൃഷിയിൽ വിജയഗാഥ

കോടഞ്ചേരി: അധ്വാനിക്കാൻ മനസ്സുണ്ടെങ്കിൽ മണ്ണിൽ നിന്ന് മികച്ച വരുമാനം നേടാമെന്ന് തെളിയിക്കുകയാണ് കുപ്പായക്കോട് സ്വദേശി വടക്കേടത്ത് ബിജു. സ്വന്തമായുള്ള ഒന്നര ഏക്കറിന് പുറമെ പാട്ടത്തിനെടുത്ത നാലേക്കർ സ്ഥലത്താണ് ബിജു നൂറുമേനി വിളയിച്ച് മാതൃകയാകുന്നത്. ചെറുപ്പം മുതലേ തുടങ്ങിയ കൃഷി കമ്പം ഇന്ന് ഈ കർഷകന് മികച്ചൊരു വരുമാനമാർഗ്ഗം കൂടിയാണ്.​വിവിധയിനം വിളകൾ, മികച്ച ആസൂത്രണം​കൃഷിയിടത്തിൽ വൈവിധ്യം കൊണ്ടുവന്നതാണ് ബിജുവിന്റെ വിജയരഹസ്യം.

വാഴക്കൃഷി: 2500-ഓളം ഏത്തവാഴകൾ, 100 പൂവൻ, 150 റോബസ്റ്റ.​കിഴങ്ങുവർഗ്ഗങ്ങൾ: 2500 മൂട് കപ്പ, 100 മൂട് വീതം കാച്ചിൽ, ചേന, ചെറുകിഴങ്ങ്, ചേമ്പ്.​മറ്റു വിളകൾ: 25 സെന്റിൽ ഇഞ്ചി, 25 സെന്റിൽ മഞ്ഞൾ, 15 സെന്റിൽ കൂർക്ക.

ഗന്ധകശാലയിലും ‘നൂറുമേനി’ തിളക്കം

കഴിഞ്ഞ വർഷം കൃഷി ആരംഭിച്ച് ഈ മാർച്ചിൽ വിളവെടുത്ത കുഞ്ഞുകുളത്തെ പാടശേഖരത്തിൽ പരീക്ഷണാടിസ്ഥാനത്തിൽ നടത്തിയ നെൽകൃഷിയും വൻ വിജയമായി മാറി. ആകെ നാലേക്കർ പാടശേഖരത്തിൽ ഒരേക്കറിലായിരുന്നു ബിരിയാണി നെല്ലിനമായ ഗന്ധകശാല കൃഷി ചെയ്തത്. ബത്തേരിയിൽ നിന്ന് കിലോഗ്രാമിന് 200 രൂപ നിരക്കിൽ വിത്ത് എത്തിച്ചായിരുന്നു കൃഷി. ഇതിനുപുറമെ മൂന്നേക്കറിൽ ആതിര, വയനാടൻ തൊണ്ടി, ഔഷധ ഗുണമുള്ള ബ്ലാക്ക് റോസ് എന്നീ ഇനങ്ങളും വിളവിറക്കി. ഗന്ധകശാല നെല്ല് കിലോയ്ക്ക് 100 രൂപ നിരക്കിലും അരി 150 രൂപ നിരക്കിലുമാണ് വിറ്റഴിച്ചത്.

വന്യമൃഗശല്യത്തെ മറികടന്ന പ്രതിരോധം

മുൻവർഷങ്ങളിൽ കാട്ടുപന്നിശല്യം മൂലം വൻതോതിൽ കൃഷിനാശം നേരിട്ടിരുന്നു. ഇതിന് പരിഹാരമായി കൃഷിയിടത്തിന് ചുറ്റും അഞ്ചുവർഷ വാറണ്ടിയുള്ള കമ്പിവേലി നിർമ്മിച്ചു. ഇതോടെ കാട്ടുപന്നികളുടെ ശല്യം പൂർണ്ണമായും ഇല്ലാതായി. നിലവിൽ മയിലുകൾ ചെറിയ രീതിയിൽ ശല്യം ഉണ്ടാക്കുന്നുണ്ടെങ്കിലും തളരാതെ മുന്നോട്ട് പോവുകയാണ് ബിജു.

മികച്ച കർഷകനുള്ള അംഗീകാരം

സമ്മിശ്ര കൃഷിയിലെ മികച്ച മുന്നേറ്റം പരിഗണിച്ച് പുതുപ്പാടി ഗ്രാമപഞ്ചായത്തിന്റെ ഈ വർഷത്തെ മികച്ച സമ്മിശ്ര കർഷകനായി ബിജുവിനെ തിരഞ്ഞെടുത്തു. ഇതിനുള്ള പുരസ്കാരം ഇന്ന് നടക്കുന്ന ചടങ്ങിൽ അദ്ദേഹം ഏറ്റുവാങ്ങും.​പൂർണ്ണ പിന്തുണയുമായി ഭാര്യ ഡെയ്സിയും മക്കളായ അമലും ആകാശും ബിജുവിനൊപ്പമുണ്ട്.

ഫോൺ: 94954 93514

Sorry!! It's our own content. Kodancherry News©