റോഡുകളുടെ ശോചനീയാവസ്ഥ: ജലജീവൻ മിഷൻ അധികൃതരെ ഓമശ്ശേരിയിലും കട്ടിപ്പാറയിലും പൂട്ടിയിട്ടു.
ഓമശ്ശേരി: ജലജീവൻ മിഷൻ പദ്ധതിക്ക് വേണ്ടി വെട്ടിപ്പൊളിച്ച റോഡുകൾ റീ സ്റ്റോർ ചെയ്യാതെ വാട്ടർ അതോറിറ്റിയും കരാർ കമ്പനിയും തുടരുന്ന നിസ്സംഗതയിൽ പ്രതിഷേധിച്ച് ഓമശ്ശേരിയിൽ പഞ്ചായത്ത് ഭരണ സമിതി അംഗങ്ങൾ വാട്ടർ അതോറിറ്റിയുടേയും കരാർ കമ്പനിയുടേയും പ്രതിനിധികളെ പഞ്ചായത്ത് ഹാളിൽ പൂട്ടിയിട്ടു.റോഡുകളുടെ ദുരവസ്ഥ പരിഹരിക്കുന്നതുമായി ബന്ധപ്പെട്ട് ഡോ:എം.കെ.മുനീർ എം.എൽ.എ.കഴിഞ്ഞ ദിവസം താമരശ്ശേരിയിൽ വിളിച്ചു ചേർത്ത യോഗത്തിലെ തീരുമാനപ്രകാരം ഓമശ്ശേരിയിൽ ജനപ്രതിനിധികളുമായി ചർച്ചക്കെത്തിയതായിരുന്നു അധികൃതർ.

ചർച്ചയിൽ പ്രശ്ന പരിഹാരം ഉരുത്തിരിയാതെ വന്നപ്പോൾ ഭരണസമിതിയംഗങ്ങൾ പ്രതിഷേധിക്കുകയും മുദ്രാവാക്യം മുഴക്കി ഹാളിൽ നിന്ന് ഇറങ്ങിപ്പോവുകയും അധികൃതരെ പൂട്ടിയിടുകയുമായിരുന്നു.ഗ്രാമീണ പാതകളാകമാനം കുഴിയെടുത്ത് കാൽനട പോലും ദു:സ്സഹമായിരിക്കുകയാണെന്നും നിരന്തരം ശ്രദ്ധയിൽ പെടുത്തിയിട്ടും അധികൃതർ ഇത് ഗൗനിക്കുന്നില്ലെന്നും ഭരണസമിതിയംഗങ്ങൾ കുറ്റപ്പെടുത്തി.കാലവർഷം അടുത്ത് വരുന്നത് ആശങ്ക വർദ്ധിപ്പിക്കുകയാണെന്നും അധികൃതർ കണ്ണ് തുറന്ന് പ്രവർത്തിച്ചില്ലെങ്കിൽ സ്ഥിതി ആപൽക്കരമാവുമെന്നും അംഗങ്ങൾ മുന്നറിയിപ്പ് നൽകി.
കൊടുവള്ളി പോലീസ് സബ് ഇസ്ൻപെക്ടർ ജിയോ സദാനന്ദന്റെ നേതൃത്വത്തിൽ പഞ്ചായത്ത് ഹാളിൽ നടന്ന നീണ്ട ചർച്ചകൾക്കൊടുവിലാണ് ഭരണസമിതിയംഗങ്ങൾ അഞ്ച് മണിക്കൂറിലധികം നീണ്ടു നിന്ന സമരം അവസാനിപ്പിച്ചത്.ഈ മാസം 31നകം റീ സ്റ്റോർ ചെയ്യാനുള്ള കോൺക്രീറ്റ് റോഡുകൾ റീസ്റ്റോർ ചെയ്യുമെന്നും വെട്ടിപ്പൊളിച്ച ടാറിട്ട റോഡുകളുടെ ശോചനീയാവസ്ഥ പരിഹരിക്കുമെന്നുമാണ് തീരുമാനം.അധികൃതർ തീരുമാനം രേഖാമൂലം എഴുതി ഒപ്പിട്ട് പഞ്ചായത്ത് ഭരണസമിതിക്ക് സമർപ്പിച്ചു.ശാശ്വത പരിഹാരം ഉടൻ കാണണമെന്നും പുതുക്കിയ എസ്റ്റിമേറ്റ് നൽകാനുള്ള നടപടിക്രമങ്ങൾ വാട്ടർ അതോറിറ്റി ത്വരിതഗതിയിൽ പൂർത്തീകരിക്കണമെന്നും ഭരണസമിതിയംഗങ്ങൾ ആവശ്യപ്പെട്ടു.
പഞ്ചായത്ത് പ്രസിഡണ്ട് പി.കെ.ഗംഗാധരൻ,വൈസ് പ്രസിഡണ്ട് ഫാത്വിമ അബു,വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ യൂനുസ് അമ്പലക്കണ്ടി,ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ കെ.കരുണാകരൻ മാസ്റ്റർ,ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ സീനത്ത് തട്ടാഞ്ചേരി,പഞ്ചായത്ത് സെക്രട്ടറി എം.പി.മുഹമ്മദ് ലുഖ്മാൻ,പഞ്ചായത്തംഗങ്ങളായ പി.അബ്ദുൽ നാസർ,എം.എം.രാധാമണി ടീച്ചർ,സൈനുദ്ദീൻ കൊളത്തക്കര,ഒ.പി.സുഹറ,കെ.ആനന്ദകൃഷ്ണൻ,എം.ഷീജ ബാബു,കെ.പി.രജിത,സി.എ.ആയിഷ ടീച്ചർ,അശോകൻ പുനത്തിൽ,മൂസ നെടിയേടത്ത്,ഇബ്രാഹീം ഹാജി പാറങ്ങോട്ടിൽ,എം.ഷീല,പഞ്ചായത്ത് അസിസ്റ്റന്റ് എഞ്ചിനീയർ ടി.അശ്വിനി,വാട്ടർ അതോറിറ്റി പ്രതിനിധികളായ ബി.എൽ.ദീപ്തി ലാൽ,സി.അക്ഷയ്,എം.ഒ.ഷാജി(റീന എഞ്ചിനീയറിംഗ്) തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു.
പ്രശ്നത്തിന് അടിയന്തിരമായി പരിഹാരം കാണണമെന്നാവശ്യപ്പെട്ട് പഞ്ചായത്ത് ഭരണസമിതി ജില്ലാ കളക്ടർക്കും കേരള വാട്ടർ അതോറിറ്റി അധികൃതർക്കും നേരത്തെ പരാതി നൽകിയിരുന്നു.ഇതേ ആവശ്യമുന്നയിച്ച് മെയ് 13 ന് പഞ്ചായത്ത് ഓഫീസിനു മുന്നിൽ ഭരണസമിതിയംഗങ്ങൾ സത്യഗ്രഹ സമരവും നടത്തിയിരുന്നു.എം.എൽ.എയുടെ സാന്നിദ്ധ്യത്തിൽ വകുപ്പ് മന്ത്രിയെ ഉടനെ കാണുമെന്നും ശാശ്വത പരിഹാരം ഉണ്ടാകുന്നില്ലെങ്കിൽ ബഹുജനങ്ങളെ അണി നിരത്തി പ്രക്ഷോഭങ്ങൾക്ക് നേതൃത്വം നൽകുമെന്നും പഞ്ചായത്തധികൃതർ മുന്നറിയിപ്പ് നൽകി.
കട്ടിപ്പാറയിൽ ചർച്ചക്കായി വന്ന ജല ജീവൻ ഉദ്യോഗസ്ഥ സംഘത്തെ പഞ്ചായത്ത് ഭരണസമിതി മീറ്റിംഗിൽ റൂമിലാക്കി പൂട്ടി

കട്ടിപ്പാറ: ജലജീവൻ മിഷൻ പദ്ധതികൾക്ക് പൈപ്പുകൾ സ്ഥാപിക്കുവാൻ ഗ്രാമപഞ്ചായത്തിലെ മിക്ക വാർഡിലെയും റോഡുകൾ 2022 മുതൽ ജെ സി ബി ഉപയോഗിച്ച് വെട്ടിപൊളിച്ചെങ്കിലും റോഡുകളുടെ പുനരുദ്ധാരണ പ്രവർത്തികളുടെ പൂർത്തികരണത്തിന് പല ചർച്ചകളും, യോഗങ്ങളും, നടന്നെങ്കിലും റോഡുകൾ ഇന്നേവരെ ഗതാഗത യോഗ്യമാക്കിയിട്ടില്ല. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പ്രേംജി ജെയിംസ് വിഷയം ഗൗരവമായി കണ്ട് സ്കൂൾ തുറക്കാനായ സാഹചര്യത്തിലും, വർഷം തുടങ്ങാനായ സമയത്തും സമയ ബന്ധിതമായി പ്രവർത്തികൾ പൂർത്തികരിക്കണമെന്നാവശ്യപ്പെട്ടപ്പോൾ ചർച്ചയിൽ സംസാരിച്ച അസിസ്റ്റന്റ് എക്സിക്യുട്ടിവ് എഞ്ചിനിയർ ഉത്തരവാദിത്തം ഏൽക്കാൻ കഴിയില്ലെന്നറിയിച്ച് ഉത്തരവാദിത്തത്തിൽ നിന്ന് ഒഴിഞ്ഞ് മാറിയപ്പോൾ ഭരണസമിതി അംഗങ്ങൾ അസിസ്റ്റന്റ് ഏക്സിക്യുട്ടിവ് എഞ്ചിനീയർ ഉൾപ്പെടെയുള്ള വാട്ടർഅതോറിറ്റി ജീവനക്കാരെ കട്ടിപ്പാറ ഭരണ സമിതി അംഗങ്ങൾ മീറ്റിംഗ്റൂമിലാക്കി പൂട്ടി.

പല വാർഡുകളിലും സ്കൂളിലേക്കുള്ള റോഡുകളാണ് വെട്ടിപൊളിച്ച് കിടങ്ങുകളാക്കിയിരിക്കുന്നത്. ഇത്തരം കിടങ്ങിൽ വീണ് അപകടം പതിവാകുകയും. വീഴ്ച്ചയിൽ ഗുരുതര പരിക്ക് പറ്റി ക്യത്യസമയത്ത് ഹോസ്പിറ്റലിൽ എത്തിക്കാൻ കഴിയാത്തതിനാൽ മരണം സംഭവിക്കുകയും ചെയ്തിരുന്നു. ഗൗരവമായ വിഷയം ലഘുകരിച്ച് കാണുന്ന ഉദ്യോഗസ്ഥ സംഘത്തിൻ്റെ നടപടി ധിക്കര പരമെന്ന് പഞ്ചായത്ത് ഭരണസമിതി ആരോപിച്ചു.
താമരശ്ശേരി പോലീസിന്റെ മദ്ധ്യസ്ഥതയിൽ വ്യാഴാഴ്ച എക്സിക്യൂട്ടീവ് എൻജിനീയർ, കോണ്ട്രാക്ടർ എന്നിവരെ വിളിച്ചു വരുത്തി കാര്യങ്ങൾ ചർച്ച ചെയ്ത് റോഡ് പ്രവൃത്തി എത്രയും പെട്ടെന്ന് തീർക്കാമെന്ന ധാരണയിൽ വൈകിട്ട് 5.30 ന് തടഞ്ഞുവച്ചവരെ മോചിപ്പിച്ചു.
https://chat.whatsapp.com/HuBxdYfQOCyEgSavsmcKiD