പൂളവള്ളി – വേളംകോട് റോഡ് പണിയുടെ അപാകത: നാട്ടുകാർ സൂപ്പർവൈസറെ തടഞ്ഞു
കോടഞ്ചേരി : പൂളവള്ളി – വേളംകോട് റോഡ് പണിയുടെ അപാകതയിലും വേണ്ടത്ര മുന്നറിയിപ്പുകൾ നൽകാത്തതും മൂലം നാട്ടുകാർ സൂപ്പർവൈസറെ തടഞ്ഞുവച്ചു. ഈ റോഡ് പണി തുടങ്ങിയിട്ട് ഏതാനും മാസങ്ങളായി. പണി തുടങ്ങിയപ്പോൾ കല്ലുകളും മറ്റും പൂളവള്ളി കയറ്റത്തിൽ ആഴ്ചകളോളം കൂട്ടി ഇട്ടതു മൂലം ഗതാഗത ബുദ്ധിമുട്ടുകൾ ആളുകൾ നേരിട്ടിരുന്നു. പണി ആരംഭിച്ച ശേഷം റോഡിന് ഉയരം കൂട്ടിയപ്പോൾ ഇതുവഴി ഉള്ള വീടുകളിലേക്ക് ഇറങ്ങാൻ വഴി ഇല്ലാതായി.

റോഡ് പണിക്കായി കൊണ്ടുവന്ന അന്യ സംസ്ഥാന തൊഴിലാളികൾക്ക് ഇതിനെക്കുറിച്ച് അറിവില്ലാത്തതും, പണിയിക്കുവാനായി നിന്ന മറ്റൊരു വ്യക്തി ചോദിക്കുന്നവരോട് തട്ടിക്കയറുന്നതും പതിവാക്കിയിരിന്നു എന്ന് സമീപവാസികൾ ആരോപിച്ചു. ഇന്ന് പണി വീണ്ടും പുനരാരംഭിച്ചപ്പോൾ സമീപ വാസികൾ പണി തടസ്സപ്പെടുത്തുകയും, പണിക്ക് മേൽനോട്ടം കൊടുക്കുന്നവരോട് വീടുകളിൽ കയറുന്നതിന് ഒരു പരിഹാരം കാണണം എന്നും ആവശ്യപ്പെട്ടു. എന്നാൽ കരാർ ഏറ്റെടുത്തവർ ഇതിനൊരു പരിഹാരം കാണുവാൻ തയ്യാറാക്കാതെ വന്നപ്പോൾ നാട്ടുകാർ സൂപ്പർവൈസറെ തടഞ്ഞു വെച്ചു.

ഇതേതുടർന്ന് എം എൽ എ ലിന്റോ ജോസഫ്, പഞ്ചായത്ത് പ്രസിഡന്റ് അലക്സ് തോമസ്, വാർഡ് മെമ്പർ ജോർജ്കുട്ടി വിളക്കുന്നേൽ എന്നിവർ സ്ഥലത്തെത്തി. സൂപ്പർവൈസറും ഉത്തരവാദിത്വപ്പെട്ട കരാറുകാരുമായി ചർച്ച നടത്തുകയും ഉടനടി തന്നെ സമീപവാസികളുടെ വീടുകളിലേക്ക് കയറുന്നതിനുള്ള വഴി നിർമിച്ചു കൊടുക്കാം എന്ന് എംഎൽഎയുടെ സാന്നിധ്യത്തിൽ ഉറപ്പു നൽകുകയും ചെയ്തു.
കോടഞ്ചേരിയിലെ വാർത്തകളും വിവരങ്ങളും ഏറ്റവും ആദ്യം നിങ്ങളിലേക്ക് എത്തുവാൻ കോടഞ്ചേരി ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാവൂ.: https://chat.whatsapp.com/HuBxdYfQOCyEgSavsmcKiD