ഓമശ്ശേരി കോടഞ്ചേരി റോഡ് കരാറുകാരൻ പണി നിർത്തി… റോഡിൽ പ്രകൃതിദത്ത മഴക്കുഴി…

കോടഞ്ചേരി: ഓമശ്ശേരി കോടഞ്ചേരി റോഡ് നവീകരണം പാതിവഴിയിൽ കരാറുകാരൻ നിർത്തിപ്പോയതിനെ തുടർന്ന് റോഡിന്റെ ഒത്ത നടുവിൽ കൂടി വെള്ളം പരന്ന് ഒഴുകുന്നു. ഓമശ്ശേരി കോടഞ്ചേരി റോഡിൽ നിന്ന് ആരംഭിച്ച് പുലിക്കയം പുല്ലൂരാംപാറ,പള്ളിപ്പടി, ഇലന്തുകടവ് വരെയാണ് റോഡിന് നിർമ്മാണം. 15 കോടി മുതൽ മുടക്കിൽ 12 കിലോമീറ്റർ സി.ഐ. ആർ.എഫ് ഫണ്ട് ഉപയോഗിച്ചാണ് റോഡിന്റെ നിർമ്മാണം നടത്തുന്നത്. ശാന്തി നഗറിൽ നിന്ന് ആരംഭിച്ച് കോടഞ്ചേരി ഗവൺമെന്റ് കോളേജിന്റെ മുൻഭാഗം വരെ ഇരുഭാഗത്തും ടാർ ചെയ്തിരുന്നു.

എന്നാൽ ഗവൺമെന്റ് കോളേജ് മുതൽ റോഡിന്റെ ഒരു ഭാഗം ഒരു കിലോമീറ്റർ മാത്രമാണ് ടാർ ചെയ്തത്. രണ്ടാഴ്ച മുൻപ് ടാർ ചെയ്ത ഭാഗത്ത് പല സ്ഥലങ്ങളിലും ടാർ ഇളകിയ നിലയിലാണ് .കോടഞ്ചേരി മുകളിലെ അങ്ങാടിയിലേക്ക് ഇവിടെ നിന്നും 700 മീറ്റർ ദൂരമാണ് ടാർ ചെയ്യാതെ മാന്തിയിട്ടിരിക്കുന്നത് .

നിലവിൽ വാഹനങ്ങൾക്ക് വെള്ളക്കെട്ടില്ലാതെ കടന്നുപോകാൻ കഴിയുമായിരുന്ന റോഡ് കരാറുകാരൻ മാന്തിയതിനെ തുടർന്ന് റോഡിന്റെ നടുവിൽ കൂടി വെള്ളം ഒഴുകുകയും ഒരുതരത്തിലും ചെറുകിട വാഹനങ്ങൾക്ക് ഗതാഗതം സാധിക്കാത്ത നിലയിലാണ് റോഡിന്റെ ഇപ്പോഴത്തെ അവസ്ഥ. നിരത്തിയ കോറി വേസ്റ്റ് ഇളകിപ്പോയതിനാൽ വലിയ കുഴിയും ഉണ്ടായിട്ടുണ്ട്. പല ഇരുചക്ര വാഹനങ്ങൾ സ്ഥിരമായി റോഡിൽ പുതുതായി ഉണ്ടായ കുഴിയിൽ വീഴുന്നുണ്ട്. എത്രയും പെട്ടെന്ന് റോഡിന്റെ ഇരുഭാഗവും, ബാക്കി ടാർ ചെയ്യാനുള്ള ഭാഗത്തെ പണി കരാറുകാരൻ ഉടൻ പൂർത്തീകരിക്കണം എന്നാണ് പൊതുജനങ്ങളുടെ ആവശ്യം. നിരവധി സ്വകാര്യ ബസ്സുകളും, സ്കൂൾ ബസ്സുകളും, ചെറുകിട വാഹനങ്ങളും ഈ റോഡിൽ കൂടി സർവീസ് നടത്തുന്നുണ്ട്. റോഡിന്റെ ഇരുഭാഗത്തും ഡ്രൈനേജ് ഇല്ലാത്തതിനാൽ പഴയ ഗവൺമെന്റ് കോളേജ് മുതൽ കോടഞ്ചേരി മുകളിലെ അങ്ങാടി വരെ റോഡിലൂടെ വെള്ളം പരന്നൊഴുകുകയാണ്. റോഡിന്റെ ഒരു ഭാഗത്തെങ്കിലും ഡ്രെയിനേജ് നിർമിച്ചാലെ ഇതിനൊരു പരിഹാരം ഉണ്ടാവുകയുള്ളൂ.


Sorry!! It's our own content. Kodancherry News©