ദേശീയ പതാക താഴ്ത്തുന്നതിനിടെ കൊടിമരം വൈദ്യുതി ലൈനിൽ തട്ടി; ഷോക്കേറ്റ് വൈദികൻ മരിച്ചു
കാസർകോട് മുള്ളേരിയയിൽ ദേശീയപതാക ഉയർത്തിയ ഇരുമ്പിന്റെ കൊടിമരം ഊരിയെടുക്കുന്നതിനിടെ വൈദ്യുതി ലൈനിൽ തട്ടി യുവ വൈദികൻ ഷോക്കേറ്റ് മരിച്ചു. മുള്ളേരിയ ഇൻഫന്റ് ജീസസ് ചർച്ചിലെ വികാരി ഫാ.മാത്യു കുടിലിൽ (30) ആണ് മരിച്ചത്. വ്യാഴാഴ്ച വൈകിട്ട് 6 മണിയോടെയാണ് അപകടം.സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായി ഉയർത്തിയ പതാക അഴിച്ചു മാറ്റുന്നതിനിടയിലാണ് നാടിനെയാകെ ദുഃഖത്തിലാഴ്ത്തിയ ദുരന്തം. ദേശീയപതാക കൊടിമരത്തിൽ കുരുങ്ങിയതിനെ തുടർന്നാണ് കൊടിമരം ഊരിയെടുക്കാൻ ശ്രമിച്ചത്. കൊടിമരത്തിന്റെ ഇരുമ്പ് ദണ്ഡ് ഊരിയെടുക്കുന്നതിനിടെ മുകളിലൂടെ പോകുന്ന വൈദ്യുതി ലൈനിൽ തട്ടുകയായിരുന്നു. കൂടെയുണ്ടായിരുന്ന അസി.വികാരി സെബിൻ ജോസഫ് ദൂരേക്ക് തെറിച്ചു വീണു.

ഫാ.മാത്യു കുടിലിനെ മുള്ളേരിയ സഹകരണ ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരിച്ചു. ഒന്നര വർഷം മുൻപാണ് ഇവിടെ വികാരിയായി ചുമതലയേറ്റത്. കുടിയാന്മല, നെല്ലിക്കാംപൊയിൽ, ചെമ്പത്തൊട്ടി എന്നിവിടങ്ങളിൽ അസി.വികാരിയായി പ്രവർത്തിച്ചിരുന്നു. കർണാടക പുത്തൂർ സെന്റ് ഫിലോമിന കോളജിൽ എംഎസ്ഡബ്ല്യു വിദ്യാർഥി കൂടിയാണ്. കണ്ണൂർ ഇരിട്ടി എടൂരിലെ പരേതനായ ബാബുവിന്റെയും അന്നമ്മയുടെയും മകനാണ്. സഹോദരങ്ങൾ: ലിന്റോ അഗസ്റ്റിൻ, ബിന്റോ അഗസ്റ്റിൻ.

കരുവഞ്ചാൽ ഹോസ്‌പിറ്റൽ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന ഷിൻസ് അച്ചന്റെ മൃതശരീരം ശനിയാഴ്‌ച (17.08.2024) രാവിലെ 07.00 മണിക്ക് എടൂർ ഉള്ള സ്വഭവനത്തിൽ എത്തിക്കും, 08.00 മണി മുതൽ എടൂർ സെൻ്റ് മേരീസ് ഫൊറോനാ ദൈവാലയത്തിൽ പൊതുദർശനത്തിനുള്ള സൗകര്യം ഉണ്ടായിരിക്കും തുടർന്ന് 10.00 മണിക്ക് മൃതസംസ്‌കാരശുശ്രൂഷകൾ ആരംഭിക്കും.
