പ്രിയങ്കയുടെ പത്രിക സമർപ്പണം ആഘോഷമാക്കാൻ കോൺഗ്രസ്, വയനാട്ടിൽ റോഡ് ഷോ, ചേലക്കരയിലും ഇന്ന് പത്രിക സമര്‍പ്പണം
വയനാട്ടിൽ പ്രിയങ്ക ഗാന്ധി ഇന്ന് നാമനിർദ്ദേശ പത്രിക സമർപ്പിക്കും. വമ്പൻ റോഡ് ഷോയോടെയാവും പത്രികാ സമർപ്പണം. പത്രികാ സമർപ്പണം ആഘോഷമാക്കാനൊരുങ്ങുകയാണ് കോണ്‍ഗ്രസ്. രാവിലെ 11 മണിക്ക് കൽപ്പറ്റ ന്യൂ ബസ് സ്റ്റാൻഡിൽ നിന്ന് റോഡ് ഷോ തുടങ്ങും. സമാപന വേദിയിൽ പ്രിയങ്ക ഗാന്ധി പ്രവർത്തകരെ അഭിസംബോധന ചെയ്യും. റോഡ് ഷോയ്ക്കുശേഷം ഉച്ചയ്ക്ക് പന്ത്രണ്ടരയോടെയാകും പത്രികാ സമർപ്പണം.
പ്രിയങ്കയ്ക്ക് ഒപ്പം, സോണിയ ഗാന്ധിയും രാഹുൽ ഗാന്ധിയും കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുന ഖർഗെയും കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും റോഡ് ഷോയിൽ പങ്കെടുക്കും. സോണിയക്കും റോബർട്ട് വദ്രയ്ക്കും മക്കൾക്കും ഒപ്പമാണ് കന്നി അങ്കത്തിനായി പ്രിയങ്ക ഇന്നലെ വൈകിട്ട് വയനാട്ടിലെത്തിയത്. രാഹുലും ഖർഗെയും ഇന്ന് രാവിലെ എത്തും.
അതേസമയം, ചേലക്കരയിൽ മൂന്ന് മുന്നണികളുടേയും സ്ഥാനാർത്ഥികൾ ഇന്ന് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും. രാവിലെ പത്ത് മണിക്കാണ് ഇടത് സ്ഥാനാര്‍ഥി യു.ആര്. പ്രദീപ് പത്രിക സമര്‍പ്പിക്കുക. വടക്കാഞ്ചേരി താലൂക്ക് ഓഫീസിലേക്ക് പ്രകടനമായി ഇടത് സ്ഥാനാർത്ഥി എത്തും. എൻഡിഎ സ്ഥാനാര്‍ഥി കെ.ബാലകൃഷ്ണൻ പതിനൊന്നര മണിക്കും യുഡിഎഫ് സ്ഥാനാര്‍ഥി രമ്യ ഹരിദാസ് ഉച്ചകഴിഞ്ഞ് ഒന്നരയോടെയും പത്രിക നല്‍കും.
വയനാട്ടിൽ എതിരാളിയായുളളത് എന്‍.ഡി.എയില്‍ നിന്ന് നവ്യ ഹരിദാസും എല്‍.ഡി.എഫില്‍ നിന്ന് സത്യന് മൊകേരിയുമാണ്.രാജ്യം തന്നെ കണ്ട ഏറ്റവും വലിയ പ്രകൃതി ദുരന്തത്തിന് സാക്ഷിയായതിന്റെ ഞെട്ടലില്‍ നിന്ന് മുക്തരായിട്ടില്ല വയനാട്ടുകാര്‍. പലരുമിന്ന് മണ്ണിനടിയിലാണ്. കിടപ്പാടവും ജോലിയും സ്വന്തക്കാരും നഷ്ടപ്പെട്ടവരേറെ. ഇതിനിടയില്‍ ഒരു തിരഞ്ഞെടുപ്പ് കൂടെയെത്തുമ്പോള്‍ അതിനെ വോട്ടര്‍മാര്‍ എങ്ങനെ സ്വീകരിക്കുമെന്നതാണ് എല്ലാവരും ഉറ്റുനോക്കുന്നത്. ദുരന്തബാധിതരോട് കേന്ദ്രം മുഖം തിരിക്കുന്നുവെന്ന വലിയ ആക്ഷേപമുണ്ട് വയനാട്ടില്‍. പ്രധാനമന്ത്രി വന്നിട്ട് പോലും കേന്ദ്രത്തിന്റെ സഹായധനം പ്രഖ്യാപനങ്ങളിലൊതുങ്ങിയിരിക്കുകയാണ്. ഇത് മണ്ഡലത്തില്‍ വലിയ ചര്‍ച്ചയാവുന്നുണ്ട്. ഒപ്പം വയനാടിനെ അനാവശ്യ തിരഞ്ഞെടുപ്പിലേക്ക് തള്ളിവിട്ടുവെന്നും ഇത് വരും കാലങ്ങളിലും ആവര്‍ത്തിക്കുമെന്നുമുള്ള ആക്ഷേപവും എതിരാളികള്‍ ഉയര്‍ത്തുന്നുണ്ട്. ദുരന്തബാധിതരുടെ പുനരധിവാസം സംബന്ധിച്ചും ആശങ്കകളുണ്ട.് പലരും പലയിടത്തായി ചിതറിയിപ്പോയിരിക്കുന്നു. ഇതിനല്ലാം പരിഹാരം കാണണം. ഒപ്പം മനുഷ്യ മൃഗ സംഘര്‍ഷം പോലുള്ള വിഷയങ്ങളുണ്ട്. ഇതെല്ലാം എങ്ങനെ തിരഞ്ഞെടുപ്പിനെ ബാധിക്കുമെന്നതാണ് എല്ലാവരും ഉറ്റുനോക്കുന്നത്.
2024 ല്‍ രാഹുല്‍ഗാന്ധി രണ്ടാംതവണയും മത്സരിക്കാനെത്തിയപ്പോള്‍, ശക്തമായ മത്സരമെന്ന സന്ദേശം ദേശീയ തലത്തില്‍ നല്‍കാനായിരുന്നു എല്‍.ഡി.എഫ് സി.പി.ഐയുടെ ദേശീയ നേതാവായ ആനി രാജയെ തന്നെ രംഗത്തിറക്കിയത്. പക്ഷെ 2,83023 വോട്ട് നേടി രണ്ടാം സ്ഥാനത്തായി. 2019 ലെ 274597 എന്ന വോട്ടില്‍ നിന്ന് ചെറിയ മുന്നേറ്റം മാത്രമാണ് അവര്‍ക്ക് നടത്താനായത്. ബി.ഡി.ജെ.എസ്സില്‍ നിന്ന് മണ്ഡലം ഏറ്റെടുത്ത് ബിജെപി മത്സരിച്ചപ്പോള്‍ പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രനെ തന്നെ രംഗത്തിറക്കി. ഫലം വന്നപ്പോള്‍ 141,045 വോട്ട് നേടി മൂന്നാംസ്ഥാനത്തായി സുരേന്ദ്രന്റെ സ്ഥാനം. 2019 ലെ 7.25 ശതമാനം വോട്ടില്‍ നിന്ന് 13 ശതമാനത്തിലേക്ക് വോട്ടിങ് ശതമാനം ഉയര്‍ത്താനായി എന്നതാണ് ബിജെപിയുടെ നേട്ടം. ഉപതിരഞ്ഞെടുപ്പില്‍ വോട്ടിങ് ശതമാനം കുറയാന്‍ സാധ്യതയുണ്ടെന്ന് ജില്ലാ ഭരണകൂടം മുന്നറിയിപ്പ് നല്‍കുന്നുണ്ട്. ഇതോടെ പാര്‍ട്ടി നേതൃത്വങ്ങളും ആശങ്കയിലാണ്.