ആവേശത്തിരയിൽ വയനാട്; റോഡ് ഷോയിൽ പ്രിയങ്കയും രാഹുലും

കൽപറ്റ: പ്രിയങ്കാ ഗാന്ധിയുടെ തിരഞ്ഞെടുപ്പ് കന്നിയങ്കത്തിന് വേദിയാകുന്ന വയനാട്ടിൽ വൻജനാവലിയെ അണിനിരത്തി യുഡിഎഫിന്റെ റോഡ് ഷോ. പ്രിയങ്കയ്ക്കൊപ്പം രാഹുൽ ഗാന്ധിയും മല്ലികാർജുൻ ഖാർഗെയും രേവന്ത് റെഡ്ഡിയും കെ.സുധാകരനും, പി.കെ കുഞ്ഞാലിക്കുട്ടിയും സാദിഖലി തങ്ങളും അണിനിരക്കുന്നു.

പ്രിയങ്കയുടെ ഭർത്താവ് റോബർട്ട് വദ്രയും മകനും റോഡ്ഷോ വാഹനത്തിൽ പ്രിയങ്കയോടൊപ്പം ജനങ്ങളെ അഭിവാദ്യം ചെയ്തു‌. പ്രിയങ്കയുടെ വരവ് ആഘോഷമാക്കി മാറ്റിയ യുഡിഎഫ് പ്രവർത്തകരെ കൊണ്ട് നിരത്തുകൾ നിറഞ്ഞു. സോണിയാഗാന്ധിയും രാഹുൽ ഗാന്ധിയും പ്രിയങ്കാഗാന്ധിയും ഒന്നിച്ചൊരു തിരഞ്ഞെടുപ്പ് പ്രചരണത്തിന് പങ്കെടുക്കുന്നത് കേരളത്തിൽ ഇതാദ്യമാണ്. വയനാട്ടിൽ യുഡിഎഫിന്റെ കരുത്ത് തെളിച്ചുകൊണ്ടുള്ള റോഡ് ഷോയ്ക്ക് ശേഷമാകും പ്രിയങ്കയുടെ പത്രിക സമർപ്പണം. വയനാട്ടിലെ മാത്രമല്ല, അയൽ ജില്ലകളിലെയും പ്രവർത്തകർ റോഡ് ഷോയിൽ പങ്കെടുക്കുന്നുണ്ട്.

പ്രിയങ്കാഗാന്ധിയുടെ സ്ഥാനാർഥിത്വത്തിന് പിന്തുണയേകി വനിതാ പ്രവർത്തകരുടെ വലിയൊരു നിര തന്നെ കൽപറ്റ നഗരത്തിൽ നിറഞ്ഞുനിൽക്കുന്നുണ്ട്.ഉച്ചയ്ക്ക് 12 മണിയോടെ കളക്ടറേറ്റിലെത്തി പ്രിയങ്കാഗാന്ധി നാമനിർദേശപത്രിക സമർപ്പിക്കുമെന്നായിരുന്നു നേരത്തെ പറഞ്ഞത്. സമയക്രമത്തിൽ മാറ്റങ്ങൾ ഉള്ളതായി സംഘാടകർ അറിയിച്ചിട്ടുണ്ട്. നാമനിർദ്ദേശം നൽകുന്നത് അൽപം വൈകും.

രാഹുൽ ഗാന്ധി, കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ, ഹിമാചൽപ്രദേശ് മുഖ്യമന്ത്രി സുഖ്വിന്ദർ സിങ് സുഖു, തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി, സാദിഖലി തങ്ങൾ എന്നിവർ പ്രിയങ്കയെ അനുഗമിക്കും.

Sorry!! It's our own content. Kodancherry News©