സംസ്ഥാന ക്രോസ്സ് കൺട്രി ചാമ്പ്യൻഷിപ്പിനെ വരവേൽക്കാനൊരുങ്ങി കല്ലാനോട്: ഫ്യൂഷൻ വിത്ത് കളേഴ്സ് സംഘടിപ്പിച്ചു
കല്ലാനോട്: ജനുവരി 4ന് നടക്കുന്ന 29മത് സംസ്ഥാന ക്രോസ്സ് കൺട്രി ചാമ്പ്യൻഷിപ്പിനെ വരവേൽക്കാനൊരുങ്ങി മലയോര കുടിയേറ്റ ഗ്രാമമായ കല്ലാനോട്. സെന്റ് മേരീസ് സ്പോർട്സ് അക്കാദമിയുടെ ആതിഥേയത്വത്തിൽ കോഴിക്കോട് ജില്ലാ അത് ലറ്റിക്സ് അസോസിയേഷൻ സംഘടിപ്പിക്കുന്ന ചാമ്പ്യൻഷിപ്പിന്റെ ഭാഗമായി *ഫ്യൂഷൻ വിത്ത് കളേഴ്സ്* പ്രോഗ്രാം നടത്തി.
വാർഡ് മെമ്പർ സിമിലി ബിജു ഉദ്ഘാടനം ചെയ്തു. അക്കാദമി രക്ഷാധികാരി ഫാ. ജിനോ ചുണ്ടയിൽ അധ്യക്ഷത വഹിച്ചു. ജില്ലാ അത് ലറ്റിക്സ് അസോസിയേഷൻ സെക്രട്ടറി കെഎം ജോസഫ് മുഖ്യാതിഥി ആയിരുന്നു.
സെന്റ് മേരീസ് സ്പോർട്സ് അക്കാദമി, സ്കോർലൈൻ ഫുട്ബോൾ അക്കാദമി എന്നിവയിലെ താരങ്ങൾ ചേർന്ന് 29 ബലൂണുകൾ പറത്തി. ചാമ്പ്യൻഷിപ്പിൽ 8 കാറ്റഗറികളിലായി 14 ജില്ലകളിൽനിന്നുള്ള 672 താരങ്ങൾ പങ്കെടുക്കും.
അക്കാദമി ചെയർമാൻ സജി ജോസഫ്, കോർഡിനേറ്റർ നോബിൾ കുര്യാക്കോസ്, കൺവീനർ ജോർജ് തോമസ് തടത്തിൽ, അധ്യാപിക ജിൽറ്റി മാത്യു, പരിശീലകരായ ഷിന്റോ കെഎസ്, യദു കല്ലാനോട്, ബിബിൻ ബാബു, അബിൻ ഫിലിപ്പ്, അൽഡ്രിൻ പള്ളിപ്പുറം, അരുൺ കിഷോർ എന്നിവർ സംസാരിച്ചു.