ഓരോ ജില്ലകളിലും പ്രത്യേക സംഘങ്ങളെ രൂപീകരിച്ച് അന്വേഷണം, പാതി വില തട്ടിപ്പ് കേസ് ക്രൈം ബ്രാഞ്ചിന് കൈമാറും
പാതി വില തട്ടിപ്പ് കേസ് ഇന്ന് ക്രൈം ബ്രാഞ്ചിന് കൈമാറും. ക്രൈം ബ്രാഞ്ചിന്‍റെ സാമ്പത്തിക കുറ്റ കൃത്യ വിഭാഗത്തിന് കൈമാറി ഡി ജി പി ഇന്ന് ഉത്തരവിറക്കും. ഓരോ ജില്ലകളിലും പ്രത്യേക സംഘങ്ങളെ രൂപീകരിച്ചായിരിക്കും കേസന്വേഷണം. സാമ്പത്തിക തട്ടിപ്പ് കേസിൽ ആനന്ദ് കുമാറിനെ പൊലിസ് വൈകാതെ ചോദ്യം ചെയ്യും. പ്രതിമാസം അനന്തുകൃഷ്ണന്‍റെ സംഘടനയിൽ നിന്നും ആനന്ദ് കുമാർ പ്രതിഫലം വാങ്ങിയതിന്‍റെ രേഖകൾ ലഭിച്ച സാഹചര്യത്തിലാണ് ചോദ്യം ചെയ്യാൻ വിളിപ്പിക്കുന്നത്.
അനന്ദു കൃഷ്ണന്റെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും. ചോദ്യം ചെയ്യൽ പൂർത്തിയാക്കി വിശദമായ റിപ്പോർട്ട് സഹിതം അനന്തുവിനെ ഇന്ന് പൊലീസ് മൂവാറ്റുപുഴ കോടതിയിൽ ഹാജരാക്കും. അനന്തു നൽകിയ മൊഴിയിലെ ആധികാരികത പരിശോധിക്കാൻ ഇയാളുടെ സ്ഥാപനത്തിലെ ജീവനക്കാരെയും വിളിച്ചുവരുത്തിയിട്ടുണ്ട്. ഇവരെ ഒരുമിച്ചിരുത്തി വിവരങ്ങൾ തേടിയാവും അന്തിമ റിപ്പോർട്ട് കോടതിയിൽ സമർപ്പിക്കുക. വിവിധ രാഷ്ട്രീയ കക്ഷികൾക്ക് തെരഞ്ഞെടുപ്പ് ഫണ്ടിലേക്ക് ലക്ഷങ്ങൾ നൽകിയിട്ടുണ്ടെന്ന് അനന്തു പറഞ്ഞെങ്കിലും നേതാക്കളുടെ പേര് വിവരങ്ങൾ കൃത്യമായി വെളിപ്പെടുത്തിയിട്ടില്ല. അനന്തുവിന്‍റെ പണമിടപാട് സംബന്ധിച്ച് കൂടുതൽ പരിശോധനകൾ ആവശ്യമാണെന്നും ബാങ്കുകളോട് വിശദാംശങ്ങൾ ആവശ്യപ്പെട്ടിട്ടുണ്ടെന്നും മൂവാറ്റുപുഴ പൊലീസ് അറിയിച്ചു. അഞ്ച് ദിവസം കസ്റ്റഡിയിൽ ഉണ്ടായിരുന്ന അനന്തുവിനെ വിവിധ ഇടങ്ങളിൽ എത്തിച്ച് തെളിവ ശേഖരണം നടത്തിയിരുന്നു. ഇയാളുടെ എറണാകുളത്തുള്ള ഫ്ലാറ്റും ഓഫീസുകളും സീൽ ചെയ്ത പൊലീസ്, വിശദ പരിശോധനയ്ക്കായി സെർച്ച് വാറണ്ടിനായി കോടതിയിൽ ഇന്ന് അപേക്ഷയും നൽകും.
പാതിവില തട്ടിപ്പിലൂടെ സമാഹരിച്ച പണത്തില്‍ നല്ലൊരു പങ്ക് തന്‍റെ ആഡംബര ജീവിതത്തിന് വേണ്ടിയും അനന്തുകൃഷ്ണന്‍ ഉപയോഗിച്ചിരുന്നുവെന്നതിന്‍റെ തെളിവായി ബാങ്ക് അക്കൗണ്ട് രേഖകള്‍. തട്ടിപ്പിലൂടെ സമാഹരിച്ച പണം അനന്തുവിന്റെ തട്ടിക്കൂട്ട് കമ്പനിയായ സോഷ്യല്‍ ബീ വെന്‍ച്വേഴ്സിന്റെ അക്കൗണ്ടിലേക്ക് മാറ്റിയ ശേഷമാണ് അനന്തു സ്വന്തം ജീവിതാഡംബരങ്ങള്‍ക്കായും ഈ പണം ഉപയോഗിച്ചത്. വിമാനയാത്രയ്ക്കും പഞ്ചനക്ഷത്ര ഹോട്ടലുകളിലെ താമസത്തിനുമായി ഇക്കഴിഞ്ഞ ഡിസംബര്‍ മാസത്തില്‍ മാത്രം അനന്തു ചെലവിട്ടത് ഏഴു ലക്ഷത്തിലേറെ രൂപയാണ്.
നാട്ടുകാരില്‍ നിന്ന് പാതിവില തട്ടിപ്പിലൂടെ സമാഹരിച്ച കോടികള്‍ എങ്ങനെയൊക്കെ പണം അനന്തുകൃഷ്ണന്‍ ചെലവിട്ടുവെന്നതിനെ പറ്റി സംശയങ്ങള്‍ ഒരുപാട് ബാക്കിയാണ്. രാഷ്ട്രീയക്കാർക്കും സായിഗ്രാമം ഗ്ലോബൽ ട്രസ്റ്റ് ഫൗണ്ടർ & എക്സിക്യൂട്ടീവ് ഡയറക്ടർ കെ. എൻ. ആനന്ദകുമാറിനും നൽകിയെന്ന് വെളിപ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ നാട്ടുകാരില്‍ നിന്ന് തട്ടിയെടുത്ത കാശ് അനന്തുകൃഷ്ണന്‍ തന്‍റെ ആഡംബര ജീവിതത്തിനും വേണ്ടി കൂടിയും ഉപയോഗിച്ചു എന്നതിന്‍റെ തെളിവാണ് ബാങ്ക് അക്കൗണ്ട് രേഖകള്‍.കൊച്ചി പനമ്പിളളി നഗറിലുളള കോട്ടക് മഹീന്ദ്ര ബാങ്കില്‍ അനന്തുകൃഷ്ണന്‍ നേരിട്ട് കൈകാര്യം ചെയ്തിരുന്ന അക്കൗണ്ടിന്‍റെ ഡിസംബര്‍ മാസത്തിലെ മാത്രം കണക്കുകള്‍ കേട്ടാല്‍ പാതിവിലയ്ക്ക് ഉപകരങ്ങള്‍ മോഹിച്ച് പണം നല്‍കിയവര്‍ ശരിക്കും ഞെട്ടും.ഡിസംബര്‍ 1 നും 31 നും ഇടയില്‍ അനന്തുകൃഷ്ണന്‍ വിമാനയാത്രയ്ക്കായി മാത്രം ചെലവാക്കിയത് 3,38,137 രൂപയാണ്. ഡല്‍ഹിക്കും കൊച്ചിക്കും ഇടയിലായിരുന്നു ഡിസംബര്‍ മാസത്തിലെ അനന്തുകൃഷ്ണന്‍റെ വിമാനയാത്രകള്‍. 6 തവണയാണ് ഡല്‍ഹിക്കും കൊച്ചിക്കുമിടയില്‍ അനന്തു പറന്നത്. അനന്തുവിനൊപ്പം മറ്റാരെങ്കിലും ഡല്‍ഹിയിലേക്കുളള യാത്രകളില്‍ ഒപ്പമുണ്ടായിരുന്നോ എന്ന കാര്യത്തില്‍ അന്വേഷണം തുടരുകയാണ്. എന്തായാലും ഒരു മാസം മൂന്നു ലക്ഷം രൂപയുടെ വിമാനയാത്ര നടത്താന്‍ മാത്രം പണം അനന്തു സമാഹരിച്ചത് പാതിവില തട്ടിപ്പിന്‍റെ ബലത്തിലെന്ന് വ്യക്തമാണ്.
ഡല്‍ഹിയിലെ അനന്തുവിന്‍റെ താമസമത്രയും പഞ്ചനക്ഷത്ര ഹോട്ടലുകളിലായിരുന്നു എന്നതിന്‍റെ തെളിവും ബാങ്ക് സ്റ്റേറ്റ്മെന്‍റില്‍ ഉണ്ട്. ഏറ്റവും കുറഞ്ഞ മുറിയ്ക്ക് ഇരുപത്തിയയ്യായിരം രൂപ ചെലവു വരുന്ന ഹോട്ടലില്‍ ഡിസംബര്‍ മാസത്തില്‍ നാല് ദിവസമെങ്കിലും അനന്തു താമസിച്ചു. ആകെ ചെലവായത് 3,66,183 രൂപ. ഡല്‍ഹിയിലെ ലളിത് ഹോട്ടലില്‍ മാത്രം ഒരു ദിവസം 1,97,000 അനന്തു ചെലവിട്ടതായും രേഖകളിലുണ്ട്. ഡല്‍ഹിയില്‍ മാത്രമല്ല കേരളത്തിലും ഒന്നിലേറെ തവണ പഞ്ചനക്ഷത്ര ഹോട്ടലുകളില്‍ പതിനായിരക്കണക്കിന് രൂപ അനന്തു ചെലവിട്ടിട്ടുണ്ട്. എന്‍ജിഒകള്‍ വഴി പിരിച്ചെടുത്ത പണം ചില തട്ടിപ്പു കമ്പനികള്‍ രൂപീകരിച്ച് അതിലേക്ക് മാറ്റുകയായിരുന്നു അനന്തുകൃഷ്ണന്‍. അത്തരത്തില്‍ രൂപീകരിച്ച സോഷ്യല്‍ ബീ വെന്‍ച്വേഴ്സിന്‍റെ അക്കൗണ്ട് വഴിയായിരുന്നു ആഡംബര ജീവിതത്തിനുളള പണമത്രയും അനന്തു ചെലവിട്ടത്. ഇത് ഒരു ബാങ്കിന്‍റെ ഒരു മാസത്തെ മാത്രം സ്റ്റേറ്റ്മെന്‍റ് മാത്രമാണ്. ഏതാണ്ട് 21 അക്കൗണ്ടുകള്‍ അനന്തു കൈകാര്യം ചെയ്തിരുന്നെന്നാണ് പൊലീസിന്‍റെ കണ്ടെത്തല്‍.