വന്യമൃഗ ശല്യം : സർക്കാർ അനാസ്ഥയ്ക്കെതിരെ പ്രതിഷേധ ജ്വാല സംഘടിപ്പിച്ചു

തിരുവമ്പാടി: വന്യമൃഗശല്യത്തിൽ കർഷകരെ സഹായിക്കാത്ത സർക്കാർ നയത്തിനെതിരെ കത്തോലിക്ക കോൺഗ്രസ് നേതൃത്വത്തിൽ തിരുവമ്പാടിയിൽ പ്രതിഷേധ ജ്വാല സംഘടിപ്പിച്ചു. നാട്ടിലിറങ്ങി ജനങ്ങളെ കൊല്ലുകയും കൃഷിനശിപ്പിക്കുകയും ചെയ്യുന്ന വന്യമൃഗങ്ങളെ കൊല്ലാൻ നിയമങ്ങൾ ഉണ്ടായിട്ടും അത് യഥാസമയം നടപ്പാക്കാത്തത് ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് പ്രതിഷേധ ജ്വാല ഉദ്ഘാടനം ചെയ്ത തിരുവമ്പാടി ഫൊറോന വികാരി ഫാ. തോമസ് നാഗപറമ്പിൽ അഭിപ്രായപ്പെട്ടു.

റേഡിയോ കോളർ പിടിപ്പിച്ച അപകട കാരിയായ കാട്ടാന നാട്ടിലിറങ്ങിയിട്ട് ആഴ്ചകളായിട്ടും നടപടി എടുക്കാത്തതും ജനങ്ങൾക്ക് ജാഗ്രതാ നിർദ്ദേശം നൽകാത്തതും സർക്കാർ സംവിധാനത്തിൻ്റെ പരാജയം ആണ്. വന്യമൃഗങ്ങളെ ഭയന്ന് നാട്ടിൽ ജീവിക്കേണ്ടി വരുന്ന ജനങ്ങളുടെ അവസ്ഥ പരിതാപകരമാണെന്നും ഇതിനു പരിഹാരം ഉണ്ടാക്കണമെന്നും പ്രതിഷേധ യോഗം ആവശ്യപ്പെട്ടു.

കത്തോലിക്ക കോൺഗ്രസ് തിരുവമ്പാടി പ്രസിഡൻ്റ് ബെന്നി കിഴക്കേ പറമ്പിൽ അധ്യക്ഷത വഹിച്ച യോഗത്തിൽ ഫാ. ആൽബിൻ വിലങ്ങുപാറ, ഫാ.റൂബിൻ പൊടി മറ്റത്തിൽ, കത്തോലിക്ക കോൺഗ്രസ് ഭാരവാഹികളായ ജോസഫ് പുലക്കുടി, തങ്കച്ചൻ മുട്ടത്ത്, ജോസ് തറയിൽ, പ്രിൻസ് തിനംപറമ്പിൽ, പഞ്ചായത്ത് അംഗം ലിസി മാളിയേക്കൽ, വൽസമ്മ കൊട്ടാരം, ജോയി കുരിശിങ്കൽ എന്നിവർ പ്രസംഗിച്ചു.


കോടഞ്ചേരിയിലെ വാർത്തകളും വിവരങ്ങളും ഏറ്റവും ആദ്യം നിങ്ങളിലേക്ക് എത്തുവാൻ കോടഞ്ചേരി ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ അംഗമാവൂ.: https://chat.whatsapp.com/FOZWMk3VRfXDrODLoC0OiN

Sorry!! It's our own content. Kodancherry News©