പൾസ് പോളിയോ തുള്ളിമരുന്ന് നൽകാൻ സജ്ജമായി തിരുവമ്പാടി
തിരുവമ്പാടി: പോളിയോ രോഗം നിർമാർജനം ചെയ്യുന്നതിന്റെ ഭാഗമായി മാർച്ച് 3 ന് ഞായറാഴ്ച നടക്കുന്ന പൾസ് പോളിയോ ഇമ്മ്യൂണൈസേഷൻ പരിപാടി വിജയിപ്പിക്കുന്നതിനായി തിരുവമ്പാടിയിൽ വിപുലമായ സജ്ജീകരണങ്ങൾ ഒരുങ്ങി.
അഞ്ചുവയസ്സ് വരെയുള്ള എല്ലാ കുട്ടികൾക്കും ഒരേ ദിവസം ഓരോ ഡോസ് പോളിയോ തുള്ളി മരുന്ന് നൽകി രോഗാണു സംക്രമണം തടയുന്നതാണ് പൾസ് പോളിയോ ഇമ്മ്യൂണൈസേഷൻ. രോഗപ്രതിരോധ ചികിത്സാ പട്ടിക പ്രകാരം പോളിയോ തുള്ളിമരുന്ന് ലഭിച്ച കുട്ടികൾക്കും പൾസ് പോളിയോ ദിനത്തിൽ പോളിയോ തുള്ളിമരുന്ന് നൽകേണ്ടതാണ്. തിരുവമ്പാടി ഗ്രാമ പഞ്ചായത്തിൽ 2033 കുഞ്ഞുങ്ങൾക്ക് പ്രത്യേകം സജ്ജീകരിച്ച 33 ബൂത്തുകൾ വഴി പോളിയോ തുള്ളി മരുന്ന് നൽകുന്നതിന് പ്രത്യേക സൗകര്യമൊരുക്കിയതായി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ബിന്ദു ജോൺസണും കുടുംബാരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ ഡോ.കെ വി പ്രിയയും അറിയിച്ചു. പോളിയോ മരുന്ന് നൽകുന്ന വളണ്ടിയർമാർക്കുള്ള പരിശീലനം ഗ്രാമപഞ്ചായത്ത് ഹാളിൽ വച്ച് പ്രസിഡണ്ട് ബിന്ദു ജോൺസൺ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡണ്ട് കെ എ അബ്ദുറഹിമാൻ അധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി അംഗങ്ങളായ ലിസി അബ്രഹാം, റംല ചോലക്കൽ, രാജു അമ്പലത്തിങ്കൽ, വാർഡ് മെമ്പർമാരായ മേഴ്സി പു ളിക്കാട്ട്, രാമചന്ദ്രൻ കരിമ്പിൽ, രാധാമണി ദാസൻ, ലിസി സണ്ണി, അപ്പു കോട്ടയിൽ ബീന പി, ഹെൽത്ത് ഇൻസ്‌പെക്ടർ എം സുനീർ, പി എച്ച് എൻ ഷില്ലി എൻ വി, ജെ പി എച്ച് എൻ മിനി വി എം, ജെ എച് ഐ ഷാജു കെ, ഐസിഡിഎസ് സൂപ്പർവൈസർ ചഷ്മ ചന്ദ്രൻ, സിഡിഎസ് ചെയർപേഴ്സൺ പ്രീതി രാജീവ് എന്നിവർ സംസാരിച്ചു.