കോടഞ്ചേരി സെന്റ് മേരീസ് മരിയൻ തീർത്ഥാടന കേന്ദ്രത്തിൽ ഓശാന ഞായർ ആചരണം രാവിലെ ഏഴിന്
കോടഞ്ചേരി: കോടഞ്ചേരി സെന്റ് മേരീസ് മരിയൻ തീർത്ഥാടന കേന്ദ്രത്തിൽ ഓശാന ഞായർ ആചരണം രാവിലെ ഏഴിന് ആരംഭിക്കും. കോടഞ്ചേരി സെന്റ് ജോസഫ് എൽ പി സ്കൂൾ ഗ്രൗണ്ടിൽ നാളെ രാവിലെ ഏഴിന് ഓശാന തിരുകർമ്മങ്ങൾ ആരംഭിക്കും. തുടർന്ന് എൽ പി സ്കൂൾ ഗ്രൗണ്ടിൽ നിന്നും പള്ളിയിലേക്ക് കുരുത്തോല പ്രദക്ഷിണം നടത്തും.
ചടങ്ങുകൾക്ക് ഫൊറോന വികാരി ഫാ. കുര്യാക്കോസ് ഐകുളമ്പിൽ,അസിസ്റ്റന്റ് വികാരിമാരായ ഫാ. ജിതിൻ പന്തലാടിക്കൽ, ഫാ.സന്തോഷ് ചുവപ്പുങ്കൽ എന്നിവർ നേതൃത്വം നൽകും.
ഈസ്റ്ററിനു മുൻപുള്ള ഞായറാഴ്ചയാണ്ഓശാന ഞായർ അഥവാ കുരുത്തോലപ്പെരുന്നാൾ എന്ന് അറിയപ്പെടുന്നത്. അന്നേ ദിവസം ക്രിസ്തീയ വിശ്വാസികൾ കുരിശിലേറ്റപ്പെടുന്നതിനു മുൻപ് ജറുസലേമിലേക്കു കഴുതപ്പുറത്തേറി വന്ന യേശുവിനെ, ഒലിവു മരച്ചില്ലകളും ഈന്തപ്പനയോലകളും വഴിയിൽ വിരിച്ച്, ‘ഓശാന ഓശാന ദാവീദിന്റെ പുത്രന് ഓശാന’ എന്നു പാടി സാധാരണക്കാരായ ജനങ്ങൾ വരവേറ്റ ബൈബിൾ സംഭവത്തെ അനുസ്മരിക്കുന്നു. ഓശാന ഞായറോട് കൂടി ക്രൈസ്തവ സഭകൾ വിശുദ്ധ വാരത്തിലേക്ക് കടക്കുന്നു.

അന്നേ ദിവസം പള്ളികളിൽ, പ്രത്യേക പ്രാർത്ഥനകളും യേശുവിന്റെ ജറുസലേമിലേക്കുള്ള ആഘോഷപൂർവ്വമായ ആഗമനത്തെപ്പറ്റിയുള്ള സുവിശേഷ ഭാഗങ്ങളൂടെ വായനയും കുരുത്തോലകളുടെ ആശീർവാദവും, കുരുത്തോലകളുമേന്തിയുള്ള പ്രദക്ഷിണവും ഉണ്ട്. വിശ്വാസികൾ കുരുത്തോലയെ വളരെ പൂജ്യമായി കൈകാര്യം ചെയ്യുകയും വീട്ടിൽ ഭദ്രമായി സൂക്ഷിക്കുകയും ചെയ്യുന്നു. കത്തോലിക്കാ ദേവാലയങ്ങളിൽ പിറ്റേവർഷത്തെ വലിയ നോമ്പിന്റെ ആരംഭം കുറിച്ചുകൊണ്ടുള്ള വരുന്ന വിഭൂതി പെരുന്നാളിൽ (കുരിശുവരപ്പെരുന്നാൾ) ഓശാന ഞായറാഴ്ച പള്ളികളിൽ നിന്നും ലഭിക്കുന്ന ഈ കുരുത്തോലകൾ കത്തിച്ച ചാരമുപയോഗിച്ച് നെറ്റിയിൽ കുരിശു വരയ്ക്കുന്നു. പൗരസ്ത്യ സുറിയാനി പാരമ്പര്യത്തിൽ പെട്ട ഓർത്തഡോക്സ് സഭകളിൽ ഈ കുരുത്തോലകൾ അടുത്തു വരുന്ന ക്രിസ്തുമസ് ദിനത്തിലെ തീജ്വാല ശുശ്രൂഷകളിൽ ഉപയോഗിക്കുന്നു.
കേരളത്തിലെ കത്തോലിക്കരുടെ ഇടയിൽ യേശുവിന്റെ ശിഷ്യന്മാരുമൊത്തുള്ള അന്ത്യ അത്താഴത്തെ അനുസ്മരിക്കുന്ന പെസഹാ വ്യാഴാഴ്ച കാച്ചുന്ന പാലിൽ കുരുത്തോലകൊണ്ടുണ്ടാക്കിയ ചെറിയ കുരിശ് ഇടാറുണ്ട്. അതേ ദിവസം ഉണ്ടാക്കുന്ന പുളിക്കാത്തപ്പം അഥവാ ഇൻറിയപ്പത്തിന്റെ നടുവിൽ ഓശാന മുറിച്ചു കുരിശാകൃതിയിൽ വക്കുന്നു. കുരുത്തോല കൊണ്ടുണ്ടാക്കിയ ചെറിയ കുരിശ് പെസഹാ അപ്പത്തിന്റെ നടുവിൽ വെക്കുന്നു.
കോടഞ്ചേരിയിലെ വാർത്തകളും വിവരങ്ങളും ഏറ്റവും ആദ്യം നിങ്ങളിലേക്ക് എത്തുവാൻ കോടഞ്ചേരി ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാവൂ.: https://chat.whatsapp.com/KHbkrtmucLV6Cefd6xzh5k