ഫാ. ജോർജ്ജ് ആശാരിപറമ്പിൽ നിര്യാതനായി 🌹

താമരശ്ശേരി രൂപതാംഗം ഫാ. ജോർജ്ജ് ആശാരിപറമ്പിൽ (87) നിര്യാതനായി. കോഴിക്കോട് ഗുഡ്‌ഷെപ്പേർഡ് വൈദിക വിശ്രമമന്ദിരത്തിൽ വിശ്രമജീവിതം നയിച്ചു വരിക യായിരുന്നു.1937 ഒക്ടോബർ 30ന് പാലാ രൂപതയിലെ കുറവിലങ്ങാട് പരേതരായ ആശാരിപറമ്പിൽ ചെറിയാൻ – മറിയം ദമ്പതികളുടെ ഒമ്പതുമക്കളിൽ അഞ്ചാമനായി ജനിച്ചു. കുറവിലങ്ങാട് സ്‌കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയ ശേഷം പാലാ രൂപതയുടെ ഗുഡ്ഷെപ്പേർഡ് മൈനർ സെമിനാരിയിൽ സെമിനാരി പഠനം ആരംഭിച്ചു. തുടർന്ന് ഉന്നത പഠനത്തിനായി റോമിലേക്ക് അയക്കപ്പെട്ടു. വൈദിക പരിശീലനത്തിനൊടുവിൽ റോമിൽ വെച്ച് 1962 ഡിസംബർ 22ന് കാർഡിനൽ പീറ്റേർസ് അഗാഗിയാനിൽ നിന്ന് വൈദികപട്ടം സ്വീകരിക്കുകയും ഡിസംബർ 23ന് റോമിൽ വെച്ച് പ്രഥമ ദിവ്യബലിയർപ്പിക്കുകയും ചെയ്തു‌.റോമിലെ പൊന്തിഫിക്കൽ ഉർബാനിയ യൂണിവേഴ്‌സിറ്റിയിൽ നിന്ന് ഫിലോസഫിയിൽ ഡോക്‌ടറേറ്റ് കരസ്ഥമാക്കി. റോമിലെ പഠനകാലത്ത് 1962 മുതൽ 1965 വരെയുള്ള കാലഘട്ടത്തിൽ നടന്ന രണ്ടാം വത്തിക്കാൻ കൗൺസിലിൽ സഹായിയായി സേവനം ചെയ്തു‌. ജോൺ 23-ാം മാർപാപ്പായുടെ മരണശേഷം പോൾ ആറാമൻ മാർപാപ്പായുടെ തെരഞ്ഞെടുപ്പിൽ കർദ്ദിനാൾമാരുടെ സഹായിയായി പങ്കെടുക്കുന്നതിനും ബഹു. ജോർജ്ജച്ചന് ഭാഗ്യം ലഭിച്ചു. 1966ൽ കൂടരഞ്ഞി ഇടവകയിൽ അസിസ്റ്റന്റ് വികാരിയായി അജപാലന ദൗത്യം ആരംഭിച്ചു. 1966 മുതൽ 1968 വരെയുള്ള കാലഘട്ടത്തിൽ അഭിവക്ത തലശ്ശേരി രൂപതയുടെ ചാൻസിലറായും അഭിവന്ദ്യ വള്ളോപ്പിള്ളി പിതാവിൻ്റെ സെക്രട്ടറിയായും സേവനം ചെയ്തു.

തുടർന്ന് 1968 മുതൽ 1972 വരെ കാലഘട്ടത്തിൽ തലശ്ശേരി രൂപത മൈനർ സെമിനാരി റെക്ടറായി സേവനമനുഷ്‌ഠിച്ചു. തുടർന്ന് കണ്ണോത്ത്, തിരുവമ്പാടി, മരുതോങ്കര, കട്ടിപ്പാറ, കല്ലാനോട്, കുണ്ടുതോട്, ചമൽ, കൂരാച്ചുണ്ട്, മാലാപറമ്പ്, മരിയാപുരം, ചക്കിട്ടപാറ, താഴേക്കോട്, വാണിയമ്പലം എന്നീ ഇടവകകളിൽ വികാരിയായും സേവനമനുഷ്‌ഠിച്ചിട്ടുണ്ട്.2013 ൽ ഔദ്യോഗിക ജീവിതത്തിൽ നിന്ന് വിരമിച്ച് കോഴിക്കോട് ഗുഡ് ഷെപ്പേർഡ് പ്രീസ്റ്റ് ഹോമിൽ വിശ്രമ ജീവിതം നയിക്കുകയായിരുന്നു. (Late) മറിയക്കുട്ടി തോമസ് കാട്ടൂർ, നെടുങ്കുന്നം, (Late) ഏലിക്കുട്ടി തോമസ് ചെറുവള്ളിൽ, ആളൂർ, (Late) ജോൺ ചെറിയാൻ, (Late) എ.സി. ചാണ്ടി, (Late) അച്ചാമ്മ ജോസഫ് കൈതക്കോട്ടിൽ, കീഴൂർ, (Late) സിസിലി ജോയ് പുലിയൻതുരുത്തിയിൽ, കരിമണ്ണൂർ, സി. കാർമ്മൽ (ലില്ലി) സിസ്റ്റേഴ്‌സ് ഓഫ് ഹോളി സ്‌പിരിറ്റ്, ചുണങ്ങംവേലി, ഫിലോമിന ചെറിയാൻ പാലമറ്റത്തിൽ (ഗ്രേസി), മുത്തോലി എന്നിവർ സഹോദരങ്ങളും, ഫാ. ജോർജ്ജ് ആശാരിപറമ്പിൽ VC (Jr.) വികാരി, ബാപ്പുസപ്പാളയം, ബാംഗളൂർ സഹോദര പുത്രനുമാണ്.ജോർജ്ജ് ആശാരിപറമ്പിൽ അച്ചൻ്റെ ഭൗതിക ദേഹം അന്തിമോപചാരങ്ങൾക്കായി വ്യാഴാഴ്ച്ച (11.04.2024) ഉച്ചയ്ക്ക് 12.00 മണി മുതൽ രാത്രി 10.00 മണി വരെ, കോഴിക്കോട്, മേരിക്കുന്ന് ഗുഡ് ഷെപ്പേർഡ് വൈദിക മന്ദിരത്തിൽ പൊതുദർശനത്തിന് വെക്കുന്നതാണ്. വെള്ളിയാഴ്‌ച രാവിലെ 06.00 മണി മുതൽ കുറവിലങ്ങാടുള്ള കുടുംബവീടായ റോബി ചാണ്ടി ആശാരിപറമ്പിലിന്റെ ഭവനത്തിലും പൊതു ദർശനത്തിന് സൗകര്യമുണ്ടായിരിക്കും. മൃതസംസ്‌കാര ശുശ്രൂഷകൾ വെള്ളിയാഴ്‌ച ഉച്ചകഴിഞ്ഞ് 02.00 മണിക്ക് കുറവിലങ്ങാട് മർത്താ മറിയം മേജർ ആർക്കി എപ്പിസ്ക്‌കോപ്പൽ ദൈവാലയ സെമിത്തേരിയിൽ, താമരശ്ശേരി രൂപതാദ്ധ്യക്ഷൻ അഭിവന്ദ്യ മാർ റെമീജിയോസ് ഇഞ്ചനാനിയിൽ പിതാവിൻ്റെ മുഖ്യ കാർമ്മികത്വത്തിൽ നടത്തുന്നതാണ്.


കോടഞ്ചേരിയിലെ വാർത്തകളും വിവരങ്ങളും ഏറ്റവും ആദ്യം നിങ്ങളിലേക്ക് എത്തുവാൻ കോടഞ്ചേരി ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാവൂ.: https://chat.whatsapp.com/LeZQnYXpg6gINJBn9gSooD

Sorry!! It's our own content. Kodancherry News©