യുകെ കുടിയേറ്റ വിരുദ്ധ കലാപം: മലയാളി യുവാവിനു നേരെ ആക്രമണം; ജാഗ്രത നിര്‍ദേശം
യുകെയില്‍ പടര്‍ന്നു പിടിച്ച കുടിയേറ്റ വിരുദ്ധ കലാപത്തിന് ഇരയായി മലയാളി യുവാവ്. നോര്‍ത്തേണ്‍ അയര്‍ലന്‍ഡിന്‍റെ തലസ്ഥാന നഗരമായ ബെല്‍ഫാസ്റ്റില്‍ താമസിക്കുന്ന മലയാളി യുവാവിനു നേരെയാണ് പ്രതിഷേധക്കാര്‍ കഴിഞ്ഞ ദിവസം ആക്രമണം അഴിച്ചു വിട്ടത്. ഇദ്ദേഹം ജോലി കഴിഞ്ഞു മടങ്ങുമ്പോള്‍ രാത്രിയിലായിരുന്നു ആക്രമണം.ഏതാനും ദിവസങ്ങള്‍ക്കു മുമ്പ് ഇതേ യുവാവിനു നേരെ മുട്ടയേറു നടന്നിരുന്നു. ഇതു ചെയ്തവര്‍ക്കെതിരെ യുവാവു ചോദ്യങ്ങള്‍ ഉയര്‍ത്തുകയും എതിര്‍ക്കുകയും ചെയ്തിരുന്നു. ഇതിന്‍റെ വൈരാഗ്യത്തില്‍ കഴിഞ്ഞ ദിവസം പ്രതിഷേധക്കാര്‍ സംഘം ചേര്‍ന്ന് എത്തി യുവാവിനെ ആക്രമിക്കുകയായിരുന്നു. ഇയാള്‍ നടന്നു പോകുമ്പോള്‍ പിന്നില്‍ നിന്നു തല്ലി താഴെയിട്ട ശേഷം കൂട്ടം ചേര്‍ന്നു നിലത്തിട്ടു ചവിട്ടുകയായിരുന്നത്രെ. പരുക്കേറ്റ ഇദ്ദേഹം ആശുപത്രിയില്‍ ചികിത്സ തേടി എത്തിയതോടെ ആശുപത്രി അധികൃതര്‍ പൊലീസില്‍ അറിയിച്ചതായാണ് വിവരം. യുവാവിനു ഗുരുതരമായ പരുക്കുകളില്ല. പ്രായപൂര്‍ത്തിയാകാത്തവരാണ് ആക്രമണത്തിനു നേതൃത്വം നല്‍കുന്നവരില്‍ ഏറെയും എന്നതു നടപടി എടുക്കുന്നതില്‍ നിന്നു പൊലീസിനെയും പിന്തിരിപ്പിക്കുന്നുണ്ട്. സംഭവത്തിനു പിന്നാലെ, പ്രക്ഷോഭ മേഖലയില്‍ താമസിക്കുന്ന മലയാളികള്‍ ജാഗ്രത പുലര്‍ത്തണമെന്നും അനാവശ്യമായും ഒറ്റപ്പെട്ടും നഗരത്തില്‍ ചുറ്റി നടക്കരുതെന്നും വാട്‌സാപ് ഗ്രൂപ്പുകളിലൂടെ മലയാളി സംഘടനകള്‍ ഉള്‍പ്പടെ മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്. കൂട്ടമായി മലയാളം സംസാരിച്ചു മറ്റുള്ളവരെ പ്രകോപിപ്പിക്കുന്നതില്‍ നിന്നു വിട്ടു നില്‍ക്കണമെന്നും നിര്‍ദേശമുണ്ട്.
നടത്തുന്നതിനും നിര്‍ദേശം നല്‍കി സമൂഹമാധ്യമങ്ങളിലൂടെ ഏകോപിപ്പിക്കപ്പെട്ട സമരങ്ങളാണ് നിലവില്‍ അരങ്ങേറുന്നത്. വിവിധ സ്ഥലങ്ങളില്‍ നടന്ന ആക്രണങ്ങളില്‍ പൊലീസുകാര്‍ ഉള്‍പ്പടെ നിരവധിപ്പേര്‍ ആക്രമണത്തിന് ഇരയായി. ബെല്‍ഫാസ്റ്റില്‍ അക്രമികള്‍ ഏഷ്യല്‍ ഉല്‍പന്നങ്ങള്‍ വില്‍ക്കുന്ന കടയ്ക്കു കഴിഞ്ഞ ദിവസം തീയിട്ടിരുന്നു. ഇപ്പോഴും നഗരത്തില്‍ പ്രതിഷേധ പ്രകടനങ്ങള്‍ തുടരുന്നുണ്ട്. ലിവര്‍പൂളില്‍ കഴിഞ്ഞ ദിവസം ഏഷ്യന്‍ യുവാവിനു കുത്തേറ്റിരുന്നു. അതേ സമയം കുടിയേറ്റ വിരുദ്ധ പ്രതിഷേധക്കാര്‍ക്കെതിരെ ഫാസിസ്റ്റ് വിരുദ്ധ പ്രകടനക്കാരും ഒത്തു കൂടുകയും ആക്രമണങ്ങളില്‍ നിന്നു പിന്തിരിയണമെന്ന് ആഹ്വാനം നല്‍കുകയും ചെയ്തിരുന്നു. തീവ്രവാദപരമായ ഇടപെടലുകള്‍ നടത്തുന്നവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് പ്രധാനമന്ത്രി കെയര്‍ സ്റ്റാര്‍മന്‍ അറിയിച്ചിടുണ്ട്. അക്രമിക്കള്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ പൊലീസിനും നിര്‍ദേശമുണ്ട്. ഇതിനകം മാഞ്ചസ്റ്റര്‍, ലിവര്‍പൂള്‍, ഹള്‍, സ്റ്റോക് തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നു 147 പേരെ പൊലീസ് അറസ്റ്റു ചെയ്തിട്ടുണ്ട്.
മൂന്നു പെൺകുട്ടികളുടെ കൊലപാതകത്തെത്തുടർന്ന് തുടങ്ങിയ കലാപം ബ്രിട്ടനിലെ കൂടുതൽ നഗരങ്ങളിലേക്ക് വ്യാപിക്കുന്നു. 13 വർഷത്തിനിടെ രാജ്യംകണ്ട വലിയ കലാപമായി മാറുകയാണിത്. കഴിഞ്ഞയാഴ്ച സൗത്ത്‌പോർട്ടിൽവെച്ച് അക്സൽ റുഡാകുബാന എന്ന ബ്രിട്ടനിൽ ജനിച്ചുവളർന്ന റുവാണ്ടൻ വംശജനായ പതിനേഴുകാരൻ മൂന്നുപെൺകുട്ടികളെ കുത്തിക്കൊലപ്പെടുത്തിയ സംഭവമാണ് കലാപത്തിന് കാരണം. ആക്രമണത്തിൽ പത്തുപേർക്ക് പരിക്കേറ്റിരുന്നു.കൊലപാതകിയെകുറിച്ച് സമൂഹമാധ്യമങ്ങളിലൂടെ വലതുപക്ഷ തീവ്രവാദികളായ സാമൂഹൃവിരുദ്ധർ പ്രചരിപ്പിച്ച തെറ്റായ വിവരങ്ങളാണ് കലാപത്തിനിടയാക്കിയത്.ബ്രിട്ടനിൽ ജനിച്ചുവളർന്ന, മാനസികരോഗബാധിതനായ കൊലപാതകിയെ ഈയടുത്തകാലത്ത് എത്തിചേർന്ന ഏഷ്യൻ വംശജനായ അഭയാർത്ഥിയായി തെറ്റിദ്ധരിപ്പിച്ചുകൊണ്ടാണ് വലത് തീവ്രവാദികൾ അക്രമം അഴിച്ചുവിട്ടത്.അക്രമകാരികൾക്കെതിരെ നിയമത്തിൻ്റെ പരിപൂർണ്ണ ശക്തി പ്രയോഗിക്കുമെന്ന് പ്രധാനമന്ത്രി സ്റ്റാമർ വ്യക്തമാക്കി. തെരുവുകളിൽ പ്രത്യേകിച്ച് ഏഷ്യൻ വംശജർ കൂടുതലായുള്ളിടങ്ങളിലും അവരുടെ ആരാധനായങ്ങളിലും പോലീസ് സാന്നിധ്യം ഉറപ്പാക്കി.ചുരുക്കം ചിലയിടങ്ങളിൽ ഏഷ്യൻ സമൂഹം അക്രമങ്ങളെ പ്രതിരോധിക്കാനായി സംഘടിക്കുന്നതായും വാർത്തയുണ്ട്.