മുണ്ടക്കൈ ധനസഹായത്തിൽ നിന്നും വായ്പാ തുക പിടിച്ചു; ഗ്രാമീൺ ബാങ്കിന് മുൻപിൽ യുവജനസംഘടനകളുടെ പ്രതിഷേധം
കല്പറ്റ: ചൂരൽമല – മുണ്ടക്കൈ ദുരന്തബാധിതർക്ക് സർക്കാർ നൽകിയ ധനസഹായത്തിൽനിന്നും വായ്പാ തുക ഈടാക്കിയ കല്പറ്റ ഗ്രാമീൺ ബാങ്കിനെതിരെ പ്രതിഷേധവുമായി വിവിധ യുവജനസംഘടനകൾ. ഡിവൈഎഫ്ഐ, യൂത്ത് കോൺഗ്രസ്, യൂത്ത് ലീഗ് എന്നീ സംഘടനകളാണ് ബാങ്കിന് മുൻപിൽ ഉപരോധസമരവുമായി രംഗത്തുള്ളത്.സമരം കടുപ്പിച്ച സംഘടനകൾ ബാങ്ക് മാനേജരെ തടഞ്ഞുവെച്ച് ചോദ്യം ചെയ്തു. പിടിച്ച തുക തിരിച്ചുനൽകിയെന്ന് ബാങ്ക് മാനേജർ അറിയിച്ചെങ്കിലും ദുരന്തബാധിതർക്ക് അവ ലഭിച്ചില്ലെന്ന് സംഘടനകൾ ആരോപിച്ചു. സമരം അക്രമാസക്തമാകുകയും പൊലീസ് ഇടപെടുകയും ചെയ്തു. പിരിഞ്ഞുപോകാൻ കൂട്ടാക്കാത്ത സംഘടനകൾ ബാങ്ക് ഉപരോധിക്കുകയാണ്.
അതേസമയം, മുണ്ടക്കൈ ദുരന്തബാധിതർക്ക് സർക്കാർ നൽകിയ അടിയന്തര ധനസഹായത്തിൽ നിന്ന് പിടിച്ച വായ്പാ തുക തിരിച്ചുനൽകുമെന്ന് സംസ്ഥാന തല ബാങ്കിങ് സമിതി അറിയിച്ചു. സാങ്കേതിക കാരണങ്ങളാലാണ് ദുരിതബാധിതരുടെ ധനസഹായത്തുകയിൽ നിന്ന് വായ്പ പിടിച്ചതെന്ന് ബാങ്കിങ് സമിതി പറഞ്ഞു. ജൂലൈ 30 ന് ശേഷം പിടിച്ച വായ്പ തുക തിരിച്ച് നൽകാൻ നിർദ്ദേശിക്കാൻ ആവശ്യപ്പെട്ട് ജില്ലാ കലക്ടർ ഉത്തരവിട്ടിരുന്നു. ഇന്ന് തലസ്ഥാനത്ത് ചേരുന്ന ബാങ്കേഴ്സ് സമിതി യോഗം ഇക്കാര്യത്തിൽ നിർദ്ദേശം നൽകും.അടിയന്തര ധനസഹായമായി സർക്കാർ നൽകിയ 10000 രൂപയിൽ നിന്നാണ് നിരവധി പേരുടെ വായ്പാ തുക പിടിച്ചത്. ചുരൽമല ഗ്രാമീൺ ബാങ്കിന്റേതായിരുന്നു നടപടി. പുഞ്ചിരിമട്ടം സ്വദേശിയായ മിനിമോൾ കിണർ നിർമ്മിക്കാനായി ആധാരം പണയം വച്ച് 50000 രൂപ വായ്പയെടുത്തിരുന്നു. ഇതിന്റെ വായ്പാ ഗഡുവായ 3000 രൂപയാണ് ഇവർക്ക് ഓഗസ്റ്റ് 14 ന് ലഭിച്ച ധനസഹായത്തിൽ നിന്ന് ബാങ്ക് പിടിച്ചത്. നിലവിൽ മേപ്പാടി സ്കൂളിലെ ക്യാമ്പിലാണ് മിനിയും ഭർത്താവും കഴിയുന്നത്. ചുരൽമല സ്വദേശിയായ സന്ദീപിന്റെ 2000 രൂപയും പശുക്കളെ വാങ്ങാൻ വായ്പയെടുത്ത രാജേഷിന്റെ പണവും ബാങ്ക് പിടിച്ചിട്ടുണ്ട്. സംഭവം അറിഞ്ഞതോടെ മുഖ്യമന്ത്രിയുടെ ഓഫീസ് കളക്ടറോട് വിശദീകരണം തേടിയിരുന്നു.
വയനാട് മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരിതബാധിതർക്ക് നൽകിയ അടിയന്തര ധനസഹായം പിടിച്ചുപറിച്ച കേരള ഗ്രാമീൺ ബാങ്കിന്റെ നടപടിക്കെതിരെ വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. ഇതുപോലൊരു ഘട്ടത്തിൽ യാന്ത്രികമായി മറാൻ ഒരു കാരണവശാലും പറ്റില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു.
“വയനാട്ടിലെ ബാങ്കിന് മുന്നിൽ പ്രതിഷേധം നടക്കുകയാണ്. ഉരുൾപൊട്ടലിൽ എല്ലാം നഷ്ടപ്പെട്ടവർക്ക് ആദ്യഘട്ട സഹായമെന്ന് നിലയ്ക്കാണ് സർക്കാർ 10,000 രൂപ ബാങ്കുകൾ വഴി നൽകിയത്. അവരുടെ കയ്യിൽ ഒന്നുമില്ലത്താ അവസ്ഥയാണ്. എന്നാൽ ഈ പണം ഗ്രാമീൺ ബാങ്കിന്റെ കയ്യിൽ എത്തിയപ്പോൾ അവരുടെ ബാധ്യത ബാങ്ക് ഈടക്കുകയാണ് ചെയ്തത്. അതിനെ കുറിച്ച് കൂടുതൽ ഒന്നും പറയുന്നില്ല. യാന്ത്രികമായ സമീപത്തിന്റെ ഭാഗമായി സംഭവിച്ച തെറ്റാണെന്നാണ് ബാങ്ക് പറഞ്ഞത്. ഇതുപോലൊരു ഘട്ടത്തിൽ യാന്ത്രികമായി മറാൻ ഒരു കാരണവശാലും പറ്റില്ല.”- ബാങ്കേഴ്സ് സമിതിയുടെ പ്രത്യേക യോഗത്തിൽ മുഖ്യമന്ത്രി പറഞ്ഞു.
ദുരിതബാധിതർക്ക് സർക്കാർ നൽകിയ ധനസഹായത്തിൽനിന്നാണ് കേരള ഗ്രാമീൺ ബാങ്ക്, വായ്പാ തിരിച്ചടവിന്റെ ഗഡുക്കളാണ് അവരുടെ സമ്മതമില്ലാതെ പിടിച്ചത്. ഇത് ശ്രദ്ധയിൽപെട്ട ഉടനെ മുഖ്യമന്ത്രി ഇടപെടുകയും തുടർന്ന് ബാങ്ക് പിടിച്ചതുക തിരിച്ചുനൽകാൻ കലക്ടർ ഉത്തരവിറക്കുകയും ചെയ്തിരുന്നു.ഇഎംഐ പിടിച്ച വിവരം പുറത്തുവന്നയുടൻ മുഖ്യമന്ത്രി പിണറായി വിജയൻ ഇടപെട്ട് വയനാട് കലക്ടർ ഡി ആർ മേഘശ്രീയോട് അടിയന്തര റിപ്പോർട്ട് ആവശ്യപ്പെടുകയായിരുന്നു. കലക്ടർ റിപ്പോർട്ട് നൽകിയതിന് തൊട്ടുപിന്നാലെ, തുക തിരിച്ചുനൽകാൻ ഉത്തരവിറക്കി. ഉരുൾപൊട്ടിയ ജൂലൈ 30നുശേഷം ദുരന്തബാധിതരുടെ ബാങ്ക് അക്കൗണ്ടുകളിൽനിന്ന് ഏതെങ്കിലും വിധത്തിൽ തുക പിടിച്ചിട്ടുണ്ടെങ്കിൽ തിരിച്ചുനൽകണമെന്ന് ഉത്തരവിൽ വ്യക്തമാക്കി.
മുണ്ടക്കൈ ദുരന്തബാധിതരായ തോട്ടംതൊഴിലാളി പുഞ്ചിരിമട്ടം പാറക്കൽ മിനിമോൾ, ചൂരൽമല കൃഷ്ണഭവനിൽ രാജേഷ് എന്നിവരുടെ വായ്പാഗഡു ധനസഹായത്തിൽ നിന്ന് പിടിച്ചതായാണ് പരാതി. മിനിമോൾക്ക് ദുരിതാശ്വാസമായി ലഭിച്ച 10000 രൂപയിൽനിന്നും കേരള ഗ്രാമീൺ ബാങ്ക് 3,000 രൂപയാണ് പിടിച്ചത്.