40 ദിവസത്തിനിടെ ചത്തത് 10 കടുവകൾ; മുതുമല കടുവസങ്കേതത്തിൽ കടുവകൾ ചാവുന്നത് തുടർക്കഥയാകുന്നു
രാജ്യത്ത് കടുവകളുടെ സാന്നിധ്യം കൂടുതലുള്ള നീലഗിരിജില്ലയിലെ മുതുമല കടുവസങ്കേതത്തിൽ കടുവകൾ ചാകുന്നത് തുടർക്കഥയാവുകയാണ്. 2023 ഓഗസ്റ്റ് 17-നും സെപ്റ്റംബർ 19-നും ഇടയിൽ ആറ് കുട്ടികൾ ഉൾപ്പെടെ പത്ത് കടുവകൾ ചത്തത് ദേശീയതലത്തിൽ ചർച്ചയായിരുന്നു. പുറകെ 2024 ഓഗസ്റ്റിലും ഇത് തുടരുകയാണ്.ബന്ദിപ്പുർ (കർണാടക), വയനാട്, സത്യമംഗലം കടുവസങ്കേതങ്ങളുമായി അതിർത്തി പങ്കിടുന്ന മുതുമല കടുവസങ്കേതത്തിൽ 114 കടുവകൾ ഉണ്ടെന്നാണ് കണക്ക്. പശ്ചിമഘട്ട മേഖലയിൽ കുറ്റിക്കാടുകൾ ഏറെയുള്ള മുതുമലയിൽ കടുവകളെ പെട്ടെന്ന് കാണാനും കഴിയും.
സാധാരണ അവശതകൊണ്ടും പരസ്പരം ഏറ്റുമുട്ടിയും കടുവകൾ ചാവാറുണ്ടെങ്കിലും 2024-ൽ 40 ദിവസത്തിനിടെയാണ് പത്ത് കടുവകൾ ചത്തത്. ഇതോടെ ദേശീയ കടുവസംരക്ഷണ അതോറിറ്റി വിഷയത്തിൽ ഇടപെടുകയും നേരിട്ടുള്ള അന്വേഷണം നടത്തുകയും ചെയ്തു.അതോറിറ്റി ഇൻസ്പെക്ടർ ജനറലിന്റെ നേതൃത്വത്തിലുള്ള സംഘം നടത്തിയ പരിശോധനയിൽ കടുവകൾ ചത്തത് സ്വാഭാവികമാണെന്ന റിപ്പോർട്ടാണ് സമർപ്പിച്ചത്. മറ്റ് ദുരൂഹതകളോ ഭീതിയോ ആവശ്യമില്ലെന്നും റിപ്പോർട്ടിൽ പറഞ്ഞിരുന്നു.