ശ്രുതിയെ തനിച്ചാക്കി ജെൻസൺ വിട പറഞ്ഞു

വയനാട് കല്‍പ്പറ്റ വെള്ളാരംകുന്നില്‍ ബസും വാനും കൂട്ടിയിടിച്ച അപകടത്തിൽ പരിക്കേറ്റ ജെൻസൻ മരിച്ചു. ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുന്ന ജെൻസൺ വെൻ്റിലേറ്ററിലായിരുന്നു. അൽപ്പനേരം മുമ്പാണ് ശ്രുതിയെ തനിച്ചാക്കി ജെൻസൺ ഈ ലോകത്ത് നിന്ന് വിടവാങ്ങിയത്.

 മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടലിൽ കുടുംബാംഗങ്ങളെ നഷ്ടപ്പെട്ട ശ്രുതിക്ക് വീണ്ടും ദുരന്തം കോഴിക്കോട്-കൊല്ലഗൽ ദേശീയപാതയിൽ വെള്ളാരംകുന്നിനു സമീപം സംഭവിച്ച വാഹനാപകടത്തിൽ ശ്രുതിക്കും പ്രതിശ്രുത വരൻ അമ്പലവയൽ സ്വദേശി ജെൻസനും ഗുരുതര പരിക്കേറ്റു.

ഇന്നലെ വൈകിട്ട് ഒരു സ്വകാര്യ ബസും വാനും കൂട്ടിയിടിച്ചതാണ് അപകടത്തിനിടയാക്കിയത്. ഇടിയുടെ ആഘാതത്തിൽ വാനിന്റെ മുൻഭാഗം പൂർണമായും തകർന്നു. സിസിടിവി ദൃശ്യങ്ങൾ ഇതിനു തെളിവായി പുറത്തുവന്നിട്ടുണ്ട്. തലയ്ക്കു ഗുരുതരമായി പരുക്കേറ്റ ജെൻസൻ അല്പം മുമ്പാണ് മരണപ്പെട്ടത്.  ശ്രുതി കൽപറ്റയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.

ഉരുൾപൊട്ടലിൽ ശ്രുതിയുടെ അച്ഛൻ ശിവണ്ണൻ, അമ്മ സബിത, സഹോദരി ശ്രേയ എന്നിവരുൾപ്പെടെ കുടുംബത്തിലെ 9 പേരെയാണ് നഷ്‌ടമായത്. കോഴിക്കോട് ജോലിസ്ഥലത്തായതിനാൽ ശ്രുതി രക്ഷപ്പെട്ടു. കൽപറ്റയിലെ വാടക വീട്ടിൽ ബന്ധുവിനൊപ്പം കഴിയുന്ന ശ്രുതിക്ക് ഇപ്പോൾ പിടിച്ചുനിൽക്കാൻ ജെൻസന്റെ പിന്തുണയാണുള്ളത്. ദുരന്തത്തിന് ഒരു മാസം മുൻപ് ഇവരുടെ വിവാഹ നിശ്ചയം കഴിഞ്ഞിരുന്നു. അന്നുതന്നെയായിരുന്നു ശ്രുതിയുടെ പുതിയ വീടിൻ്റെ പാലു കാച്ചലും. ശ്രുതിയുടെ വിവാഹത്തിനായി അച്ഛൻ സ്വരുക്കൂട്ടി വച്ചിരുന്ന നാലര ലക്ഷം രൂപയും 15 പവനും ഉരുൾപൊട്ടലിൽ നഷ്‌ടമായി.

ഈ മാസം അവസാനം വിവാഹം നടത്താൻ തീരുമാനിച്ചിരിക്കെയാണു വാഹനാപകടം. ശ്രുതിയുടെ ബന്ധു ലാവണ്യയ്ക്കും പരുക്കേറ്റു. ശിവണ്ണന്റെ സഹോദരൻ സിദ്ധരാജിന്റെ മകളായ ലാവണ്യയ്ക്കു ഉരുൾപൊട്ടലിൽ മാതാപിതാക്കളെയും സഹോദരനെയും നഷ്ട‌പ്പെട്ടരുന്നു.

Sorry!! It's our own content. Kodancherry News©