മലയാള സിനിമയിലെ അമ്മ മുഖം: കവിയൂർ പൊന്നമ്മ ഇനി ഓർമ
അമ്മ വേഷങ്ങളിലൂടെ മലയാളി പ്രേക്ഷകരുെട മനംകവർന്ന കവിയൂർ പൊന്നമ്മ (80) അന്തരിച്ചു. രോഗബാധിതയായി കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിൽസയിലായിരുന്നു. ഗായികയായി കലാജീവിതമാരംഭിച്ച് നാടകത്തിലൂടെ അഭിനേത്രിയായി സിനിമയിലെത്തിയ പൊന്നമ്മ സത്യൻ, മധു, പ്രേംനസീർ, സോമൻ, സുകുമാരൻ, മമ്മൂട്ടി, മോഹൻലാൽ തുടങ്ങിയവരുടെയെല്ലാം അമ്മവേഷങ്ങളിലൂടെയാണ് ശ്രദ്ധിക്കപ്പെട്ടത്. നെഗറ്റീവ് റോളുകൾ അടക്കം വ്യത്യസ്ത വേഷങ്ങളും അവതരിപ്പിച്ചിട്ടുണ്ട്.
ഒരു മാസത്തിലേറെയായി ചികിത്സയിലായിരുന്നു. കൊച്ചിയിലെ ലിസി ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം. ആറ് പതിറ്റാണ്ടുകളായി മലയാള സിനിമയില്‍ നിറഞ്ഞു നില്‍ക്കുന്ന അഭിനേത്രിയായിരുന്നു കവിയൂര്‍ പൊന്നമ്മ. ഏറ്റവും കൂടുതല്‍ സിനിമകളില്‍ അഭിനയിച്ച ആര്‍ട്ടിസ്റ്റുകളില്‍ ഒരാള്‍ കൂടിയാണ്.പതിനാലാമത്തെ വയസ്സില്‍ അക്കാലത്തെ പ്രമുഖ നാടകക്കമ്പനിയായ പ്രതിഭ ആര്‍ട്ട്‌സിന്റെ നാടകങ്ങളില്‍ ഗായികയായാണ് കലാരംഗത്തു വരുന്നത്. തോപ്പില്‍ ഭാസിയുടെ മൂലധനം എന്ന നാടകത്തിലൂടെ അഭിനയരംഗത്തെത്തി.1962 ല്‍ ശ്രീരാമ പട്ടാഭിഷേകത്തിലൂടെയാണ് സിനിമയില്‍ അരങ്ങേറ്റം കുറിച്ചത്. രാവണനായി കൊട്ടാരക്കര ശ്രീധരന്‍ നായരെത്തിയപ്പോള്‍ മണ്ഡോദരിയായത് കവിയൂര്‍ പൊന്നമ്മയായിരുന്നു. തൊമ്മന്റെ മക്കള്‍ (1965) എന്ന സിനിമയില്‍ സത്യന്റെയും മധുവിന്റെയും അമ്മയായി വേഷമിട്ടു. മലയാളത്തില്‍ മിക്കവരുടെയും അമ്മയായി അഭിനയിച്ചിട്ടുണ്ട്. 1965 ലെ തന്നെ ഓടയില്‍നിന്നില്‍ സത്യന്റെ നായികാകഥാപാത്രമായി ‘അമ്പലക്കുളങ്ങരെ’ എന്ന മലയാളത്തിലെ സൂപ്പര്‍ ഹിറ്റ് ഗാനമുള്‍പ്പടെയുള്ള രംഗങ്ങളില്‍ നമുക്ക് കവിയൂര്‍ പൊന്നമ്മയെ മറക്കാനാകില്ല. ആ വര്‍ഷം തന്നെ സത്യന്റെ അമ്മവേഷവും ചെയ്തു എന്നത് ആ അഭിനേത്രിയുടെ കഴിവിന്റെ സാക്ഷ്യപത്രം തന്നെയാണ്. നെല്ല് (1974)എന്ന ചിത്രത്തിലെ സാവിത്രി എന്ന കഥാപാത്രമാണ് അമ്മവേഷങ്ങളില്‍ നിന്ന് വേറിട്ട് കാണാവുന്ന പൊന്നമ്മയുടെ മറ്റൊരു കഥാപാത്രം.
തൊമ്മന്റെ മക്കള്‍, ഓടയില്‍നിന്ന്, അന്വേഷിച്ചു കണ്ടെത്തിയില്ല, അസുരവിത്ത്, വെളുത്ത കത്രീന, നദി, ഒതേനന്റെ മകന്‍, ശരശയ്യ, വിത്തുകള്‍, ആഭിജാത്യം, ശ്രീ ഗുരുവായൂരപ്പന്‍, ഏണിപ്പടികള്‍, പൊന്നാപുരം കോട്ട, നിര്‍മാല്യം, നെല്ല്, ദേവി കന്യാകുമാരി, തുലാവര്‍ഷം, സത്യവാന്‍ സാവിത്രി, കൊടിയേറ്റം, ഇതാ ഇവിടെ വരെ, ഈറ്റ, ചാമരം, സുകൃതം, കരിമ്പന, ഓപ്പോള്‍, ഇളക്കങ്ങള്‍, സുഖമോ ദേവി, നഖക്ഷതങ്ങള്‍, അച്ചുവേട്ടന്റെ വീട്, തനിയാവര്‍ത്തനം, മഴവില്‍ക്കാവടി, വന്ദനം, കിരീടം, ദശരഥം, കാട്ടുകുതിര, ഉള്ളടക്കം, സന്ദേശം, ഭരതം, കുടുംബസമേതം, ചെങ്കോല്‍, മായാമയൂരം, വാത്സല്യം, ഹിസ് ഹൈനസ് അബ്ദുള്ള, തേന്‍മാവിന്‍ കൊമ്പത്ത്, അരയന്നങ്ങളുടെ വീട്, കാക്കക്കുയില്‍, വടക്കുന്നാഥന്‍, ബാബാ കല്യാണി, ഇവിടം സ്വര്‍ഗമാണ്, ഒപ്പം തുടങ്ങിയവയാണ് ശ്രദ്ധേയമായ മലയാള ചിത്രങ്ങള്‍. കൂടാതെ സത്യാ എന്ന തമിഴ് ചിത്രത്തിലും പ്രിയുരാലു എന്ന തെലുങ്ക് ചിത്രത്തിലും വേഷമിട്ടിട്ടുണ്ട്. 2021 ല്‍ റിലീസ് ചെയ്ത ആണും പെണ്ണും എന്ന സിനിമയിലാണ് അവസാനം അഭിനയിച്ചത്.
ആയിരത്തോളം സിനിമകളിൽ അഭിനയിച്ചു. േമഘതീർഥം എന്ന ചിത്രം നിർമിച്ചു. മികച്ച സഹനടിക്കുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരം നാലു വട്ടം നേടിയിട്ടുണ്ട്. സിനിമാ നിർമാതാവും സംവിധായകനും തിരക്കഥാകൃത്തുമായിരുന്ന പരേതനായ മണിസ്വാമിയാണ് ഭർത്താവ്. മകൾ ബിന്ദു. മരുമകൻ വെങ്കട്ടറാം (യുഎസിലെ യൂണിവേഴ്സിറ്റി ഓഫ് മിഷിഗനിൽ പ്രഫസർ). പത്തനംതിട്ടയിലെ കവിയൂരിൽ ടി.പി ദാമോദരന്റെയും ഗൗരിയമ്മയുടെയും മകളായി 1944 ജനുവരി 6 നാണ് പൊന്നമ്മ ജനിച്ചത്. അന്തരിച്ച നടി കവിയൂർ രേണുക അടക്കം ഇളയ ആറു സഹോദരങ്ങൾ കൂടിയുണ്ട്. പൊന്നമ്മയ്ക്ക് ഒരു വയസ്സുള്ളപ്പോൾ കവിയൂരിൽനിന്ന് കോട്ടയത്തെ പൊൻകുന്നത്തേക്കു താമസം മാറി. അച്ഛനിൽനിന്നു പകർന്നുകിട്ടിയ സംഗീതതാൽപര്യത്താൽ കുട്ടിക്കാലം തൊട്ടു സംഗീതം പഠിച്ചിരുന്നു. എം.എസ്.സുബ്ബലക്ഷ്മിയെപ്പോലെ വലിയ പാട്ടുകാരിയാകണമെന്നായിരുന്നു ആഗ്രഹം.
പന്ത്രണ്ടു വയസ്സുള്ളപ്പോൾ, സംഗീതസംവിധായകൻ ജി.ദേവരാജൻ നാടകത്തിൽ പാടാനായി പൊന്നമ്മയെ ക്ഷണിച്ചു. തോപ്പിൽ ഭാസിയുടെ ‘മൂലധന’ത്തിലാണ് ആദ്യമായി പാടിയത്. പിന്നീട് അതേ നാടകത്തിൽ നായികയെ കിട്ടാതെ വന്നപ്പോൾ ഭാസിയുടെ നിർബന്ധത്താൽ നായികയാകേണ്ടിവന്നു. പിന്നെ കെപിഎസിയിലെ പ്രധാന നടിയായി മാറിയ പൊന്നമ്മ പ്രതിഭാ ആർട്സ്ക്ളബ്, കാളിദാസ കലാകേന്ദ്രം തുടങ്ങിയ നാടകസമിതികളിലും പ്രവർത്തിച്ചു. പുതിയ ആകാശം പുതിയ ഭൂമി, ഡോക്ടർ, അൾത്താര, ജനനി ജന്മഭൂമി തുടങ്ങിയ നാടകങ്ങളിലെ പ്രകടനം ശ്രദ്ധിക്കപ്പെട്ടു. പതിനാലാം വയസ്സിൽ, കാളിദാസ കലാകേന്ദ്രത്തിലെ നൃത്ത അധ്യാപകൻ തങ്കപ്പൻ മാസ്റ്ററുടെ നിർബന്ധത്തിലാണ് ആദ്യമായി സിനിമയിലഭിനയിച്ചത്. മെറിലാൻഡിന്റെ ‘ശ്രീരാമപട്ടാഭിഷേക’ത്തിൽ മണ്ഡോദരിയുടെ വേഷമായിരുന്നു. കുടുംബിനി എന്ന ചിത്രത്തിലാണ് ആദ്യമായി അമ്മവഷത്തിൽ അഭിനിയിച്ചത്. തൊമ്മന്റെ മക്കൾ എന്ന ചിത്രത്തിൽ സത്യൻ, മധു എന്നിവരുടെ അമ്മവേഷമായിരുന്നു. പിന്നീട് നെഗറ്റീവ് വേഷങ്ങളടക്കം ആയിരത്തോളം സിനിമകളിൽ അഭിനയിച്ചു. പി.എൻ.മേനോൻ, വിൻസെന്റ്, എം.ടി.വാസുദേവൻ നായർ, രാമു കാര്യാട്ട്, കെ.എസ്.സേതുമാധവൻ, അടൂർ ഗോപാലകൃഷ്ണൻ, ജോൺ എബ്രഹാം, പത്മരാജൻ, മോഹൻ തുടങ്ങി മലയാളത്തിലെ പ്രമുഖ സംവിധായകരിൽ മിക്കവരുടെയും സിനിമകളിൽ അഭിനയിച്ചു. അസുരവിത്ത്, വെളുത്ത കത്രീന, ക്രോസ് ബെൽറ്റ്, കരകാണാക്കടൽ, തീർഥയാത്ര, നിർമാല്യം, നെല്ല്, അവളുടെ രാവുകൾ, കൊടിയേറ്റം, ഓപ്പോൾ, കരിമ്പന, തിങ്കളാഴ്ച നല്ല ദിവസം, ത്രിവേണി, നിഴലാട്ടം, തനിയാവർത്തനം, നഖക്ഷതങ്ങൾ, ഹിസ് ഹൈനസ് അബ്ദുള്ള, കിരീടം, ചെങ്കോൽ, ഭരതം സന്താനഗോപാലം, സുകൃതം തുടങ്ങിയവയാണ് ശ്രദ്ധേയ ചിത്രങ്ങൾ. എട്ടോളം സിനിമകളിൽ പാടിയിട്ടുണ്ട്. ഇരുപത്തഞ്ചിലേറെ ടെലിവിഷൻ പരമ്പരകളിലും വേഷമിട്ടു.
ചലച്ചിത്ര രംഗത്തെ ഏറ്റവും നല്ല സഹ നടിക്കുള്ള പുരസ്‌കാരങ്ങള്‍ 1971,1972,1973,1994 എന്നീ വര്‍ഷങ്ങളില്‍ നാല് തവണ ലഭിച്ചു. ഭരത് മുരളി പുരസ്‌കാരം, പി.കെ റോസി പുരസ്‌കാരം, കാലരത്‌നം പുരസ്‌കാരം, കേരള സംസ്ഥാന ചലച്ചിത്ര വകുപ്പിന്റെ പ്രത്യേക പുരസ്‌കാരം തുടങ്ങി ഒട്ടേറെ അംഗീകാരങ്ങള്‍ തേടിയെത്തി.
കോടഞ്ചേരിയിലെ വാർത്തകളും വിവരങ്ങളും ഏറ്റവും ആദ്യം നിങ്ങളിലേക്ക് എത്തുവാൻ കോടഞ്ചേരി ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാവൂ.: https://chat.whatsapp.com/LqiYwC4YhDeAY8nGSIou6X