മലബാർ റിവർ ഫെസ്റ്റിവൽ സാഹസികത നിറഞ്ഞ് തേവർമലയിലെ ഓഫ് റോഡ് ഫൺഡ്രൈവ്
കോടഞ്ചേരി : കോടഞ്ചേരി ഹൈ സ്കൂൾ ഗ്രൗണ്ടിൽ നിറഞ്ഞ മുപ്പതിൽ അധികം ഓഫ് റോഡ് വാഹനങ്ങൾ പഞ്ചായത്തിലെ ഏറ്റവും ഉയരം കൂടിയ തേവർമല ലക്ഷ്യം വച്ച് കല്ലും മണ്ണും നിറഞ്ഞ പാതയിലൂടെ കുന്നു കയറി. ആവേശം നിറഞ്ഞ സഹസികയാത്ര കാണാൻ ഒത്തുകൂടിയ നാട്ടുകാരുടെ പങ്കാളിത്തവും ഫൺഡ്രൈവിനെ ജനകീയമാക്കി.സംസ്ഥാന ടൂറിസം വകുപ്പും കേരള അഡ്വഞ്ചർ ടൂറിസം പ്രമോഷൻ സൊസൈറ്റിയും ഡിടിപിസിയും സംയുക്തമായി സംഘടിപ്പിക്കുന്ന 11-ാം മലബാർ റിവർ ഫെസ്റ്റിവൽ രാജ്യാന്തര വൈറ്റ് വാട്ടർ കയാക്കിങ് ചാംപ്യൻഷിപ്പിന്റെ മുന്നോടിയായാണ് കോടഞ്ചേരി പഞ്ചായത്തിലെ തേവർ മലയിലേക്ക് ഓഫ് റോഡ് ഫൺഡ്രൈവ് സംഘടിപ്പിച്ചത്.

കോടഞ്ചേരി ഗ്രാമ പഞ്ചായത്തും, കെഎൽ 11 ഓഫ്റോഡേഴ്സും, മൗണ്ട് ഡി കോടഞ്ചേരിയും ചേർന്നാണ് പരിപാടി സംഘടിപ്പിച്ചത്.കോടഞ്ചേരി പഞ്ചയത്തിലെ രണ്ടാമത്തെ പ്രീ ഇവന്റ് ആയിരുന്നു ഫൺഡ്രൈവ്. തുഷാരഗിരിയിലെ വനിതാ മഴ നടത്തത്തോടെയാണ് പഞ്ചായത്തിലെ പ്രീ ഇവെന്റുകൾക്ക് തുടക്കമായത്.

പരിപാടിയുടെ ഫ്ലാഗ്ഓഫ് പഞ്ചായത്ത് പ്രസിഡന്റ് അലക്സ് തോമസ് ചെമ്പകശ്ശേരി നിർവഹിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പർ ബോസ് ജേക്കബ് അധ്യക്ഷത വഹിച്ചു.തിരുവമ്പാടി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു ജോൺസൺ മുഖ്യാതിഥി ആയിരുന്നു.വാർഡ് മെമ്പർമാരായ ചാൾസ് തയ്യിൽ, ചിന്ന അശോകൻ എംആർഎഫ് കോഓഡിനേറ്റർ പോൾസൺ അറക്കൽ, ജോബിറ്റ്, ഹാരുൺ ഹുസൈൻ തുടങ്ങിയവർ സംസാരിച്ചു.