ലിബറല്‍ പാര്‍ട്ടി നേതാവിന് വിജയം; കോടഞ്ചേരി സ്വദേശിയെ പാര്‍ലമന്റില്‍ ആദരിച്ച് ലിയന്‍ റിബല്ലോ
ക്യാന്‍ബറ: ഓസ്ട്രേലിയന്‍ പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ തന്റെ വിജയത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെ പാര്‍ലമന്റില്‍ വെച്ച് ലിബറല്‍ പാര്‍ട്ടി നേതാവും ട്വീഡ് ഹെഡ് എം.പി.യുമായ ലിയന്‍ റിബല്ലോ ആദരിച്ചപ്പോള്‍ ശ്രദ്ധേയനായത് ഗോള്‍ഡ് കോസ്റ്റില്‍ നിന്നുള്ള കോടഞ്ചേരി, മൈക്കാവ് സ്വദേശിയായ മലയാളി ജോണ്സന് ജോസഫ്.

ഓസ്ട്രേലിയന്‍ പ്രതിപക്ഷനേതാവ് സൂസന് ലേ ഉള്‍പ്പടെ ദേശീയ നേതാക്കള്‍ ജോണ്‍സനെ പ്രശംസിച്ചു. ഓസ്ട്രേലിയന്‍ പാര്‍ലമെന്റ് ഹൗസില്‍ സംഘടിപ്പിച്ച പാര്‍ലിമെന്ററി ഡിന്നറില്‍ പ്രതിപക്ഷ നേതാവ് സുസന്‍ ലേയ് എം.പി. ഉള്‍പ്പെടെ ലിബറല്‍ പാര്‍ട്ടിയിലെ പ്രമുഖ നേതാക്കള്‍ ജോണ്‍സന്റെ സേവനം അഭിനന്ദിക്കുകയും അദ്ദേഹത്തെ ”മള്‍ട്ടികള്‍ച്ചറല്‍ ഐക്യത്തിന്റെ പ്രതീകം” എന്ന നിലയില്‍ വിശേഷിപ്പിക്കുകയും ചെയ്തു.
കോഴിക്കോട് ജില്ലയിലെ മൈക്കാവില്‍ ഒരു കര്‍ഷക കുടുംബമായ ഇലഞ്ഞനാക്കുഴിയിൽ ജനിച്ച ജോണ്സന് മഹാത്മാഗാന്ധി യൂണിവേഴ്സിറ്റിയില്‍ യൂണിയന് ചെയര്‍മാനായും കൗണ്‍സിലറായും സേവനം അനുഷ്ഠിച്ചു. ഗള്‍ഫ് രാജ്യങ്ങളിലും അയര്‍ലന്‍ഡിലും ജോലി ചെയ്ത ശേഷം 2011-ല്‍ ഓസ്ട്രേലിയയിലെ ഗോള്‍ഡ് കോസ്റ്റില്‍ സ്ഥിരതാമസക്കാരനാണ്. നഴ്സിംഗ് പ്രൊഫഷണലായ ജോണ്സന് സാമൂഹ്യസേവനത്തില്‍ സജീവമാണ്. പാര്‍ലമെന്റില്‍ നിന്നുള്ള അംഗീകാരം തന്റെ വ്യക്തിജീവിതത്തിലെ വലിയ നേട്ടമാണന്നും എം.പി. ലിയന്‍ റിബെല്ലോയുടെ മൈഡന്‍ സ്പീച്ച് തന്നെ വ്യക്തിപരമായി സ്പര്‍ശിച്ചുവെന്നും ജോണ്സന് ജോണ്‍ പ്രതികരിച്ചു.
അച്ഛന് ഉലഹന്നാന് ഇലഞ്ഞനാക്കുഴി, അമ്മ സൂസന്. ഭാര്യ ഷീജ. മക്കള്‍ ലിയോണല്‍, ലെവെന്റ്, ലിന്‍ഡല്‍.
