ആംഗ്ലിയ റസ്‌കിൻ സർവകലാശാലയിൽ കോഴ്‌സ് ഡയറക്ടറായി ബേബി അബ്രഹാം

ലണ്ടൻ / കോടഞ്ചേരി: ഇംഗ്ലണ്ടിലെ പ്രശസ്തമായ ആംഗ്ലിയ റസ്‌കിൻ സർവകലാശാലയിൽ MSc ഇന്റർനാഷണൽ മാർക്കറ്റിങ് കോഴ്‌സ് ഡയറക്ടറായി കോടഞ്ചേരി സ്വദേശി ബേബി അബ്രഹാം ചുമതലയേറ്റു. 

അധ്യാപന-അക്കാദമിക രംഗത്തെ വർഷങ്ങളായുള്ള സേവനത്തിനും മികവിനും ലഭിച്ച ഈ അംഗീകാരം കോടഞ്ചേരിക്കാർക്കും പ്രവാസി സമൂഹത്തിനും അഭിമാനമായി.

കോടഞ്ചേരി ഞള്ളിമാക്കൽ പരേതരായ അബ്രഹാം സാറിന്റെയും ബ്രിജിറ്റ് ടീച്ചറിന്റെയും രണ്ടാമത്തെ മകനാണ് ബേബി. പൊതുരംഗത്തെ നിറസാന്നിധ്യമായിരുന്ന അബ്രഹാം സാറിന് അദ്ധ്യാപകർക്കുള്ള സംസ്ഥാന, ദേശീയ അവാർഡുകൾ ലഭിച്ചിട്ടുണ്ട്.

കോടഞ്ചേരി സെൻ്റ് ജോസഫ്സ്  ഹൈസ്‌കൂളിൽനിന്നും  സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയ അദ്ദേഹം കൂത്തുപറമ്പ് നിർമലഗിരി കോളേജിലും കോഴിക്കോട് ജെ.ഡി.ടി. ഇസ്‌ലാം പോളിടെക്‌നിക്കിലുമായി തുടർപഠനം നടത്തി. തുടർന്ന് പോണ്ടിചേരി സെൻട്രൽ യൂണിവേഴ്സിറ്റിയിൽ നിന്ന് ബി.ടെക്കും വെല്ലൂർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിൽനിന്ന് എം.ടെക്കും നേടി. സ്കോട്‌ലൻഡിലെ എഡിൻബറ നാപ്പിയർ സർവകലാശാലയിൽനിന്നാണ് എം.ബി.എ പൂർത്തിയാക്കിയത്.

ഇംഗ്ലണ്ടിൽ ഔദ്യോഗികജീവിതം ആരംഭിച്ച ബേബി പിന്നീട് കേരളത്തിലെ വിവിധ കോളേജുകളിൽ സേവനമനുഷ്ഠിച്ചു. ഇംഗ്ലണ്ടിലേക്ക് വീണ്ടും കുടിയേറുന്നതിനു മുമ്പ് കോഴിക്കോട് ഫാറൂഖ് കോളേജിൽ(FIMS) അധ്യാപകനായിരുന്നു.

2021-ൽ ആംഗ്ലിയ റസ്‌കിൻ സർവകലാശാലയിൽ അധ്യാപകനായി ചേർന്ന അദ്ദേഹം അക്കാദമിക മികവും അധ്യാപനരംഗത്തെ അനുഭവസമ്പത്തും കൈമുതലാക്കി പടിപടിയായി ഉയർന്നാണ് ഇപ്പോൾ കോഴ്‌സ് ഡയറക്ടർ പദവിയിലെത്തിയത്. കൊടഞ്ചേരിയിലെ സാധാരണ മലയാളം മീഡിയം വിദ്യാലയത്തിൽനിന്ന് പഠനം ആരംഭിച്ച് പ്രശസ്തമായ ബ്രിട്ടീഷ് സർവകലാശാലയിലെ ഉത്തരവാദിത്വമുള്ള ഡയറക്ടർ പദവിയിലെത്തിയ അദ്ദേഹത്തിന്റെ നേട്ടം പുതുതലമുറയ്ക്കും പ്രചോദനമാണ്.

കോടഞ്ചേരി കോതമ്പനാനി കുടുംബാംഗമായ അൽക്ക പീറ്ററാണ് ഭാര്യ. നോറ, നോവ എന്നിവർ മക്കളാണ്. സഹോദരൻ ജോയ് അബ്രഹാമും കുടുംബവും ഇംഗ്ലണ്ടിൽ ജോലി ചെയ്യുന്നു.

https://london.aru.ac.uk/courses/international-marketing?_gl=1*175ta6p*_up*MQ..*_ga*MjY4MDc5NTg2LjE3ODg1MTk1OTE.*_ga_CZ4V9FWXF1*czE3ODg1MTk1OTAkbzEkZzAkdDE3ODg1MTk1OTAkajYwJGwwJGgxNDg5OTQ0MzM4

Sorry!! It's our own content. Kodancherry News©