സ്വന്തം കാറിൽ ഭാരത പര്യടനം; കൂരാച്ചുണ്ടിലെ സീനിയർ സിറ്റിസൺസിന് ബെംഗളൂരുവിൽ സ്വീകരണം നൽകി
ബെംഗളൂരു: “Age is just a number” — പ്രായം വെറും അക്കമാണെന്ന് തെളിയിച്ച് സ്വന്തം കാറിൽ ഭാരത പര്യടനത്തിനിറങ്ങിയ കൂരാച്ചുണ്ടിലെ നാല് സീനിയർ സിറ്റിസൺസിന് ബെംഗളൂരുവിൽ സ്നേഹോഷ്മളമായ സ്വീകരണം നൽകി.
കെഎൽ ഇലവൻ ഓഫ്‌റോഡേഴ്സ് അസോസിയേഷന്റെയും, കോടഞ്ചേരി ന്യൂസിന്റെയും നേതൃത്വത്തിലാണ് ബെംഗളൂരുവിൽ സ്വീകരണം ഒരുക്കിയത്.അസ്സോസിയേഷൻ ഭാരവാഹികൾ ആയ മിഥുൻ പീറ്റർ, ജിയോ മെൽവിൻ, ഹിരണ്ടഹള്ളി മലയാളി കൂട്ടായ്മയിലെ അംഗങ്ങളായ സ്വപ്ന ജിന്റോ, സിന്റ വിൻസന്റ്, പ്രിയ വി ഡി, ലിന്റോ, പ്രിൻസി, സാന്ദ്ര, സ്റ്റാലിൻ, ജോർജ്, ടിജോ, ജെസ്വിൻ എന്നിവർ പങ്കെടുത്തു.

സീനിയർ സിറ്റിസൺസിന്റെ അവകാശങ്ങൾ സംരക്ഷിക്കുകയെന്ന ലക്ഷ്യത്തോടെ ഭാരത പര്യടനം നടത്തുന്ന സംഘത്തിൽ പന്തപ്ലാക്കൽ ജോസ് (71), ഭാര്യ സെലിൻ (67), തറപ്പേൽ ഓസ്റ്റിൻ (65), ഭാര്യ ലിസി (62) എന്നിവരാണ് യാത്രയിലെ അംഗങ്ങൾ.

കൂരാച്ചുണ്ട് സെന്റ് തോമസ് ഹൈസ്കൂൾ കവാടത്തിൽ നിന്ന് ഇന്നലെ ആരംഭിച്ച യാത്ര പഞ്ചായത്ത് പ്രസിഡന്റ് സിനി ജിനോ ഫ്ലാഗ് ഓഫ് ചെയ്തിരുന്നു. കെ.എസ്.എസ്.പി.യു. ബാലുശ്ശേരി ബ്ലോക്ക് പ്രസിഡന്റ് രാജൻ ഉറുമ്പിൽ അധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർമാരായ സണ്ണി ജോസഫ് കാനാട്ട്, എൻ.കെ. കുഞ്ഞമ്മദ്, മുൻ പഞ്ചായത്ത് പ്രസിഡന്റ് പോളി കാരക്കട, ഒ. ഗോപിനാഥൻ, ലിസി ജോസഫ്, തോമസുകുട്ടി ചെരിയംപുറത്ത് എന്നിവർ ചടങ്ങിൽ സംസാരിച്ചു.

ഇന്ത്യയിലെ 28 സംസ്ഥാനങ്ങളിലൂടെ സഞ്ചരിച്ച് 60 ദിവസങ്ങൾക്ക് ശേഷം നാട്ടിൽ തിരിച്ചെത്തുകയാണ് സംഘത്തിന്റെ ലക്ഷ്യം. പന്തപ്ലാക്കൽ ജോസ് ദീർഘകാലം ഗൾഫിൽ ജോലി ചെയ്തിരുന്നു. ഓസ്റ്റിനും ലിസിയും അധ്യാപകവൃത്തിയിൽനിന്ന് വിരമിച്ചവരാണ്. ജോസും ഭാര്യ സെലിനും ഇതിനുമുമ്പ് ഒരുതവണ ഭാരത പര്യടനം നടത്തിയിട്ടുണ്ട്.
പ്രായം യാത്രയ്ക്കും പുതിയ അനുഭവങ്ങൾക്കും തടസ്സമല്ലെന്ന സന്ദേശം പകരുന്ന നാലംഗ സംഘത്തിന് ബെംഗളൂരുവിൽ ലഭിച്ച സ്വീകരണം യാത്രയുടെ ഓർമ്മകളിൽ വേറിട്ടൊരു അധ്യായമായി.
