മിൽമ ആശ്രയ നീതി മെഡിക്കൽ സ്റ്റോർ ഉദ്ഘാടനം ചെയ്തു
കോടഞ്ചേരി: 1959 ൽ രജിസ്റ്റർ ചെയ്ത് 1960 ൽ പ്രവർത്തനമാരംഭിച്ച കോടഞ്ചേരി ക്ഷീരോൽപാദക സഹകരണ സംഘം കർഷർക്ക് ആവശ്യമായ ക്ഷേമ പ്രവർത്തനങ്ങൾ ഏറ്റെടുത്തു നാടത്തുന്നതിൽ എപ്പോഴും മുൻപന്തിയിലാണ്. മിൽമ മലബാർ മേഖല യൂണിയൻ നടപ്പിലാക്കുന്ന വിവിധ കർഷക ക്ഷേമ പദ്ധതികൾ സംഘം സമയബന്ധിതമായി ഏറ്റെടുത്ത് നടപ്പിലാക്കി വരുന്നുണ്ട്.
ചികിത്സാരംഗത്ത് വളരെയേറെ പ്രയാസമനുഭവിക്കുന്ന സാഹചര്യത്തിൽ ചികിത്സാ ചെലവ് കുറയ്ക്കുന്നതിന് മിതമായ നിരക്കിൽ മരുന്നുകൾ ലഭ്യമാക്കുക എന്ന ഉദ്ദേശത്തോടെ മലബാർ മേഖല യൂണിയൻ ആവിഷ്കരിച്ച പുതിയ പദ്ധതിയാണ് മിൽമ ആശ്രയ നീതി മെഡിക്കൽ സ്റ്റോറുകൾ, മലബാർ മിൽമയുടെ 2024- 25 സാമ്പത്തിക വർഷത്തെ വാർഷിക പദ്ധതിയായ” കരുതലും ക്ഷേമവും” എന്ന പ്രമേയത്തെ ആസ്പദമാക്കി മേഖല യൂണിയൻറെ സാമ്പത്തിക സഹായത്തോടെ കോടഞ്ചേരി ക്ഷീരോൽപാദക സഹകരണ സംഘത്തിന് പുലിക്കയത്ത് അനുവദിച്ച മിൽമ ആശ്രയ നീതി മെഡിക്കൽ സ്റ്റോറിൻറെ ഔപചാരികമായ ഉദ്ഘാടനം കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ.എം അഷറഫിന്റെ അധ്യക്ഷതയിൽ മിൽമ ചെയർമാൻ കെ.എസ് മണി നിർവഹിച്ചു.
യോഗത്തിന് സംഘം പ്രസിഡന്റ് സേവ്യയർ കിഴക്കേകുന്നേൽ സ്വാഗതം ആശംസിച്ചു. മിൽമ വിദ്യാഭ്യാസ സ്കോളർഷിപ്പിന്റെ വിതരണം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അലക്സ് തോമസ് ചെമ്പകശ്ശേരി നിർവഹിച്ചു. മരുന്നുകളുടെ ആദ്യ വില്പന ക്ഷീര വികസന വകുപ്പ് അസിസ്റ്റന്റ് ഡയറക്ടർ ജിജ കെ.എം നിർവഹിച്ചു. ഇൻഷുറൻസ് സഹായവിതരണം മിൽമ ഡയറക്ടർ പി. ശ്രീനിവാസൻ നിർവഹിച്ചു. ഫാം സപ്പോർട്ട് ധനസഹായ വിതരണം എം ആർ സി എം പി യു ഡയറക്ടർ പിടി ഗിരീഷ് കുമാർനിർവഹിച്ചു. ക്ഷീര വികസന ഓഫീസർ റെജിമോൾ ജോർജ്, ഡി ഒ എച്ച് പി പ്രദീപൻ പി. പി, സൂപ്പർവൈസർ ബിബിൻരാജ്, നെല്ലിപ്പൊയിൽ ക്ഷീരസംഘം പ്രസിഡന്റ് വിൻസന്റ് വടക്കേമുറിയിൽ, മൈക്കാവ് ക്ഷീര സംഘം പ്രസിഡന്റ് തോമസ് ജോൺ എന്നിവർ പ്രസംഗിച്ചു.
യോഗത്തിന് സെക്രട്ടറി ജിനു തോമസ് നന്ദി അറിയിച്ചു. കോടഞ്ചേരി ഗവൺമെന്റ് കോളേജിൽ നിന്നും ബിരുദ പരീക്ഷയിൽ ഒന്നാം റാങ്ക് കരസ്ഥമാക്കിയ അലൻസ ജോജോയിക്ക് മലബാർ മേഖല യൂണിയൻ നൽകുന്ന 10000 രൂപയുടെ സ്കോളർഷിപ്പ് നൽകി ആദരിച്ചു.