ഹൈവേ ശൃംഖല ശക്തിപ്പെടുത്താൻ 74 തുരങ്കപാതകൾ നിർമിക്കുമെന്ന് കേന്ദ്രം; ചെലവ് ഒരുലക്ഷം കോടി

ന്യൂഡൽഹി: രാജ്യത്ത് 74 പുതിയ തുരങ്കപാതകൾ നിർമിക്കാനുള്ള വൻ പദ്ധതി പ്രഖ്യാപിച്ച് കേന്ദ്ര ഗതാഗത മന്ത്രാലയം. ഹൈവേ ശൃംഖല ശക്തിപ്പെടുത്താൻ ലക്ഷ്യമിട്ടുകൊണ്ടുള്ള സ്വ‌പ്ന പദ്ധതിക്ക് ഏകദേശം ഒരു ലക്ഷം കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത് എന്ന് കേന്ദ്ര ഗതാഗതമന്ത്രി നിതിൻ ഗഡ്‌കരി അറിയിച്ചു. 273 കിലോമീറ്ററാവും തുരങ്കപാതകളുടെ മൊത്തം ദൈർഘ്യം. ഏതാനും വർഷങ്ങൾക്കുള്ളിൽ പദ്ധതി നടപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു. ഫെഡറേഷൻ ഓഫ് ഇന്ത്യൻ ചേംബർ ഓഫ് കൊമേഴ്സ് ആൻ്റ് ഇൻഡസ്ട്രി സംഘടിപ്പിച്ച ടണലിങ് ഇന്ത്യ കോൺഫറൻസിന്റെ രണ്ടാം പതിപ്പിലാണ് മന്ത്രിയുടെ പ്രഖ്യാപനം.

രാജ്യത്തെ തുരങ്കപാതകളുടെ നിർമാണ പുരോഗതിയെ കുറിച്ചും ഗഡ്‌കരി വിശദീകരിച്ചു. 15000 കോടി ചിലവിൽ മൊത്തം 49 കിലോമീറ്റർ ദൈർഘ്യത്തിൽ 35 തുരങ്കങ്ങൾ ഇതിനകം നിർമാണം പൂർത്തീകരിച്ചു. 134 കിലോമീറ്റർ ദൂരത്തിൽ 69 തുരങ്കങ്ങളുടെ നിർമാണം നടന്നുകൊണ്ടിരിക്കുകയാണ്. 40000 കോടി രൂപയാണ് ഇതിന്റെ ചെലവ്’, അദ്ദേഹം പറഞ്ഞു.നിർമാണം സമയബന്ധിതമായി പൂർത്തിയാക്കുന്നതിനും ഗുണനിലവാര മാനദണ്ഡങ്ങൾ പാലിക്കുന്നതിനും പെർഫോമൻസ് ഓഡിറ്റിങ് നടത്തേണ്ടതിൻ്റെ പ്രധാന്യത്തെ കുറിച്ചും ഗഡ്കരി ഊന്നിപ്പറഞ്ഞു. ഫിനാൻഷ്യൽ ഓഡിറ്റിങിനേക്കാളും പ്രധാന്യം പെർഫോമൻസ് ഓഡിറ്റിങിനുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

ഇന്ത്യയുടെ വൈവിധ്യമാർന്ന ഭൂപ്രദേശങ്ങൾ ഉയർത്തുന്ന വെല്ലുവിളികളെ മറികടക്കാൻ സാങ്കേതിക നവീകരണത്തിൻ്റെയും ചെലവ് കുറഞ്ഞ പരിഹാര മാർഗങ്ങളുടെ ആവശ്യകതയെ കുറിച്ചും അദ്ദേഹം വിശദീകരിച്ചു. ഗുണമേന്മയിൽ വിട്ടുവീഴ്‌ച ചെയ്യാതെ ചെലവ് കുഞ്ഞ ഏറ്റവും മികച്ച സാങ്കേതികവിദ്യ കണ്ടെത്തേണ്ടതിന്റെ പ്രധാന്യവും മന്ത്രി വ്യക്തമാക്കി.മണ്ണിടിച്ചിൽപോലുള്ള സ്ഥിരമായ പ്രശ്‌നങ്ങൾ പരിഹരിക്കേണ്ടതിന് ന്യൂതമായ പരിഹാരമാർഗങ്ങൾ ഉപയോഗിക്കാൻ അദ്ദേഹം ആഹ്വാനം ചെയ്തു. അതേസമയം രാജ്യത്ത് റോഡുകളും ഹൈവേകളും തുരങ്കങ്ങളും നിർമിക്കുമ്പോൾ ഡിപിആർ തയ്യാറാക്കുന്നതിലെ നിലവാരമില്ലായ്മ്‌മയിൽ ഗഡ്‌കരി ആശങ്ക പ്രകടിപ്പിച്ചു.

Sorry!! It's our own content. Kodancherry News©